ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട് ല മൈതാനത്ത് രഞ്ജി ട്രോഫി മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. ഡല്‍ഹിയും ബംഗാളും തമ്മിലുള്ള മത്സരത്തിനിടെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. തര്‍ക്കം പരിഹരിക്കാന്‍ വന്ന അമ്പയറെ ഗംഭീര്‍ പിടിച്ച് തള്ളുകയും ചെയ്തു.
ബംഗാള്‍ ബാറ്റ്സ്മാന്‍ പാര്‍ഥസാരഥി ഭട്ടാചാര്‍ജി മനം ശര്‍മയുടെ പന്തില്‍ പുറത്തായതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലാമനായി മനോജ് തിവാരി ക്രീസില്‍ എത്തിയത് തൊപ്പിയണിഞ്ഞായിരുന്നു. എന്നാല്‍ ക്രിസില്‍ എത്തി ഗാര്‍ഡ് എടുത്തതിന് ശേഷം പന്തെറിയാന്‍ വന്ന ബൗളറെ തിരിച്ചയച്ച് തിവാരി ഹെല്‍മറ്റ് വേണമെന്ന് ഡ്രസിങ് റൂമിലേക്ക് ആംഗ്യ കാണിച്ചു. ഇത് മനഃപൂര്‍വം സമയം കളയുകയാണെന്ന് ആരോപിച്ച് മനം ശര്‍മ മനോജ് തിവാരിയോട് കയര്‍ത്തു. ഇതിനിടയില്‍ സ്ളിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗൗതം ഗംഭീര്‍ പെട്ടെന്ന് എത്തി മനോജ് തിവാരിയോട് ചൂടായി. ഇവരെ പിടിച്ചുമാറ്റാന്‍ വന്ന അമ്പയര്‍ കെ. ശ്രീനാഥിനെ ഗംഭീര്‍ തള്ളിമാറ്റുകയും ചെയ്തു.
'വൈകുന്നേരം എന്നെ വന്ന് കാണ്. നിനക്ക് ഞാന്‍ ഇടി തരാ'മെന്ന് ഗംഭീര്‍ പറഞ്ഞു. 'എന്തിനാണ് വൈകുന്നേരം വരെ കാത്തിരിക്കുന്നത്. പുറത്തേക്ക് പോയി ഇപ്പോള്‍ തന്നെ അത് തീര്‍ക്കാ'മെന്ന് തിവാരി ഇതിന് മറുപടി നല്‍കി. തിവാരിക്കെതിരെ മുഷ്ടി ചുരുട്ടിയാണ് ഗംഭീര്‍ നിന്നത്. അതിനിടെ 'ഞാന്‍ നിന്നോട് എന്തെങ്കിലും പറഞ്ഞോ. ഇതിനിടയില്‍ ഇടക്ക് കയറി വരാന്‍ നീയാരാണെന്ന്' തിവാരി ചോദിക്കുകയും ചെയ്തു.
അമ്പയറോട് അപമര്യാദയായി പെരുമാറുന്നത് ക്രിക്കറ്റില്‍ വിലക്ക് വരെ ലഭിക്കാന്‍ പോന്ന കുറ്റമാണ്. ഇരുവരെയും മാച്ച് റഫറി വിശദീകരണം നല്‍കാനായി വിളിച്ചുചേര്‍ത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.