ഗോള്‍ ബ്ലാസ്റ്റ്‌

കൊച്ചി: മഞ്ഞയണിഞ്ഞ മലയാളത്തിനു മനം നിറഞ്ഞു. ഹ്യൂമില്ളെങ്കില്‍ ഹൊസുവുണ്ടെന്ന അഭിമാനത്തോടെ കേരള ബ്ളാസ്റ്റേഴ്സിന്‍െറ രണ്ടാം ഐ.എസ്.എല്‍ സീസണിന് പ്രൗഢോജ്ജ്വല തുടക്കം. സിമന്‍റ് പടവുകളില്‍ ആര്‍ത്തലച്ച 60,000 പേര്‍ക്ക് ആഘോഷമായി മൂന്നുവട്ടം വെടിമുഴക്കിയ കേരള ബ്ളാസ്റ്റേഴ്സ് കന്നി മത്സരത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ മുക്കിയത് 3^1ന്. ആദ്യ സീസണിലെ ടീമിനെ ഉടച്ചുവാര്‍ത്തശേഷം പുതുനിരയുമായി കളത്തിലിറങ്ങിയ മഞ്ഞക്കുപ്പായക്കാര്‍ക്ക്് കരുത്തു ചോര്‍ന്നില്ളെന്ന് വിളിച്ചറിയിക്കുന്നതായി ഇക്കുറിയിലെ കന്നിയങ്കം.

ഗോള്‍ ശൂന്യമായ ആദ്യപകുതിക്കുശേഷം 49ാം മിനിറ്റില്‍ സ്പാനിഷ് താരം ഹൊസു പ്രീറ്റെയുടെ മനോഹര ഗോളിലാണ് ബ്ളാസ്റ്റേഴ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 68ാം മിനിറ്റില്‍ മലയാളത്തിന്‍െറ സ്വന്തംതാരം മുഹമ്മദ് റാഫിയിലൂടെ ലീഡുയര്‍ത്തിയ ആതിഥേയര്‍ക്കുവേണ്ടി 72ാം മിനിറ്റില്‍ സാഞ്ചസ് വാട്ടും വലകുലുക്കി. 82ാം മിനിറ്റില്‍ അര്‍ജന്‍റീന താരം നികളസ് വെലെസിന്‍െറ വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസഗോള്‍. പ്ളെയിങ് ഇലവനില്‍ ഇടംപിടിച്ച മലയാളിതാരങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തതോടെ മത്സരം ആരാധകര്‍ക്ക് ഉത്സവമായി മാറുകയായിരുന്നു. ബാഴ്സലോണാ അക്കാദമിയില്‍ കളി പഠിച്ചത്തെിയ പ്രീറ്റെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിലെ കേമന്‍പട്ടം ചൂടിയത്.

മഞ്ഞയില്‍ കളിച്ചാടി രണ്ടാംവരവ്
സംഭവ ബഹുലമായ നിമിഷങ്ങളൊന്നും പിറക്കാതെപോയ ആദ്യപകുതിക്കുശേഷം കളി പുന$രാരംഭിച്ചത് സ്റ്റേഡിയം കൊതിച്ച ആവേശമുഹൂര്‍ത്തത്തിലേക്കായിരുന്നു. ഡാഗ്നലിന് പകരക്കാരനായത്തെിയ വാട്ടിന്‍െറ സാന്നിധ്യം ടീമിന് കൂടുതല്‍ ലക്ഷ്യബോധം നല്‍കി. നിരന്തരം ഡ്രിബ്ളിങ്ങിന് ശ്രമിച്ച മലയാളി താരം സി.കെ. വിനീതാണ് ഒരര്‍ഥത്തില്‍ ലീഡിലേക്ക് വഴിതുറന്നത്. വലതുവിങ്ങില്‍നിന്ന് ബേകെയുടെ നീളന്‍ ത്രോ പെറോണിന്‍െറ തലവഴി ബോക്സിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ ഹെഡറിലൂടത്തെന്നെ ക്ളിയര്‍ ചെയ്യാന്‍ എതിര്‍ ഡിഫന്‍ഡറുടെ ശ്രമം. പന്ത് ബോക്സില്‍ വീഴവേ, വിനീതിന്‍െറ സിസര്‍കട്ട് നീക്കം. ബ്ളാസ്റ്റേഴ്സിന്‍െറ ഭാഗ്യത്തിന് അതു വിജയിക്കാതെ പോയപ്പോള്‍ തൊട്ടുപിന്നില്‍ തക്കം പാര്‍ത്തുനിന്ന ഹൊസുവിന്‍െറ കണ്ണഞ്ചിപ്പിക്കുന്ന ഇടങ്കാലന്‍ ഷോട്ട്. വെടിയുണ്ട കണക്കെ വലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ ഗാലറി ഉന്മാദനൃത്തം ചവിട്ടി. തിരിച്ചുവരാന്‍ നോര്‍ത് ഈസ്റ്റ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടയിലും ആതിഥേയര്‍ ആക്രമണം കനപ്പിച്ചു. എതിരാളികളുടെ നീക്കങ്ങള്‍ കൂട്ടമായി പിന്നോട്ടിറങ്ങി ചെറുക്കുന്നതിലും മഞ്ഞക്കുപ്പായക്കാര്‍ മോശക്കാരായില്ല. പരിക്കുകാരണം ഇതിനിടെ വിനീതിന് കരക്കുകയറേണ്ടി വന്നെങ്കിലും ടീമിന്‍െറ ഉണര്‍വിനെ അതു ബാധിച്ചില്ല.  

