ബെൻ സ്റ്റോക്സ്

ആഷസിനിടെ ഇംഗ്ലണ്ട് താരങ്ങൾ കാസിനോകളിൽ പോയി, സ്റ്റോക്സിന്റെ നിർദേശങ്ങൾ ലംഘിച്ചു; ക്യാപ്റ്റനും കോച്ചും തമ്മിൽ ഭിന്നതയെന്നും റിപ്പോർട്ട്

ലണ്ടൻ: ആസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലെ അച്ചടക്കമില്ലായ്മയെയും ആഭ്യന്തര കലഹങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. പരമ്പരക്കിടെ ഇംഗ്ലണ്ട് താരങ്ങൾ പലതവണ കാസിനോകൾ സന്ദർശിച്ചതായും അമിതമായി മദ്യപിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ കർശന നിർദേശങ്ങൾ അവഗണിച്ചായിരുന്നു താരങ്ങളുടെ ഈ നടപടി.

വലിയ പ്രതീക്ഷകളുമായി ആസ്‌ട്രേലിയയിലെത്തിയ ഇംഗ്ലണ്ട് 4-1 എന്ന നിലയിലാണ് പരമ്പര കൈവിട്ടത്. ആദ്യ മൂന്ന് ടെസ്റ്റുകളും പരാജയപ്പെട്ടതോടെ 11 ദിവസത്തിനുള്ളിൽ തന്നെ ഇംഗ്ലണ്ടിന് ആഷസ് നഷ്ടമായിരുന്നു.ടീമിന്റെ പരാജയത്തിന് പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഏറിയതായും ‘ദ് ടെലഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മക്കല്ലത്തിന്റെ 'ബാസ്‌ബോൾ' ശൈലിക്കെതിരെ മുൻ താരങ്ങളിൽനിന്നും വലിയ വിമർശനം ഉയരുന്നുണ്ട്.

ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) തീരുമാനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമാണെന്നും കോച്ചും ക്യാപ്റ്റനും ചേർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ആരാധകരെ കബളിപ്പിക്കുകയായിരുന്നുവെന്നും ജെഫ്രി ബോയ്ക്കോട്ട്, മൈക്കൽ വോൺ തുടങ്ങിയ മുൻ ക്യാപ്റ്റന്മാർ വിമർശിച്ചു. കഴിഞ്ഞ 15 വർഷമായി ആസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ കഴിയാത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ വിവാദങ്ങൾ വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags:    
News Summary - England players went to casinos several times during Ashes, disobeyed Ben Stokes' orders; captain, coach divided: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.