??????????????????? ???????? 20 ?????? ????? ????????? ??? ???????????

റെയ്ന മിന്നി ; പരമ്പര തൂത്തുവാരി ഇന്ത്യ

സിഡ്നി: ആക്ഷന്‍ ത്രില്ലറിനു സമമായിരുന്നു ഇന്ത്യ-ആസ്ട്രേലിയ അവസാന ട്വന്‍റി20. കുട്ടിപരമ്പരയില്‍ രണ്ടുമത്സരങ്ങളിലും നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ നിരയെ അടിച്ചുപറത്തി ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സണെന്ന ഒറ്റയാന്‍ മിന്നുന്ന സെഞ്ച്വറിയിലൂടെ (124 നോട്ടൗട്ട്) ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍ (197) സമ്മാനിച്ചപ്പോള്‍ ടീം ഒത്തൊരുമയില്‍ ടീം ഇന്ത്യ അവസാനപന്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഓസീസിനെ അവരുടെ നാട്ടില്‍വെച്ച് തൂത്തുവാരിയെന്ന ക്രെഡിറ്റും ടീം ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറില്‍ വേണ്ടിയിരുന്ന 17 റണ്‍സ് യുവരാജ് സിങ്ങും റെയ്നയും അടിച്ചെടുത്തു.

സെഞ്ച്വറി നേടിയ ഷെയ്ൻ വാട്സൺ
 

ഇക്കുറിയും ടോസ് ഭാഗ്യം ആസ്ട്രേലിയക്കൊപ്പമായിരുന്നു. ട്വന്‍റി20യില്‍ ആദ്യമായി ബാറ്റേന്തിയ ഉസ്മാന്‍ ഖ്വാജയെ (14) പെട്ടെന്നുമടക്കി വെറ്ററന്‍ ആശിഷ് നെഹ്റ ഇന്ത്യക്ക് ആദ്യ സന്തോഷം നല്‍കി. ഖ്വാജ പുറത്തായതോടെ വാട്സന്‍ ഗിയര്‍മാറ്റിയിരുന്നു. ടീം സ്കോര്‍ 69ല്‍ നില്‍ക്കെ ഓസീസിന് ഷോണ്‍ മാര്‍ഷിനെയും 75ല്‍ ഗ്ളെന്‍ മാക്സ്വെല്ലിനെയും നഷ്ടപ്പെട്ടു. എന്നാല്‍, ട്രെവിസ് ഹെഡിനെ കൂട്ടുപിടിച്ച് വാട്സന്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് ആക്രമണം അഴിച്ചുവിട്ടു. പന്തുകള്‍ ഇടതടവില്ലാതെ അതിര്‍ത്തിതേടി പാഞ്ഞുകൊണ്ടിരിക്കെ, നെഹ്റയൊഴിച്ചുള്ള എല്ലാ ബൗളര്‍മാരും വാട്സന്‍െറ ബാറ്റിങ് ചൂടറിഞ്ഞു. പ്രധാന ബൗളറായ ബംറ നാലോവറില്‍ 43 റണ്‍സ് വഴങ്ങിയപ്പോള്‍ ജദേജ നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്തു. 71 പന്തുമാത്രം നേരിട്ട വാട്സന്‍ 10 ഫോറും ആറു കൂറ്റന്‍ സിക്സറും സഹിതം 124 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹെഡ് (24), ക്രിസ് ലിന്‍ (13) എന്നിവരാണ് ഓസീസിന്‍െറ മറ്റു സ്കോറര്‍മാര്‍.

ഗ്ലെൻ മാക്സ് വെല്ലിനെ പുറത്താക്കിയ യുവരാജിനെ അഭിനന്ദിക്കുന്ന ടീമംഗങ്ങൾ
 

കൃത്യമായ ഗെയിം പ്ളാനിങ്ങോടെയാണ് ഇന്ത്യയും ബാറ്റിങ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍തന്നെ ഫോമിലുള്ള ഇന്ത്യന്‍ ഓപണര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടു. 3.1 ഓവറില്‍ സ്കോര്‍ 46ല്‍ നില്‍ക്കെ ആവേശം മൂത്ത ശിഖര്‍ ധവാന്‍ വാട്സന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഒമ്പതു പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 26 റണ്‍സായിരുന്നു ധവാന്‍െറ വിഹിതം. പിന്നീട് വിരാട് കോഹ്ലിയോടൊപ്പം ചേര്‍ന്ന് രോഹിത് ശര്‍മ സ്കോര്‍ ചലിപ്പിച്ചു. പത്തിനു താഴെ ശരാശരി കുറയാതെ ഇരുവരും മുന്നോട്ടുനീങ്ങി. അര്‍ധസെഞ്ച്വറി പിന്നിട്ട തൊട്ടുടനെ രോഹിത് ദുര്‍ബലമായ ഷോട്ടിലൂടെ വിക്കറ്റ് കളഞ്ഞു. വാട്സന്‍െറ പന്തില്‍ കാമറണ്‍ ബോയ്സ് പിടിച്ചുപുറത്താക്കുമ്പോള്‍ 38 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും പറത്തി 52 റണ്‍സെടുത്തിരുന്നു. 15ാം ഓവറിന്‍െറ അവസാന പന്തില്‍ കോഹ്ലിയെ ബോയ്സ് കുറ്റിത്തെറിപ്പിച്ചപ്പോള്‍ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
 

റെയ്ന
 

നേരിട്ട ആദ്യ പന്തില്‍ സ്റ്റംപിങ്ങില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുരേഷ് റെയ്നയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. റെയ്ന 25 പന്തില്‍നിന്ന് ആറു ഫോറും ഒരു സിക്സും സഹിതം 49 റണ്‍സെടുത്തു. ഏറെക്കാലത്തിനുശേഷം തിരിച്ചുവന്ന യുവരാജ് സിങ് 2014 ഫൈനലിനെ ഓര്‍മിപ്പിക്കുംവിധത്തില്‍ മെല്ളെപ്പോയത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ചു. നിര്‍ണായകമായ സമയത്ത് 10 പന്തില്‍ അഞ്ചു റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. ടൈ റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്സും ഫോറും പറത്തി യുവരാജ് പ്രായശ്ചിത്തം ചെയ്തപ്പോള്‍ അവസാന പന്ത് അതിര്‍ത്തിയിലേക്കു പായിച്ച് റെയ്ന വിജയമാഘോഷിച്ചു. വിരാട് കോഹ്ലിയെ പ്ളെയര്‍ ഓഫ് ദ സീരീസ് ആയി തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.