ട്വന്‍റി20യുമായി സചിനും വോണും അമേരിക്കയിലേക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ക്രിക്കറ്റിനെ ജനകീയമാക്കുകയെന്ന ലക്ഷ്യവുമായി മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കര്‍, ബ്രയാന്‍ ലാറ, സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ എന്നിവരുള്‍പ്പെടെയുള്ള ഐക്കണ്‍ താരങ്ങള്‍ ട്വന്‍റി20 കളിക്കാന്‍ യു.എസിലേക്ക്. നവംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോക ക്രിക്കറ്റിലെ രണ്ട് ഡസനോളം വരുന്ന പ്രമുഖ വെറ്ററന്‍ താരങ്ങള്‍ അണിനിരക്കും. സചിന്‍െറ ബ്ളാസ്റ്റേഴ്സും വോണിന്‍െറ വാരിയേഴ്സും എന്ന പേരുകളുമായാണ് മുന്‍താരങ്ങള്‍ നിറഞ്ഞ രണ്ട് ടീമുകള്‍ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഏറ്റുമുട്ടുക.

നവംബര്‍ ഏഴിന് സിറ്റിഫീല്‍ഡിലും 11ന് ഹ്യൂസ്റ്റനിലും 14ന് ലോസ് ആഞ്ജലസിലുമാണ് മത്സരങ്ങള്‍ നടക്കുക. ബേസ്ബാള്‍ സ്റ്റേഡിയങ്ങളാണ് ക്രിക്കറ്റിന് വേദിയൊരുക്കുക. ന്യൂസിലന്‍ഡില്‍നിന്നുള്ള ക്യൂറേറ്ററുടെ സഹായത്തോടെ സ്റ്റേഡിയങ്ങളില്‍ ക്രിക്കറ്റ് പിച്ച് നിര്‍മാണം നടക്കുകയാണ്. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്, പാകിസ്താന്‍െറ വസീം അക്രം, ഇംഗ്ളണ്ടിന്‍െറ മൈക്കല്‍ വോണ്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ തുടങ്ങിയ മുന്‍താരങ്ങളെല്ലാം സചിന്‍െറയും വോണിന്‍െറ പിന്നില്‍ അണിനിരക്കും.

ക്രിക്കറ്റിനെ ആഗോളവത്കരിക്കുന്നതിനുള്ള അവസരമാണ് ഈ പരമ്പരയിലൂടെ ഒരുങ്ങുന്നതെന്ന് സചിന്‍ പ്രതികരിച്ചു. ചെറിയ രീതിയില്‍ പരിശീലനം ആരംഭിച്ചതായും സചിന്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.