ഗോള്‍ മലയാളം
പന്ത് കൂടുതല്‍ സമയവും ബ്ളാസ്റ്റേഴ്സ് താരങ്ങളുടെ ചൊല്‍പടിയില്‍നിന്ന സമയത്ത് ആദ്യപകുതിയിലെ പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് റാഫിയുടെ ഗോളത്തെി. വീണ്ടും ബേകെയുടെ ത്രോ ഇന്നാണ് ഗോളിന് വിത്തിട്ടത്. ഇക്കുറി റാമേജ് ഹെഡറിലൂടെ പിന്നോട്ടുതള്ളിയ പന്തിനെ തലയുടെ പിന്‍ഭാഗം കൊണ്ട് റാഫി ബുദ്ധിപൂര്‍വം വലയിലേക്ക് തള്ളിയപ്പോള്‍ ഗാലറിക്ക് വീണ്ടും അര്‍മാദം.

വാട്ട് എ പെര്‍ഫോമന്‍സ്
രണ്ടാം ഗോള്‍ നല്‍കിയ ആവേശത്തിന്‍െറ അലയൊലി മാറുംമുമ്പേ മൂന്നാം ഗോളിന്‍െറ ആരവം. ഇക്കുറി ബൈവാട്ടര്‍ നീട്ടിയടിച്ച പന്ത് ഇടതു വിങ്ങില്‍ മാര്‍ക്കുചെയ്യാനത്തെിയ എതിര്‍താരത്തെ കബളിപ്പിച്ച് റാഫി ഹെഡറിലൂടെ വാട്ടിനു ചത്തെിയിട്ടു. ഓഫ്സൈഡ് ട്രാപ് പൊട്ടിച്ച് പന്തുമായി കുതിച്ച മുന്‍ ആഴ്സനല്‍ താരം രഹനേഷിന്‍െറ കാലുകള്‍ക്കിടയിലൂടെ പന്തിനെ നിലംപറ്റെ വലയിലേക്ക് തള്ളിയപ്പോള്‍ ഗാലറിയില്‍ ഉത്സവമായി. ബോക്സിന്‍െറ ഇടതുമൂലയില്‍നിന്ന് തകര്‍പ്പന്‍ ആംഗുലര്‍ ഷോട്ടിലൂടെ വെലസ് ബ്ളാസ്റ്റേഴ്സിന്‍െറ വല കുലുക്കിയെങ്കിലും വിജയമുറപ്പിച്ച സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ കനക്കുക തന്നെയായിരുന്നു.

തുടക്കം കരുതലോടെ
ഇരു ടീമിന്‍െറയും ശക്തി ദൗര്‍ബല്യങ്ങളുടെ ആസിഡ് ടെസ്റ്റായിരുന്നു ആദ്യ 10 മിനിറ്റ്. പന്തു കൈവശംവെച്ച് കരുതലോടെ കരുനീക്കാന്‍ ശ്രമിച്ച ഈ വേളയില്‍ ബ്ളാസ്റ്റേഴ്സിനായിരുന്നു കരുത്തു കൂടുതല്‍. പെരോണും റാമേജും നയിച്ച ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് ആദ്യ സീസണിലേതുപോലെ കുറ്റിയുറപ്പുണ്ടെന്ന സൂചന മത്സരത്തിന്‍െറ ആദ്യനിമിഷങ്ങള്‍ നല്‍കി.

പാഴായ അവസരങ്ങള്‍
ആദ്യപകുതിയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ മുന്‍നിര ഫിനിഷിങ്ങില്‍ തുടരെ പാളിച്ചകാട്ടി. കുന്തമുനയാകുമെന്നു പറഞ്ഞ ഡാഗ്നല്‍ പലപ്പോഴും മൈക്കല്‍ ചോപ്രയുടെ ശരീരഭാഷയെ ഓര്‍മിപ്പിച്ചു. ഏഴാം മിനിറ്റിലായിരുന്നു കേരളനിരയുടെ ആദ്യ സുവര്‍ണാവസരം.
ഡാഗ്നലിനു നേരെയത്തെിയ ത്രൂപാസ് പിടിച്ചെടുക്കാന്‍ ബോക്സില്‍നിന്ന് രഹനേഷ് മുന്നോട്ടുകയറി. കുത്തിയകറ്റിയ പന്തു നേരെ ചെന്നുവീണത് റാഫിയുടെ മുന്നില്‍. ഒഴിഞ്ഞ വലയിലേക്ക് പ്ളേസ് ചെയ്യാനുള്ള കാസര്‍കോട്ടുകാരന്‍െറ ശ്രമം നിറഗാലറിയെ നിരാശപ്പെടുത്തി ദിശ തെറ്റിപ്പറന്നു. പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന നോര്‍ത് ഈസ്റ്റ് കുറിയ പാസുകളുമായി മധ്യനിരയില്‍ കരുത്തുകാട്ടാന്‍ തുടങ്ങി. എന്നാല്‍, പാറപോലെ ഉറച്ചുനിന്ന ആതിഥേയ കാവലാളുകള്‍ക്കു മുന്നില്‍ സെറ്റ് പീസടക്കമുള്ള ഒരു നീക്കങ്ങളും വിലപ്പോയില്ല.












 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.