ഇന്ത്യ ഒമ്പതിന് 291

കാണ്‍പുര്‍: കറങ്ങിത്തിരിയുന്ന കാണ്‍പുര്‍ പിച്ചില്‍ ഇന്ത്യയുടെ ചരിത്ര ടെസ്റ്റിന് തുടക്കം. ഐതിഹാസികമായ 500ാം ടെസ്റ്റിന് യോജിച്ച തുടക്കം കിട്ടിയ മത്സരത്തിന്‍െറ അവസാന സെഷനില്‍ ന്യൂസിലന്‍ഡ് ആഞ്ഞടിച്ചെങ്കിലും മുന്‍നിരയുടെ മികവില്‍ ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍. ഓരോ ബാള്‍ കഴിയുമ്പോഴും സ്പിന്നര്‍മാരുടെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കുന്ന മത്സരത്തില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയും (65) ചേതേശ്വര്‍ പുജാരയും (62) അര്‍ധസെഞ്ച്വറി നേടി. 16 റണ്‍സുമായി രവീന്ദ്ര ജദേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവും ക്രീസിലുണ്ട്. കിവീസിനുവേണ്ടി ഇടങ്കയ്യന്‍ സ്പിന്നര്‍ സാന്‍റ്നറും പേസര്‍ ബോള്‍ട്ടും മൂന്ന ്വിക്കറ്റ് വീതം വീഴ്ത്തി.

അശ്വിന്‍ ഉള്‍പ്പെടെ ഒമ്പത് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജദേജ ഉള്‍പ്പെടെ നാല് ബൗളര്‍മാരെ കളത്തിലിറക്കിയപ്പോള്‍ അഞ്ചാമനായി പാര്‍ട്ട് ടൈം ബൗളര്‍ പോലുമില്ലാതെ ആത്മവിശ്വാസത്തോടെയാണ് കോഹ്ലി 500ാം ടെസ്റ്റിന് ടീമിനെ അണിനിരത്തിയത്. പിച്ചിന്‍െറ സ്വഭാവം മുന്‍കൂട്ടിക്കണ്ട ന്യൂസിലന്‍ഡ് മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി. ആദ്യമൊന്ന് മടിച്ചുനിന്ന പിച്ച് ഉച്ചക്കുശേഷം തനിസ്വരൂപം പുറത്തെടുത്ത് തുടങ്ങി. പ്രതീക്ഷ തെറ്റിക്കാതെ പന്തുകള്‍ കറങ്ങിത്തിരിഞ്ഞപ്പോള്‍ ഒന്നിന് 154 എന്ന നിലയില്‍നിന്നാണ് ഇന്ത്യ തകര്‍ന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്നിന് 105 എന്ന നിലയിലായിരുന്നു. ടീം സ്കോര്‍ 42ല്‍ നില്‍ക്കെ ആക്രമിച്ച് കളിച്ച ലോകേശ്വര്‍ രാഹുല്‍ 32 റണ്‍സെടുത്ത് മടങ്ങി.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രാഹുലിന്‍െറ 39 പന്ത് നീണ്ട ഇന്നിങ്സില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പിറന്നു. സ്പിന്നര്‍മാരുടെ വരവറിയിച്ച് സാന്‍റ്നറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് വിജയും പുജാരയും ചേര്‍ന്ന് 112 റണ്‍സിന്‍െറ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്കോര്‍ 154ല്‍ നില്‍ക്കെ പുജാര വീണു. സാന്‍റ്നറുടെ ബാള്‍ ഫ്ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റിട്ടേണ്‍ കാച്ച് നല്‍കിയായിരുന്നു പുജാരയുടെ മടക്കം. രണ്ട് ഫോറടിച്ച് തുടങ്ങിയ നായകന്‍ കോഹ്ലിക്ക് ഒമ്പത് റണ്‍സിന്‍െറ ആയുസേ ഉണ്ടായിരുന്നുള്ളൂ. വാഗ്നറുടെ ബാളില്‍ ആക്രമണത്തിന് മുതിര്‍ന്ന കോഹ്ലി ബൗണ്ടറി ലൈനില്‍ സോധിയുടെ കൈയില്‍ അവസാനിച്ചു. ഇഴഞ്ഞുനീങ്ങിയ മുരളി വിജയ്, സോധിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്ലിങ്ങിന് പിടികൊടുത്ത് മടങ്ങി. 18 റണ്‍സെടുത്ത രഹാനെയെ ഓഫ് സ്പിന്നര്‍ മാര്‍ക്ക് ക്രെയ്ഗിന്‍െറ പന്തില്‍ ലതാം പിടികൂടി. രോഹിത് ശര്‍മ ഫോം വീണ്ടെടുത്തെന്ന് തോന്നിച്ചെങ്കിലും 35 റണ്‍സത്തെിയപ്പോള്‍ സാന്‍റ്നറുടെ മുന്നില്‍ വീണു. അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത് മിഡ്ഓണില്‍ സോധിക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. സ്ഥാനക്കയറ്റം കിട്ടിയത്തെിയ അശ്വിന്‍ (40) മോശമാക്കിയില്ല.

ഇതിനിടയില്‍ സാഹ (പൂജ്യം) വന്നതുപോലെ തിരിച്ചുപോയി. സാഹ, ബോള്‍ട്ടിന്‍െറ പന്തില്‍ ബൗള്‍ഡായപ്പോള്‍ അശ്വിന്‍, ടെയ്ലര്‍ക്ക് പിടികൊടുത്തു. പത്താമനായത്തെിയ മുഹമ്മദ് ഷമി (പൂജ്യം) വെറുംകൈയോടെ തിരിച്ചത്തെി. അവസാന ഓവറുകളില്‍ ഇന്ത്യയെ ഓള്‍ഒൗട്ടാക്കാന്‍ കിവി ബൗളര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഉമേഷ് യാദവും ജദേജയും വീണില്ല. ഇന്ത്യക്കായിരുന്നു ടോസ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.