ഡീഗോ സിമിയോണിയോ പെപ് ഗ്വാര്‍ഡിയോളയോ? മാഡ്രിഡിൽ ആര് ജയിക്കും

മഡ്രിഡ്: ബാഴ്സലോണയുടെ ചാമ്പ്യന്‍ കുതിപ്പിന് അന്ത്യം കുറിച്ച ഡീഗോ സിമിയോണിയുടെ ബുദ്ധിയോ, അതോ തൊട്ടതെല്ലാം പൊന്നാക്കിയ പെപ് ഗ്വാര്‍ഡിയോളയോ? മഡ്രിഡിലെ ഫുട്ബാള്‍ രാവില്‍ യൂറോപ്പിലെ തന്ത്രശാലികളായ രണ്ടു പരിശീലകര്‍ മുഖാമുഖമത്തെുമ്പോള്‍ ആരുടെ പക്ഷത്താവും വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയിലെ ആദ്യ പാദത്തില്‍ അത്ലറ്റികോ മഡ്രിഡും ബയേണ്‍ മ്യൂണിക്കും മാറ്റുരക്കുന്ന ക്ളാസിക് പോരാട്ടത്തില്‍ ഗ്രൗണ്ടിലിറങ്ങുന്നത് രണ്ടു പരിശീലകര്‍ മാത്രമല്ല, കളിക്കാരായും മുമ്പ് കൊമ്പുകോര്‍ത്ത രണ്ടു പേര്‍. അര്‍ജന്‍റീനക്കാരനായ സിമിയോണി അത്ലറ്റികോയിലും സെവിയ്യയിലും കളിച്ച കാലത്താണ് സ്പാനിഷുകാരനായ ഗ്വാര്‍ഡിയോള ബാഴ്സക്കായി തകര്‍ത്തു കളിച്ചത്. അന്ന് തുടങ്ങിയ വൈരം ഇന്ന് പരിശീലകക്കുപ്പായത്തില്‍ പകര്‍ന്നാടുന്നുവെന്ന് മാത്രം. പരിശീലകരായി ഒരു തവണ മാത്രം മുഖാമുഖം നിന്നപ്പോള്‍ അന്ന് ഗ്വാര്‍ഡിയോളക്കായിരുന്നു ജയം. 

പ്രതിരോധം x മുന്നേറ്റം
മഡ്രിഡിലെ വിസെന്‍റ് കാള്‍ഡെറോണില്‍ നടക്കുന്ന ആദ്യപാദ പരീക്ഷണത്തില്‍ ബാഴ്സയെ മെരുക്കിയ പ്രതിരോധമാവും ആതിഥേയരായ അത്ലറ്റികോയുടെ കരുത്ത്. എന്നാല്‍, എതിര്‍ കോട്ടകള്‍ തരിപ്പണമാക്കുന്ന ആക്രമണശൈലിയുമായി പന്തുതട്ടുന്ന ബയേണ്‍ മ്യൂണിക്കിനെ മഡ്രിഡുകാര്‍ എങ്ങനെ പിടിച്ചുകെട്ടുമെന്നത് കാത്തിരുന്നുകാണാം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണക്കെതിരെ 3-2നായിരുന്നു അത്ലറ്റികോയുടെ ജയം. ആദ്യ പാദത്തില്‍ 2-1ന് പരാജയപ്പെട്ടിട്ടും മഡ്രിഡിലെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോള്‍ അടിച്ചുകയറ്റിയാണ് സിമിയോണിയുടെ പട സെമിയിലേക്ക് ജൈത്രയാത്ര നടത്തിയത്. 

മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാവട്ടെ, താരതമ്യേന ദുര്‍ബലരായ എതിരാളി ബെന്‍ഫികയെ 3-2ന് തോല്‍പിച്ചാണ് തുടര്‍ച്ചയായി അഞ്ചാം വട്ടവും സെമിയിലത്തെിയത്. ലയണല്‍ മെസ്സിയെയും ഇനിയേസ്റ്റയെയും പൂട്ടിയിട്ട പ്രതിരോധമികവാണ് അത്ലറ്റികോ മഡ്രിഡിന്‍െറ കരുത്ത്. സീസണിലുടനീളം മൂക്കുകയറില്ലാതെ കുതിച്ച എം.എസ്.എന്‍ കൂട്ടിനെ തളച്ചിട്ട സിമിയോണിയുടെ ബുദ്ധിയില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്കി, അര്‍തുറോ വിദാല്‍, തോമസ് മ്യൂളര്‍ എന്നീ വിനാശകാരികള്‍ക്ക് അത്ലറ്റികോ ഒരുക്കിയ ചിലന്തിവലയെക്കുറിച്ചാണ് യൂറോപ്യന്‍ ഫുട്ബാളിലെ ചര്‍ച്ച. ഏത് പ്രതിരോധത്തെയും കീറിമുറിക്കാന്‍ കെല്‍പുള്ള വിനാശകാരികളാണ് ബയേണിന്‍െറ മുന്നേറ്റം. ഡീഗോ ഗോഡിന്‍, ഫിലിപ് ലൂയിസ്, കൊകെ എന്നിവര്‍ തലയെടുപ്പോടെ അത്ലറ്റികോക്കായി അണിനിരക്കുമ്പോള്‍ ലോക ഫുട്ബാള്‍ അടുത്തിടെ കണ്ട മികച്ച സമവാക്യങ്ങളുടെ ബലപരീക്ഷണവുമാവും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.