അമിത് മിശ്ര കേസ്: അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് ബി.സി.സി.ഐ. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ബി.സി.സി.ഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കേസിന്‍െറ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. ഇവ പൂര്‍ത്തിയായതിനു ശേഷം ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതുവരെ മിശ്രക്കെതിരെ നടപടികള്‍ ഒന്നുമുണ്ടാകിലെ ്ളന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫിക്കക്കെതിരെ നവംബര്‍ 7ന് ആരംഭിക്കുന്ന നാല് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മിശ്രയുണ്ട്.

കേസില്‍ അമിത് മിശ്രയെ ഇന്നലെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. മിശ്ര കൈയ്യേറ്റം ചെയ്തുവെന്ന സിനിമാ നിര്‍മാതാവ് വന്ദന ജെയിനിന്‍െറ പരാതിയെ തുടര്‍ന്നാണ് നടപടി. ബംഗളൂരു റെസിഡന്‍സി റോഡിലെ ഹോട്ടലില്‍വെച്ച് സെപ്റ്റംബര്‍ 25ന് അമിത് മിശ്ര മോശമായി പെരുമാറിയെന്നാണ് അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ വന്ദന നല്‍കിയ പരാതി.

ബംഗളൂരുവില്‍ ഇന്ത്യന്‍ ടീമിന്‍െറ പരിശീലനം നടന്ന സമയത്ത് ഹോട്ടല്‍ മുറിയില്‍വെച്ച് അമിത് മിശ്ര തര്‍ക്കത്തിലേര്‍പ്പെടുകയും കെറ്റിലെറിഞ്ഞു പരിക്കേല്‍പിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. മിശ്രക്കെതിരെ ഐ.പി.സി 354, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. അനുവാദമില്ലാതെ മുറിയില്‍ കയറിവന്ന യുവതി തര്‍ക്കത്തിലേര്‍പ്പെടുകയും ഇവരുടെ കൈതട്ടി കെറ്റില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് മിശ്ര പൊലീസിനോട് പറഞ്ഞത്. വര്‍ഷങ്ങളായി മിശ്രയുമായി അടുപ്പമുണ്ടെന്നും പരാതി പിന്‍വലിക്കുമെന്നും കഴിഞ്ഞദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.