സംഗക്കാര ക്രീസ് വിട്ടു

കൊളംബോ: ഏറെക്കാലം ലങ്കന്‍ ക്രിക്കറ്റിന്‍െറ ബാറ്റിങ് നെടുന്തൂണായി നിന്ന കുമാര്‍ സംഗക്കാര ക്രീസ് വിട്ടു. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിലെ അവസാന ഇന്നിങ്സില്‍ സംഗ പഴയ പോരാട്ട വീര്യം കാണിച്ചെങ്കിലും ക്രീസില്‍ അധികനേരം നില്‍ക്കാനായില്ല. രണ്ടാം ഇന്നിങ്സിനായി ക്രീസിലെ ത്തിയ സംഗക്കാര മൂന്നു ഫോറുകള്‍ സഹിതം 18 പന്തില്‍നിന്നു 18 റണ്‍സെടുത്തു പുറത്തായി. ആര്‍. അശ്വിനാണു സംഗക്കാരയുടെ അവസാന വിക്കറ്റ് ലഭിച്ചത്. ഈ പരമ്പരയിലെ നാല് ഇന്നിങ്സുകളിലും സംഗക്കാരയെ പുറത്താക്കിയത് അശ്വിനായിരുന്നു.



പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിന്‍െറ മൂന്നാംദിനത്തിലെ കളിക്കുശേഷം വിളിച്ചുചേര്‍ത്ത പ്രത്യേക പത്രസമ്മേളനത്തിലാണ് ടെസ്റ്റില്‍നിന്നും വിരമിക്കാനുള്ള തീരുമാനം സംഗക്കാര പ്രഖ്യാപിച്ചത്. 2015 ഏകദിന ലോകകപ്പിന് പിന്നാലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നെ ങ്കിലും സെലക്ഷന്‍ കമ്മിറ്റിയുടെ അഭ്യര്‍ഥനപ്രകാരം ടെസ്റ്റില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ നാലു സെഞ്ച്വറികളുമായി ചരിത്രം സൃഷ്ടിച്ച 2015 ലോകകപ്പോടെ ഏകദിനത്തില്‍നിന്ന് താരം വിരമിച്ചിരുന്നു. 2014ലെ ട്വന്‍റി^20 ലോകകപ്പോടെ കുട്ടിക്രിക്കറ്റിനോടും വിടപറഞ്ഞു.



അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെങ്കിലും ലോകത്തിന്‍െറ വിവിധ കോണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ സംഗ തുടരും. 2000ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഗല്ളെയില്‍ നടന്ന ടെസ്റ്റിലാണ് സംഗക്കാര അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയുടെ എക്കാലത്തെയും ഉയര്‍ന്ന ടെസ്റ്റ് റണ്‍സ് സ്കോററായാണ് ഒടുവില്‍ താരം വിടപറയുന്നത്.

57.71ശരാശരിയില്‍ 12400 റണ്‍സാണ് സംഗയുടെ സമ്പാദ്യം. 38 സെഞ്ച്വറികളില്‍ 11 എണ്ണം ഇരട്ടശതകങ്ങളാണ്. ഡബ്ള്‍ സെഞ്ച്വറി നേട്ടത്തില്‍ സംഗക്കാരയുടെ മുന്നില്‍ 12 ഡബ്ള്‍ നേടിയ സാക്ഷാല്‍ ബ്രാഡ്മാന്‍ മാത്രമാണുള്ളത്. 198 പേരുടെ പുറത്താക്കലിലും സംഗക്കാര പങ്കുവഹിച്ചിട്ടുണ്ട്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.