കുറ്റം സമ്മതിച്ച് പരാഗ്, ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചതിന് ‘പണികിട്ടി’; കനത്ത പിഴ

ന്യൂഡൽഹി: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ബി.സി.സി.ഐ മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 ലംഘിച്ച് കളിയുടെ അന്തസ്സിന് കളങ്കം വരുത്തിയതിനാണ് പിഴയും ഒരു ഡി മെറിറ്റ് പോയന്റും നൽകിയത്.

പഞ്ചാബിലെ മുല്ലൻപുരിൽ ചൊവ്വാഴ്ചത്തെ മത്സരത്തിനിടെയാണ് സംഭവം. പരാഗ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ളതിനാൽ നിയമവിരുദ്ധമായ കാര്യം സ്റ്റേഡിയത്തിനുള്ളിൽ ചെയ്തതിനെ ഗൗരവതരമായാണ് ബി.സി.സി.ഐ കാണുന്നത്. കളിക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെയും കർശന നടപടികളും ആലോചിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫ്രാഞ്ചൈസികൾക്ക് പ്രത്യേക നിർദേശം നൽകിയേക്കും.

രാജസ്ഥാൻ ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് സംഭവം. മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമിൽ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സംഭവം വൻ ചർച്ചയായി മാറി. മത്സരത്തിൽ 16 പന്തിൽ നിന്ന് 29 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഔട്ടായതിനു പിന്നാലെയാണ് താരം ഡ്രസ്സിങ് റൂമിലിരുന്ന് പുക വലിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തേ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദർക്കെതിരേ നടപടിയെടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു.

Tags:    
News Summary - Riyan Parag penalised after being caught vaping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.