കേരളം സിറ്റി, ശ്രീശാന്തിന് പരിഹാസം

തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ബി.ജെ.പി സ്ഥാനാർഥിയായി രാഷ്ട്രീയത്തിലെത്തിയ ശേഷം തൊടുന്നതെല്ലാം പിഴക്കുകയാണ്. ശ്രീയുടെ പിഴവുകളൊക്കെ ‌ട്രോളുകളുടെ രൂപത്തിൽ  സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുമുണ്ട്. കഴിഞ്ഞ ദിവസം 'ട്വിറ്ററിൽ കേരളത്തെ സിറ്റിയെന്ന് വിശേഷിപ്പിച്ചതാണ് പുതിയ വിവാദം. 

'കേരളത്തിൽ മാറ്റം അനിവാര്യമാണ്. ഇത്തവണ ആ മാറ്റം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മൾ ഒരുമിച്ച് നിന്നാൽ കേരളത്തെ ലോകത്തെ ഏറ്റവും മികച്ച സിറ്റി ആക്കാം' എന്നായിരുന്നു ശ്രീയുടെ ട്വീറ്റ്. കേരളം സിറ്റി ആണെങ്കില്‍ ശ്രീശാന്തിന് ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു. ശ്രീക്ക് വേണ്ടി പകരം ട്വീറ്റ് ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നും ചിലര്‍ മറുപടി കൊടുത്തു. ശ്രീശാന്ത് പൊതുവിജ്ഞാനവും ജ്യോഗ്രഫിയും പഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. ട്രോളുകൾ വർധിച്ചതോടെ ട്വിറ്ററിൽ ശ്രീശാന്ത് പലരെയും ബ്ലോക്ക് ചെയ്തു.

ഇതിനിടെ  കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരും ശ്രീശാന്തിനെതിരെ പരിഹാസവുമായി രംഗത്തെത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം നൽകാൻ ബുദ്ധിമുട്ടുന്ന ശ്രീശാന്തിന്‍റെ വിഡിയൊ തരൂർ ട്വിറ്ററിൽ പോസ്റ്റുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രീശാന്ത് ഗൃഹപാഠം ചെയ്യുന്നത്  നന്നായിരിക്കുമെന്ന് തരൂർ പരിഹസിക്കുകയും ചെയ്തു. എന്നാൽ ചാണക്യൻെറ വാക്കുദ്ധരിച്ച് ശ്രീശാന്ത് അപ്പോൾ തന്നെ തരൂരിന് മറുപടി നൽകുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.