മീനങ്ങാടി (വയനാട്): റണ്ണുകളുടെ ഗിരിശൃംഗമേറി ക്വിന്‍റണ്‍ ഡി കോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ തന്‍െറ ക്രാഫ്റ്റ് തെളിയിച്ചപ്പോള്‍ വയനാടന്‍ മണ്ണിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ ഇന്ത്യ എ ബാക്ഫൂട്ടില്‍. ഇന്ത്യന്‍ മണ്ണില്‍ വിമാനമിറങ്ങിയശേഷം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ ഡി കോക്കിന്‍െറ (102 പന്തില്‍ 113) മാസ്മരിക ബാറ്റിങ്ങിന്‍െറ പിന്‍ബലത്തില്‍ ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എ ഒന്നാമിന്നിങ്സില്‍ 542 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസ് 74 പന്തില്‍ 75 റണ്‍സെടുത്ത് കോക്കിനൊത്ത പങ്കാളിയായി.
തുടര്‍ന്ന് ഒന്നാമിന്നിങ്സില്‍ പാഡുകെട്ടിയിറങ്ങിയ ഇന്ത്യ ‘എ’ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 122 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. ജീവന്‍ജോത് സിങ് (22), അഭിനവ് മുകുന്ദ് (38), ശ്രേയസ് അയ്യര്‍ (49) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു 11 റണ്‍സുമായും കരുണ്‍ നായര്‍ റണ്ണെടുക്കാതെയും ക്രീസിലുണ്ട്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ആതിഥേയര്‍ 420 റണ്‍സിന് പിന്നിലാണിപ്പോള്‍.
നാലു വിക്കറ്റിന് 293 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് തെംബാ ബാവുമയുടെയും (142 പന്തില്‍ 66) തലേന്ന് നൈറ്റ്വാച്ച്മാനായിറങ്ങിയ ഡെയ്ന്‍ പീറ്റിന്‍െറയും (16) വിക്കറ്റുകള്‍ എളുപ്പം നഷ്ടമായി. തെളിഞ്ഞ അന്തരീക്ഷത്തില്‍ ദിവസം മുഴുവന്‍ കളി സാധ്യമായ കൃഷ്ണഗിരിയുടെ നടുത്തളത്തില്‍ പിന്നീട് ഒത്തുചേര്‍ന്ന കോക്കും വിലാസും കത്തിക്കയറിയതോടെ ആഫ്രിക്കന്‍ സ്കോറിങ്ങിന് ആക്കംകൂടുകയായിരുന്നു. 47 ഏകദിനങ്ങളുടെയും ആറ് ടെസ്റ്റ് മത്സരങ്ങളുടെയും പാകതയുള്ള 23കാരന്‍ ജീവനില്ലാത്ത പിച്ചില്‍ സ്ട്രോക്പ്ളേയുടെ ചാരുതയുമായി കാണികളെ വിരുന്നൂട്ടി. ത്രിരാഷ്ട്ര പരമ്പരയില്‍ ഓപണറുടെ റോളിലത്തെി രണ്ടു കളികളിലും സെഞ്ച്വറി നേടിയ ഡി കോക്ക് കൃഷ്ണഗിരിയില്‍ ഏഴാം നമ്പറിലാണ് പാഡുകെട്ടിയത്. ട്വന്‍റി20 സ്റ്റൈലില്‍ തുടക്കമിട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം, അക്ഷര്‍ പട്ടേലിനെ കട്ട്ഷോട്ടിലൂടെ അതിര്‍ത്തികടത്തിയാണ് 37 പന്തില്‍ അര്‍ധശതകം തികച്ചത്. ഏഴു ഫോറും രണ്ടു സിക്സും അതിനകം ആ ബാറ്റില്‍നിന്ന് പിറവിയെടുത്തിരുന്നു. കൂട്ടാളിയായത്തെിയ വിലാസ് കൂട്ടുകാരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്നപോലെ ആഞ്ഞടിച്ചപ്പോള്‍ ആയുധങ്ങളില്ലാതെ ഇന്ത്യ കുഴങ്ങി. ഓവറില്‍ 5.7 റണ്‍സ് ശരാശരിയിലാണ് ഇരുവരും ഏഴാം വിക്കറ്റില്‍ 107 റണ്‍സ് ചേര്‍ത്തത്.12 ഫോറും മൂന്നു സിക്സുമടക്കം 113ലത്തെിയ ഡി കോക്ക് ശ്രേയസ് അയ്യര്‍ക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ലോങ്ഓഫില്‍ ഈശ്വര്‍ പാണ്ഡെക്ക് പിടികൊടുത്താണ് മടങ്ങിയത്. 74 പന്തില്‍ 10 ഫോറും രണ്ടു സിക്സുമുതിര്‍ത്ത വിലാസിനെ ലോങ്ഓണില്‍ അക്ഷര്‍ പട്ടേല്‍ ശ്രമകരമായി കൈകളിലൊതുക്കുകയായിരുന്നു. 115 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ പട്ടേലാണ് ഇന്ത്യ എ ബൗളിങ്ങില്‍ മികവുകാട്ടിയത്.
സ്പിന്നര്‍മാര്‍ക്ക് പിന്തുണ കിട്ടിത്തുടങ്ങിയ ട്രാക്കില്‍ ആതിഥേയ ഓപണര്‍മാര്‍ ക്ളീന്‍ബൗള്‍ഡാവുകയായിരുന്നു. വേഗംകൊണ്ട് ഇന്ത്യക്കാരെ കുഴക്കിയ വെയ്ന്‍ പാര്‍നല്‍, മികച്ച ഷോട്ടുകള്‍ പായിച്ച അയ്യരെ സ്റ്റംപെടുക്കാന്‍ രണ്ട് ഓവര്‍ ശേഷിക്കെ ക്ളീന്‍ബൗള്‍ഡാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.