മാനം കാക്കാന്‍ ആസ്ട്രേലിയ പൊരുതുന്നു

ഓവല്‍: ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് എടുത്തതീരുമാനം ശരിയാണ്. ഈ മത്സരത്തോടെ കളി മതിയാക്കാനുള്ള തീരുമാനം ഏറ്റവും ഉചിതമായത്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ക്ളാര്‍ക്കിന് കണക്ക് പിന്നെയും തെറ്റി. 29 പന്ത് നേരിട്ടപ്പോള്‍ ആകെ സമ്പാദ്യം വെറും 15 റണ്‍സ്. ഇനി മതിയാക്കുന്നതാണ് നല്ലത്. പക്ഷേ, കപ്പിത്താന് നിലതെറ്റിയെങ്കിലും ഇതിനകം പരമ്പര അടിയറ വെച്ചുകഴിഞ്ഞ ആസ്ട്രേലിയ ആഷസിലെ അവസാന ടെസ്റ്റില്‍ നില ഭദ്രമാക്കി. ഒടുവില്‍ വിവരംകിട്ടുമ്പോള്‍ 67 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിട്ടുണ്ട്.

ടോസ് നഷ്ടമായെങ്കിലും ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ആസ്ട്രേലിയക്കായി ഓപണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ക്രിസ് റോജേഴ്സും ഡേവിഡ് വാര്‍ണറും ചേര്‍ന്ന കൂട്ടുകെട്ട് 110 റണ്‍സിലത്തെിയപ്പോള്‍ 43 റണ്‍സെടുത്ത റോജേഴ്സ് മാര്‍ക്ക് വുഡിന്‍െറ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ച് പുറത്തായി. ഡേവിഡ് വാര്‍ണര്‍ 85 റണ്‍സെടുത്തു മികച്ചപ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് ക്രീസിലത്തെിയ മൈക്കല്‍ ക്ളാര്‍ക്ക്, ബെന്‍ സ്റ്റോക്കിന്‍െറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ പിടിച്ച് പുറത്താവുകയായിരുന്നു. 68 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും 23 റണ്‍സുമായി ആദം വോഗസുമാണ് ക്രീസില്‍.

3-1ന് ഇംഗ്ളണ്ട് സ്വന്തമാക്കിക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ മാനംകാക്കാന്‍ ഈ ടെസ്റ്റില്‍ ക്ളാര്‍ക്കിനും കൂട്ടര്‍ക്കും ജയിച്ചേ മതിയാകൂ. ഓപണിങ് ബാറ്റ്സ്മാന്‍ ക്രിസ് റോജേഴ്സും ഈ ടെസ്റ്റോടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

‘കുത്തകകള്‍ക്കെതിരെ’ പ്രതിഷേധം
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) ഭരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുന്ന ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ പ്രകടനം. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് എന്നീ മൂന്നു രാജ്യങ്ങള്‍ ഐ.സി.സിയുടെ സമ്പത്തിന്‍െറ 52 ശതമാനവും കൈയടക്കിവെച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ക്രിക്കറ്റിലെ വഴിതെറ്റിയ ഭരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ‘ഡത്തെ് ഓഫ് എ ജെന്‍റില്‍മാന്‍’ എന്ന ഡോക്യുമെന്‍ററിയുടെ സഹസംവിധായകന്മാരായ സാം കോളിന്‍സ്, ജറോഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഏതാനുംപേര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന എന്‍. ശ്രീനിവാസന്‍, ഐ.സി.സി ചെയര്‍മാനാവുകയും ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഗില്‍സ് ക്ളാര്‍ക്, ക്രിക്കറ്റ് ആസ്ട്രേലിയ ചെയര്‍മാന്‍ വാലി എഡ്വേര്‍ഡ് എന്നിവര്‍ തലപ്പത്തത്തെുകയും ചെയ്തതോടെ ഐ.സി.സിയുടെ സുതാര്യത നഷ്ടമായെന്നാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശം. ഇതേ ആരോപണം തന്നെയാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.