സമനില ഉറപ്പിച്ച  ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

മെല്‍ബണ്‍: സമനില ഉറപ്പിച്ച മത്സരം പാകിസ്താന്‍ കളഞ്ഞുകുളിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ കങ്കാരുക്കള്‍ക്ക് നാടകീയ ജയം. ഇന്നിങ്സിനും 18 റണ്‍സിനും പാക്പടയെ തകര്‍ത്ത് 2016ന് ആസ്ട്രേലിയ വിജയത്തോടെ ഗുഡ്ബൈ പറഞ്ഞു. ഒപ്പം മൂന്നുമത്സരങ്ങളില്‍ രണ്ടും വിജയിച്ച് പരമ്പരയും ഉറപ്പിച്ചു. സെഞ്ച്വറിയോടെ (165) പുറത്താകാതെ നിന്ന നായകന്‍ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ പാകിസ്താന്‍: 443/9ഡി., 163. ആസ്ട്രേലിയ 624/8ഡി. ആസ്ട്രേലിയയില്‍ പാകിസ്താന്‍െറ തുടര്‍ച്ചയായ 11ാം ടെസ്റ്റ് തോല്‍വിയാണിത്. 

ബാറ്റിലും ബാളിലും തീപ്പൊരിപാറിപ്പിച്ച മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഓസീസിന്‍െറ വിജയശില്‍പി. ഏഴു സിക്സും മൂന്നു ഫോറുമടക്കം 91പന്തില്‍ 84 റണ്‍സെടുക്കുകയും, 36 റണ്‍സ് വിട്ടുനല്‍കി പാക് നിരയുടെ നാല് വിക്കറ്റും വീഴ്ത്തി സ്റ്റാര്‍ക്ക് ആതിഥേയര്‍ക്ക് ബോക്സിങ് ഡേ ടെസ്റ്റില്‍ വിജയം സമ്മാനിക്കുകയായിരുന്നു. 
 

അഞ്ചാം ദിനം തന്ത്രങ്ങള്‍ ആവിഷ്കരിച്ചായിരുന്നു ആസ്ട്രേലിയ കളത്തിലിറങ്ങിയത്. സെഞ്ച്വറിയുമായി നിലയുറപ്പിച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് രണ്ടാം ഇന്നിങ്സ് സ്കോര്‍ 624ല്‍ എത്തിച്ചപ്പോഴേക്കും ടീം 181റണ്‍സിന്‍െറ ലീഡ് ഉയര്‍ത്തിയിരുന്നു. ഒടുവില്‍ ഉച്ചഭക്ഷണത്തിനുമുമ്പെ ഡിക്ളയര്‍ പ്രഖ്യാപിച്ചു. വെറും 70 ഓവര്‍ ബാക്കിയിരിക്കെ പാകിസ്താന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സമനില മാത്രമായിരുന്നു ക്രിക്കറ്റ് ലോകം കണക്കുകൂട്ടിയിരുന്നത്. ഒന്നാം ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച പാകിസ്താന്‍ ഏവരെയും അദ്ഭുതപ്പെടുത്തി 53.2 ഓവറില്‍ തകര്‍ന്നടിഞ്ഞു. 
 

രണ്ടാം ഇന്നിങ്സില്‍ തുടക്കത്തില്‍ തന്നെ ഓപണര്‍ സാമി അസ്ലമിനെ (2) ബൗള്‍ഡാക്കി ജോഷ് ഹെസല്‍വുഡ് കളിയുടെ ഗതിനിര്‍ണയിച്ചു. രണ്ടാമന്‍ ബാബര്‍ അസാമിനെ (3) മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബി.ഡബ്ള്യുവില്‍ കുരുക്കിയതോടെ പാകിസ്താന്‍ പരുങ്ങലിലായി. പിന്നീട് അസ്ഹര്‍ അലിയും (43) യൂനുസ്ഖാനും (24) നടത്തിയ ചെറുത്തുനില്‍പ് പാകിസ്താന് പ്രതീക്ഷ നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല.
Tags:    
News Summary - Australia v Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.