ഇന്ത്യൻ ടീമിൻെറ പുതിയ ജേഴ്‍സിക്കെതിരെ സംഘ്പരിവാര്‍ സംഘടന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ 'ജേഴ്‍സി'ക്കെതിരെ സംഘ്പരിവാര്‍ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തി. ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയാണ് ടീം ഇന്ത്യയുടെ പുതിയ സ്പോണ്‍സര്‍മാര്‍. ചൈനീസ് കമ്പനികള്‍ ടീം ഇന്ത്യയെ വിറ്റ് ലാഭം കൊയ്യേണ്ടെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ നിലപാട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കെതിരെയും ചൈനീസ് ഉത്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെയും വരും ദിവസങ്ങളില്‍ പ്രചരണം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അറിയിച്ചു. കരാറില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന്‍, കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചു. രാജ്യത്തിന്‍റെ അഭിമാനത്തിനും പൗരന്‍മാരുടെ ക്ഷേമത്തിനും തദ്ദേശ വ്യവസായത്തിന്‍റെ വളര്‍ച്ചക്കും മുകളിലാകരുത് പണമെന്ന് കത്തില്‍ പറയുന്നു.

ഒപ്പോയുടെ ലോഗോ പതിച്ച ജേഴ്‍സി, ടീം അംഗങ്ങള്‍ അണിയരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള കായികയിനമാണ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് വന്‍പരിവേഷമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒപ്പോയെ ടീം അംഗങ്ങള്‍ ചുമന്നാല്‍ അത് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഇത് തദ്ദേശ വ്യവസായത്തിന് തിരിച്ചടി നല്‍കി ചൈനീസ് ഉത്പന്നങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കും. ഇത് സംഭവിക്കരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അടുത്തിടെയാണ് 1079 കോടി രൂപയുടെ കരാറില്‍ ഒപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അഞ്ച് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ഒപ്പോ പുതിയ സ്‍പോണ്‍സര്‍മാരായത്.

Tags:    
News Summary - RSS affiliate wants Oppo’s sponsorship of Indian cricket team scrapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.