മുംബൈ: ലോക കായിക ഭൂപടത്തിൽനിന്ന് ഒരു വർഷം കൂടി കൊഴിഞ്ഞുപോകുമ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ 2025ലെ റൺവേട്ടക്കാരിൽ ഒന്നാമനായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ഒമ്പതു ടെസ്റ്റുകളിൽനിന്നായി 16 ഇന്നിങ്സുകളിൽനിന്ന് 989 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്ത ഗില്ലിന്‍റെ ബാറ്റിങ് ശരാശരി 70.21 ആണ്.
അഞ്ചു സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. 2025ലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഗില്ലിന്‍റെ ഈ ഫോർമാറ്റിലേക്കുള്ള മടങ്ങിവരവ് ടെസ്റ്റ് കൂടിയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ താരം, രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടി അവിസ്മരണീയമാക്കി. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റിൽ ഗില്ലിനെ പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നു.
രോഹിത്തായിരുന്നു അന്ന് ടെസ്റ്റ് ക്യാപ്റ്റൻ. മേയിലാണ് ഹിറ്റ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്നത്. പിന്നാലെ സെലക്ടർമാർ ഗില്ലിനെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തതോടെ ഗില്ലിന്‍റെ ബാറ്റിങ് ഗ്രാഫും കുത്തനെ ഉയർന്നു. 10 ടെസ്റ്റുകളിൽനിന്ന് 754 റൺസാണ് താരം അടിച്ചുകൂട്ടിയത്. 75.40 ആണ് ശരാശരി. ഇംഗ്ലണ്ട് പരമ്പരയിൽ മാത്രം നാലു സെഞ്ച്വറികളാണ് താരം നേടിയത്. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമായി.
കഴുത്തിന് പരിക്കേറ്റ താരം ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മൂന്നു പന്തുകൾ മാത്രമാണ് നേരിട്ടത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് ഈ വർഷത്തെ ടെസ്റ്റ് റൺവേട്ടക്കാരിൽ രണ്ടാമതുള്ളത്. 11 ടെസ്റ്റുകളിൽനിന്ന് 817 റൺസാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ രണ്ടു സെഞ്ച്വറികളാണ് താരം നേടിയത്. ആഷസ് നിലനിർത്തുന്നതിൽ ഓസീസ് നിരയിൽ നിർണായക പങ്കുവഹിച്ചതും ഹെഡ്ഡാണ്.
ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുൽ (10 ടെസ്റ്റുകളിൽനിന്ന് 813 റൺസ്), ഇംഗ്ലണ്ട് വെറ്ററൻ താരം ജോ റൂട്ട് (10 ടെസ്റ്റുകളിൽനിന്ന് 805 റൺസ്), ഹാരി ബ്രൂക്ക് (771 റൺസ്) എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി നാലു മുതൽ എട്ടു വരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.