ഡി കോക്കിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് 542 റണ്‍സ്

മീനങ്ങാടി (വയനാട്): ഇന്ത്യ^ദക്ഷിണാഫ്രിക്ക ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോറില്‍. വെടിക്കെട്ട് വീരന്‍ ഡി കോക്കിന്‍െറ (113) സെഞ്ച്വറി മികവില്‍ ആഫ്രിക്കന്‍ സംഘം 542 റണ്‍സെടുത്തു പുറത്തായി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ നാലും ശ്രേയസ് അയ്യരും ജയന്ത് യാദവും രണ്ടും വീതം വിക്കറ്റും വീഴ്ത്തി.

നാലിന് 293 റണ്‍സെന്ന നിലയില്‍ തുടങ്ങിയ മത്സരത്തില്‍ താംബേ ബാവുമക്ക് തലേന്നത്തെ സ്കോറിനോടൊപ്പം 11 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളു. അഭിമന്യു മിഥുന്‍െറ പന്തില്‍ യാദവിന് ക്യാച്ച് നല്‍കിയായിരുന്നു ബാവുമയുടെ മടക്കം. തുടര്‍ന്നെത്തിയ ഡി കോക്കും ഡിനിയല്‍ പിയറ്റും ചേര്‍ന്ന് പതിയെ റണ്‍സ് ഉയര്‍ത്തി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സെടുത്തു. പിയറ്റിനെ അക്സര്‍ പട്ടേലാണ് മടക്കിയത്. പിന്നീടെത്തിയ ഡാന്‍ വിലാസും (75) ഡി കോക്കും ചേര്‍ന്ന് മികച്ച കളി പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് എഴാം വിക്കറ്റില്‍ 107 റണ്‍സെടുത്ത് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി.

ഈ കൂട്ടുകെട്ടില്‍ ആഫ്രിക്കന്‍ സംഘം മേധാവിത്വം പുലര്‍ത്തി. സ്കോര്‍ 492 ലെത്തിയപ്പോള്‍ ശ്രേയസ് അയ്യരാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയവര്‍ക്കൊന്നും ക്രീസില്‍ അധികനേരം നില്‍ക്കാനായില്ല. വിലാസിനെ ജയന്ത് യാദവും വെയ്ന്‍ പാര്‍ലനിനെ അക്സര്‍ പട്ടേലും മടക്കി. കേശവ് മാഹാരാജ് (19), ഡേന്‍ പീറ്റേഴ്സണ്‍ (10) എന്നിങ്ങനെയായിരുന്നു വാലറ്റക്കാരുടെ സംഭാവന.





 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.