ഗംഭീരമാക്കാന്‍ ഇന്ത്യ ; മൂന്നാം ടെസ്​റ്റിന്​ ഇന്ന്​ തുടക്കം

ഇന്ദോര്‍: ത്രസിപ്പിക്കുന്ന 250ാം ടെസ്റ്റ് വിജയം വഴി സ്വന്തംമണ്ണില്‍ ഒന്നാം റാങ്കോടെ പരമ്പര വിജയം കൈപ്പിടിയിലൊതുക്കിയ ടീം ഇന്ത്യ, തൂത്തുവാരുകയെന്ന ലക്ഷ്യവുമായി മൂന്നാം ടെസ്റ്റിന് ശനിയാഴ്ചയിറങ്ങുന്നു. ആസ്ട്രേലിയക്കെതിരെ നേടിയ (4-0) കൂറ്റന്‍ വിജയത്തിനുപിന്നാലെ വെസ്റ്റിന്‍ഡീസിനോടും ദക്ഷിണാഫ്രിക്കയോടും വിജയം വരിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ നാലാം പരമ്പരവിജയം തേടി കിവികള്‍ക്കെതിരെ ശനിയാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ 14 പോരാട്ടങ്ങളില്‍ 11ലും മേധാവിത്വം തുടരുന്ന വിരാട് കോഹ്ലിയെയും സംഘത്തെയും പിടിച്ചുകെട്ടുകയെന്നത് ന്യൂസിലന്‍ഡിന് ശ്രമകരമായ ദൗത്യമായിരിക്കും. രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളത്തിനു പുറത്തിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിലാണ് കിവികളുടെ പ്രതീക്ഷ മുഴുവന്‍. പൂര്‍ണ ആരോഗ്യവാനായി ടീമിനൊപ്പം ചേരുന്ന നായകന്‍െറ മികവില്‍ ഇന്ത്യന്‍ മണ്ണില്‍ ആശ്വാസജയമെങ്കിലും സ്വന്തമാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ന്യൂസിലന്‍ഡിനുള്ളത്.

വ്യാഴാഴ്ച വില്യംസണ്‍ നെറ്റ്സില്‍ പ്രാക്ടീസിനത്തെിയിരുന്നു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും ഒരുക്കുന്ന സ്പിന്‍ കുരുക്കില്‍നിന്ന് കരകയറാന്‍ വില്യംസണിന്‍െറ തിരിച്ചുവരവ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ടീം. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ വില്യംസണ്‍ ആദ്യ ഇന്നിങ്സില്‍ 75ഉം രണ്ടാമത്തേതില്‍ 25ഉം റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. വില്യംസണ്‍ ഇല്ലാതെ കളത്തിലിറങ്ങിയ കിവീസ് പേരിനുപോലും പോരാട്ടം പുറത്തെടുക്കാനാവാതെ മടങ്ങുന്ന കാഴ്ചയായിരുന്നു കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനില്‍. ന്യൂബാളില്‍ പന്തെറിഞ്ഞ ബോളര്‍മാരൊഴികെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കുമുന്നില്‍ തുടര്‍ച്ചയായ വെല്ലുവിളിയുയര്‍ത്തുന്നതില്‍ കിവീസ് സ്പിന്നര്‍മാര്‍ പൂര്‍ണമായും പരാജയപ്പെട്ടപ്പോള്‍, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ടോം ലതാമും ലുകെ റോഞ്ചിയും അല്‍പമെങ്കിലും ആക്രമണശൈലി പുറത്തെടുത്തതാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്.

ഈഡനില്‍ കിവികളുടെ ചിറകരിയാന്‍ സ്വിങ് കൊടുങ്കാറ്റായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയത് ആതിഥേയര്‍ക്ക് തിരിച്ചടിയാണെങ്കിലും ഉമേഷ് യാദവും മുഹമ്മദ് ഷമിയും നിയന്ത്രിക്കുന്ന പേസ് കരുത്തില്‍  വിശ്വാസമേറെയാണ് കോഹ്ലിക്ക്. ഒപ്പം കിവീസ് ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായി മാറിയ ഇന്ത്യന്‍ സ്പിന്‍ദ്വയം അശ്വിനും ജദേജയും കൂടിച്ചേരുന്നതോടെ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ പരുങ്ങലിലാകുമെന്ന കാര്യത്തില്‍ ആതിഥേയര്‍ക്ക് സംശയമൊട്ടുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം ടീമില്‍ തിരിച്ചത്തെിയ ഗൗതം ഗംഭീര്‍ മൂന്നാം ടെസ്റ്റിലിറങ്ങും. കഴിഞ്ഞ കളിയില്‍ മുരളി വിജയിന് പകരം ടീമിലിടം നേടിയെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതിരുന്ന ഗംഭീറിന് ശിഖര്‍ ധവാനേറ്റ പരിക്കാണ് കളത്തിലേക്ക് വഴിതുറന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.