ന്യൂഡല്‍ഹി: അടിമുടി ആരോപണത്തില്‍ മുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തെ നേരായ പാതയില്‍ നയിക്കാന്‍ സുപ്രീം കോടതി ഏല്‍പിച്ചത് സംശുദ്ധമായ കരങ്ങളിലേക്ക്. അഴിമതിവിരുദ്ധ പോരാട്ടത്തിന്‍െറ പ്രതീകമായി മാറിയ മുന്‍ സി.എ.ജി വിനോദ് റായ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അധ്യക്ഷ പദവിയിലത്തെുമ്പോള്‍ കായിക ലോകം സാക്ഷിയാവുന്നത് അപൂര്‍വമായ നടപടിക്ക്. ക്രിക്കറ്റിന്‍െറ ഭരണത്തിന്‍െറ ചുറ്റുവട്ടങ്ങളിലെങ്ങും കാണാത്ത നാല് പേരുകളാണ് ബി.സി.സി.ഐയുടെ ഇടക്കാല ഭരണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ചത്. അതാവട്ടെ, കേന്ദ്ര സര്‍ക്കാറും ക്രിക്കറ്റ് ബോര്‍ഡും മുന്നോട്ടുവെച്ച പേരുകള്‍ പൂര്‍ണമായും തള്ളിയും.
ലോധ കമീഷന്‍ ശിപാര്‍ശകള്‍ സുഖകരമായി നടപ്പാക്കുകയാണ് വിനോദ് റായ്, പ്രമുഖ ചരിത്രകാരനും ക്രിക്കറ്റ് ലേഖകനുമായ രാമചന്ദ്ര ഗുഹ, ഐ.ഡി.എഫ്.സി ബാങ്ക് എം.ഡി വിക്രം ലിമായെ, മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡയാന എഡുള്‍ജി എന്നിവരടങ്ങിയ ഇടക്കാല സമിതിയുടെ ദൗത്യം. അനുരാഗ് ഠാകുറും അജയ് ഷിര്‍കെയും പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ ബോര്‍ഡിന്‍െറ ഭരണചുമതല വഹിക്കുന്ന സി.ഇ.ഒ രാഹുല്‍ ജോഹ്റിയോട് പുതിയ കമ്മിറ്റിക്ക് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സമിതിക്ക് സൂക്ഷ്മപരിശോധന നടത്താന്‍ നാലാഴ്ച സമയവും അനുവദിച്ചു. അടുത്ത ഹിയറിങ് സമയമായ മാര്‍ച്ച് 27ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു.
ലോധ ശിപാര്‍ശയിലെ എത്ര നിര്‍ദേശങ്ങള്‍ നടപ്പാക്കി, ഇനി എന്തെല്ലാം ബാക്കിയുണ്ട്. സംസ്ഥാന അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ എങ്ങനെ സുഖകരമായി നടപ്പാക്കാം തുടങ്ങിയ വിശദാംശങ്ങളും വിനോദ് റായ് അധ്യക്ഷനായുള്ള സമിതി സുപ്രീം കോടതിയെ അറിയിക്കണം.സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, സീനിയര്‍ അഭിഭാഷന്‍ അനില്‍ ദിവാന്‍ എന്നിവരാണ് വിനോദ് റായിയെ ശിപാര്‍ശചെയ്തത്. എന്നാല്‍, ബാങ്കിങ് ബോര്‍ഡ് ചെയര്‍മാന്‍ പദവി വഹിക്കുന്ന റായ്യെ പ്രസിഡന്‍റാക്കുന്നത് ലോധ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്റ്റേറ്റ് അസോസിയേഷന്‍െറ അഭിഭാഷകനായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. പക്ഷേ, നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തതിനാല്‍ വിനോദ് റായ്യെ നിയമിക്കുന്നതില്‍ തെറ്റില്ളെന്നായി കോടതിയുടെ പ്രതികരണം. ബി.സി.സി.ഐയുടെ നിലവിലെ ഓഫിസ് ഭാരവാഹികളുടെ പ്രവര്‍ത്തനം അവസാനിച്ചതായും, ഇനി ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനവും പുതിയ സമിതിക്ക് കീഴിലാവുമെന്നും കോടതിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.