കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റും മോശം സീസണാവുമായിരുന്നു 2025-26. ആദ്യത്തെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ആറ് തോല്‍വിയും ഒരു സമനിലയും. ഈസ്റ്റ് ബംഗാളിനെതിരെ കിട്ടിയ ഒറ്റ പോയന്റിൽ, മുഹമ്മദൻസ് എസ്.സിയെ മാത്രം പിറകിൽനിർത്തി 13ംസ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാതെ കൈവശം വെച്ചുപോന്നു ബ്ലാസ്റ്റേഴ്സ്. ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’യും കൈവിട്ടതോടെ സ്വന്തം തട്ടകമായ കലൂർ സ്റ്റേഡിയത്തിലും ആളൊഴിഞ്ഞ ഗാലറികളായിരുന്നു എല്ലാത്തിനും സാക്ഷി. പക്ഷേ, അവസാനത്തെ മൂന്ന് മത്സരങ്ങൾ കണ്ടപ്പോൾ ‘ബ്ലാസ്റ്റേഴ്സിനിതെന്തുപറ്റി?’ എന്ന് ചോദിച്ചുതുടങ്ങിയിട്ടുണ്ട് ആരാധകർ. കരുത്തരായ ബംഗളൂരു എഫ്.സിയെ അവരുടെ മൈതാനത്ത് 2-1ന് തോൽപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ജാംഷഡ്പുർ എഫ്.സിയെ 2-0ത്തിന് തകർത്ത് സീസണിലെ ആദ്യ ഹോം വിജയവും നേടി. ഇടക്ക് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജയത്തിനരികിലൊരു സമനിലയും.
ഡേവിഡ് കറ്റാലക്ക് പകരം ആഷ്ലി വെസ്റ്റ്വുഡ് പരിശീലകനായെത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ഈ മാറ്റമുണ്ടായിരിക്കുന്നതെന്ന് വ്യക്തമായിപ്പറയാം. ഈ സീസൺ മുതൽ ഐ.എസ്.എല്ലിൽ തരംതാഴ്ത്തൽ ഉണ്ട്. അത് ഏറക്കുറെ ഉറപ്പിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ അത്ഭുതകരമായ തിരിച്ചുവരവ്. പന്ത് കൂടുതല്‍ സമയം കാൽക്കൽവെച്ചുള്ള കറ്റാലയുടെ സ്പാനിഷ് തന്ത്രമല്ല വേഗമേറിയ ഫുട്ബാളാണ് ഇംഗ്ലീഷ് കോച്ചായ വെസ്റ്റ്വുഡിന്റെ രീതി. പന്ത് ലഭിച്ചാലുടന്‍ അറ്റാക്ക് ചെയ്യുന്നതാണ് തന്ത്രം. മൈനസ് പാസ് ഒഴിവാക്കി, പന്ത് ലഭിക്കുമ്പോള്‍തന്നെ എതിര് ബോക്സ് ലക്ഷ്യമിട്ട് കുതിക്കും. പ്രതിരോധത്തിലും മധ്യനിരയിലുമായി തളച്ചിടാതെ, ആദ്യ മിനിറ്റു മുതല്‍ ആക്രമണംതന്നെ.
4-2-3-1, 4-3-3 ശൈലിക്കാരനായിരുന്നു കറ്റാല. ഡിഫന്‍സില്‍നിന്ന് മുന്നിലേക്ക് കയറ്റി, അറ്റാക്ക് ചെയ്യും. എന്നാല്‍, കൗണ്ടറില്‍ ബ്ലാസ്റ്റേഴ്സിന് ഒന്നും ചെയ്യാൻ പറ്റാതായി. അഡ്രിയാൻ ലൂണയും നോഹ സദോയിയുമെല്ലാമൊഴിഞ്ഞ ടീമാണിത്. കെവിന് യോക്കും ഫ്രെഡ്ഡിയും ഫ്രാഞ്ചുവും ബെനാരിഫുമൊക്കെ വെസ്റ്റ്വുഡിന്റെ പക്കലുണ്ട്. അവരെ വെച്ച് അദ്ദേഹം റിസൽട്ടുണ്ടാക്കിത്തുടങ്ങി. എട്ട് പോയന്റുമായി 11ാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ഇനിയും മുന്നേറുമെന്നും താമസിയാതെ ആരാധകക്കൂട്ടം ഗാലറി നിറക്കുമെന്നും പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.