രാജ്കോട്ട്: ചെറിയ ശരീരത്തിന് പാകമാവാത്തപോലെ തോന്നിച്ച പാഡും ഹെൽമറ്റുമണിഞ്ഞ് 18കാരൻ പൃഥ്വി ഷാ ഇന്നിങ്സ് ഒാപൺ ചെയ്യാൻ ക്രീസിലേക്ക് നീങ്ങുേമ്പാൾ സ്കൂൾ കുട്ടി കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ട്വിറ്ററുകളിലെയും ക്രിക്കറ്റ് വെബ്സൈറ്റുകളിലെയും കമൻറുകൾ. കമൻററി ബോക്സും ഇൗ കൗതുകത്തിൽ പങ്കാളിയായി. പക്ഷേ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൗതുകം അതിശയമായി. പിന്നെ ആരാധനയും.
യൂത്ത് ക്രിക്കറ്റുകളിലും ആഭ്യന്തര മത്സരങ്ങളിലും റൺസുകൾ വാരിക്കൂട്ടിയ അത്ഭുത ബാലൻ ഇന്ത്യൻ സീനിയർ കുപ്പായത്തിൽ അരങ്ങേറിയപ്പോൾ പതറിയില്ല. മുതിർന്ന താരങ്ങളെ കാഴ്ചക്കാരാക്കി വിസ്മയ ഇന്നിങ്സുമായി പൃഥ്വി ഷായുടെ തുടക്കം. സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച് റെക്കോഡ് സ്ഥാപിച്ചപ്പോൾ വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് എന്ന നിലയിൽ. പൃഥ്വി ഷാ (134), ചേതേശ്വർ പുജാര (86), അജിൻക്യ രഹാനെ (41), ലോകേഷ് രാഹുൽ (0) എന്നിവരുെട വിക്കറ്റുകളാണ് നഷ്ടമായത്. നായകൻ വിരാട് കോഹ്ലി (72), ഋഷഭ് പന്ത് (17) എന്നിവരാണ് ക്രീസിൽ.
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് അണ്ടർ 19 ലോകകപ്പ് ചാമ്പ്യൻ ടീമിെൻറ നായകൻ മടങ്ങിയത്.
തുടക്കം ഗംഭീരം.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു റൺസ് പോലുമെടുക്കാതെ ഒാപണർ ലോകേഷ് രാഹുലിനെ (0) നഷ്ടമായാണ് ഇന്ത്യയുടെ തുടക്കം. ഷാനോൺ ഗബ്രിയേലിെൻറ പന്തിൽ എൽ.ബിയിൽ കുരുങ്ങിയ രാഹുൽ റിവ്യൂ കൊടുത്തെങ്കിലും രക്ഷയുണ്ടായില്ല.
എന്നാൽ, പൃഥ്വി ഷായും ക്രീസിലെത്തിയ ചേതേശ്വർ പുജാരയും മനോഹരമായ ഇന്നിങ് കാഴ്ച്ചവെച്ചപ്പോൾ, സന്ദർശകരുടെ പ്രതീക്ഷകൾ മങ്ങി. എതിർ വശത്ത് പുജാരയുള്ള ധൈര്യത്തിൽ ഷാ അടിച്ചു കളിച്ചു. ബാക്ക് ഫൂട്ടിൽ നിലയുറപ്പിച്ച് കവറിലേക്കും പോയൻറിലേക്ക് പന്തുപായിക്കുേമ്പാൾ തുടക്കക്കാരെൻറ ആശങ്കകളില്ലായിരുന്നു. വിൻഡീസ് പേസർമാരെ കൗമാരക്കാരൻ പരിചയസമ്പന്നനെ പോലെ ബൗണ്ടറി കടത്തി. 19ാം ഒാവറിൽ അർധസെഞ്ച്വറിയും 33ാം ഒാവറിൽ സെഞ്ച്വറിയും കുറിച്ചു. 99 പന്തിൽനിന്നാണ് ഷായുടെ ശതകം.
206 റൺസിെൻറ ഷാ-പുജാര കൂട്ടുകെട്ട് പൊളിക്കുന്നത് ഷെർമാൻ ലൂയിസാണ്. അർധസെഞ്ച്വറി പൂർത്തിയാക്കിയ ചേതേശ്വർ പുജാരയെ (86) ലൂയിസ് വിക്കറ്റ് കീപ്പർ ഷെയ്ൻ ഡൗറിച്ചിെൻറ ഗ്ലൗവിലെത്തിച്ചു. പിന്നാലെ 134 റൺസെടുത്തു നിന്ന ഷായും മടങ്ങി. ദേവേന്ദ്ര ബിഷൂവാണ് താരത്തെ പുറത്താക്കിയത്. എന്നാൽ, വിൻഡീസിന് ഒരു പ്രതീക്ഷയും നൽകാതെ സെഞ്ച്വറി കൂട്ടുകെട്ടുമായി (105) കോഹ്ലിയും രാഹാനെയും പിടിച്ചുനിന്നതോടെ ഇന്ത്യ ആദ്യ ദിനംതന്നെ മികച്ച സ്കോറിലേക്ക് നീങ്ങി. അർധസെഞ്ച്വറിക്കരികിലാണ് രഹാനെ (41) മടങ്ങുന്നത്.
റെക്കോഡ് ഷോ
● ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ അരങ്ങേറ്റത്തിനിറങ്ങിയ പൃഥ്വിഷാക്ക് പ്രായം 18 വയസ്സും 329 ദിവസവും
● അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരൻ. ലോകക്രിക്കറ്റിലെ നാലാമൻ. മുഹമ്മദ് അഷ്റഫുൾ (17 വയസ്സ് 61 ദിവസം-ബംഗ്ലാദേശ്), ഹാമിൽട്ടൻ മ സകദ്സ (17.352-സിംബാബ്വെ), സലീം മാലിക് (18.323-പാകിസ്താൻ) എന്നിവരാണ് മുന്നിൽ.
● ടെസ്റ്റ് സെഞ്ച്വറിക്കാരിൽ പ്രായംകൊണ്ട് ഏഴാമൻ. ഇന്ത്യക്കാരിൽ സചിൻ ടെണ്ടുൽകറിന് (17 വയസും 107 ദിവസം) പിറകിലാണ് സ്ഥാനം.
● ഷാക്കു പുറമെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ 14 ഇന്ത്യൻ താരങ്ങളുണ്ട്. (ലാലാ അമർനാഥ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, ദീപക് ഷോധൻ, എ.ജി കൃപാൽ സിങ്, അബാസ് അലി ബെയ്ഗ്, ഹനുകാന്ത് സിങ്, ഗുണ്ടപ്പ വിശ്വനാഥ്, സുരീന്ദ്രർ അമർനാഥ്, പ്രവീൺ ആംറെ, വിരേന്ദർ സെവാഗ്, സുരേഷ് റെയ്ന, ശിഖർ ധവാൻ, രോഹിത് ശർമ).
● രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നിവയിലും സെഞ്ച്വറിയോടെയാണ് പൃഥ്വി അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.