സ്പിന്‍ കരുത്തില്‍ ശ്രീലങ്കക്ക് പരമ്പര

കൊളംബോ: രണ്ടാം ടെസ്റ്റിന്‍െറ അവസാന ദിനം രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സില്‍ വെസ്റ്റിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി 72 റണ്‍സ് ജയം നേടിയ ശ്രീലങ്കക്ക് ഏകപക്ഷീയമായ ടെസ്റ്റ് പരമ്പര ജയം. രണ്ടു മത്സരങ്ങളുടെ പരമ്പര 2-0ത്തിനാണ് എയ്ഞ്ചലോ മാത്യൂസും സംഘവും പിടിച്ചടക്കിയത്. 244 റണ്‍സ് ലക്ഷ്യം മുന്നില്‍നില്‍ക്കെ മഴ കാരണം നാലാം ദിനം ഒരു പന്തുപോലും എറിയാന്‍ കഴിയാതെ മത്സരം ഉപേക്ഷിച്ചതോടെ നിര്‍ണായകമായ അവസാന ദിനത്തില്‍ പോരിനിറങ്ങിയ വിന്‍ഡീസിന് രംഗന ഹെറാത്തിന്‍െറയും മിലിന്ദ സിരിവര്‍ധനയുടെയും സ്പിന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഹെറാത്ത് നാലും സിരിവര്‍ധന മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 61 റണ്‍സുമായി ഡ്വെ്ന്‍ ബ്രാവോ വിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ ടോപ് സ്കോററായപ്പോള്‍ ആകെ നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഓപണര്‍ ഷായ് ഹോപ് 35 റണ്‍സുമായി വീണപ്പോള്‍ ദിനേശ് രാംദിന്‍ 10ഉം കെമര്‍ റോച്ച് 13ഉം റണ്‍സാണെടുത്തത്. ലങ്കക്കായി ആദ്യ ഇന്നിങ്സില്‍ 68ഉം രണ്ടാം ഇന്നിങ്സില്‍ 42ഉം റണ്‍സെടുക്കുകയും ആകെ അഞ്ചു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സിരിവര്‍ധനയാണ് കളിയിലെ താരമായത്.

രണ്ടു മത്സരത്തിലുമായി 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെറാത്ത് പരമ്പരയിലെ താരമായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.