എവർട്ടന്റെ ഹൃദയം തകർത്ത് വാൻ ഡൈക്; ഇഞ്ചുറി ടൈമിലെ ഗോളിൽ ഡെർബി ലിവർപൂളിന്

ലിവർപൂൾ : ചരിത്രപ്രസിദ്ധമായ മെഴ്സിഡൈസ് ഡെർബിയിൽ എവർട്ടനെ നാടകീയമായി കീഴടക്കി ലിവർപൂൾ. ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റിൽ (100') ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് നേടിയ ഗോളാണ് ലിവർപൂളിന് 2-1ന്റെ ആവേശജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ ഏഴ് പോയിന്റ് മുന്നിലെത്തിയ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടം ശക്തമാക്കി.

ആദ്യ പകുതിയിൽ മുഹമ്മദ് സലായാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. 27-ാം മിനിറ്റിൽ എവർട്ടന്റെ ഇലിമാൻ എൻദിയായെ നേടിയ ഗോൾ ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി റദ്ദാക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സലായുടെ പ്രഹരം. കോഡി ഗാക്പോ നൽകിയ പന്തിൽ നിന്ന് സലാ നേടിയത് ഡെർബി ചരിത്രത്തിലെ തന്റെ ഒൻപതാം ഗോളാണ്. എന്നാൽ രണ്ടാം പകുതിയിൽ കിയർനൻ ഡ്യൂസ്‌ബെറി ഹാളിന്റെ പാസിൽ നിന്ന് ബെറ്റോ നേടിയ ഗോളിലൂടെ ഡേവിഡ് മോയസിന്റെ എവർട്ടൻ ഒപ്പമെത്തി.

കളി സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 11 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഡൊമിനിക് സൊബോസ്‌ലായിയുടെ കോർണറിൽ തലവെച്ച് വാൻ ഡൈക് ലിവർപൂളിന്റെ വിജയമുറപ്പിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ ഗോൾകീപ്പർ ജ്യോർജി മാമർദാഷ്‌വിലിക്ക് പകരം 2021-ന് ശേഷം ആദ്യമായി പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയ ഫ്രെഡി വുഡ്മാൻ ലിവർപൂൾ പോസ്റ്റിന് കീഴിൽ നിർണ്ണായക പ്രകടനം നടത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ എവർട്ടനെതിരെ ലിവർപൂൾ നേടുന്ന ആറാമത്തെ '90-ാം മിനിറ്റ്' വിജയമാണിത്.

News Summary - Virgil van Dijk's 100th-minute winner secures dramatic Merseyside derby victory for Liverpool.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.