ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി: ഐ.സി.സി ചെയര്‍മാന്‍ പദം ഏറ്റെടുക്കുന്നതിനായി ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാകുറാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ സ്ഥാനമേറ്റെടുത്തത്.ശശാങ്ക് മനോഹറിന്‍െറ രാജി ബി.സി.സി.ഐ സ്വീകരിച്ചു. പ്രസിഡന്‍റായിരുന്ന കാലത്ത് തന്നെ പിന്തുണച്ച സഹപ്രവര്‍ത്തകര്‍ക്കും ബോര്‍ഡിനും അദ്ദേഹം നന്ദിപറഞ്ഞു.നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍നിന്ന് ബി.സി.സി.ഐ പ്രതിനിധി സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ടാണ് രാജിവെച്ചതെന്ന് അന്നേ അഭ്യൂഹമുയര്‍ന്നിരുന്നു. ജൂണ്‍ അവസാനമാണ് ഐ.സി.സി തെരഞ്ഞെടുപ്പ് നടക്കുക. ഐ.പി.എല്‍ ചെയര്‍മാനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ രാജീവ് ശുക്ളയുടെ പേരാണ് അടുത്ത പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. 15 ദിവസത്തിനുള്ളിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടത്.

ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രഹസ്യവോട്ടെടുപ്പില്‍ ഒട്ടുമിക്ക അംഗങ്ങളുടെയും പിന്തുണ സ്വന്തമാക്കിയ മനോഹറിന് കാര്യമായ വെല്ലുവിളിയുമില്ല.മുന്‍ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തോടെയാണ് നാഗ്പൂരുകാരനായ ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ അധ്യക്ഷപദവിയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഐ.സി.സി ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ 2021വരെ ഈ സ്ഥാനത്ത് തുടരാനാവും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT