ചെന്നൈ: രണ്ടുദിവസം മുമ്പ് കൊമ്പുകോര്‍ത്തപ്പോഴും പുലികള്‍ക്കു മുന്നിലെ എലികളായിരുന്നു ഓസീസിന് ഇന്ത്യ. ‘എ’ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ സര്‍വപ്രതാപികളായി നാലു ഗ്രൂപ് മത്സരങ്ങളും ജയിച്ച് ഫൈനലിലേക്ക് മുന്നേറിയ ആസ്ട്രേലിയന്‍ പടക്ക് മുന്നില്‍ രണ്ടുതവണ തോറ്റമ്പിയപ്പോഴും ആ വലുപ്പക്കുറവ് ഇന്ത്യ ‘എ’ പ്രകടമാക്കി. എന്നാല്‍, അവസാന പോരില്‍ കളിയും കഥയും മാറി. തങ്ങളെ വിലകുറച്ച് കണ്ട ഓസീസിന്‍െറ അശ്രദ്ധയില്‍ കയറിപ്പിടിച്ച ഇന്ത്യന്‍ യുവനിര അവരെ മലര്‍ത്തിയടിച്ചു, പരമ്പരയിലെ കിരീടവും പിടിച്ചു.
ഫൈനലില്‍ നാലു വിക്കറ്റിനാണ് കങ്കാരുക്കളെ ഇന്ത്യ തകര്‍ത്തത്. അപ്പോഴും എറിയാന്‍ 39 പന്തുകള്‍ ബാക്കി. ടെസ്റ്റ് പരമ്പരയില്‍ മുട്ടുകുത്തിച്ചതിന് അതേ വേദിയില്‍ മധുരപ്രതികാരം. മികച്ച ഫോമിലായിരുന്ന ഓസീസ് ബാറ്റിങ്ങിനെ 50 ഓവറില്‍ ഒമ്പതിന് 226 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ മറുപടി ഇന്നിങ്സില്‍ 43.3 ഓവറില്‍ ആറു പേരുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓള്‍റൗണ്ട് പ്രകടനവുമായി മത്സരം തന്‍േറതാക്കിയ ഗുര്‍കീരത് സിങ് മന്‍ ആണ് ഇന്ത്യയുടെ ഹീറോ. അപകടകാരികളായ ഓസീസ് ഓപണര്‍ ജോ ബേണ്‍സിനെയും മധ്യനിരക്കാരന്‍ കല്ലം ഫെര്‍ഗൂസനെയും പറഞ്ഞുവിട്ട് ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിക്കുന്നതില്‍ പങ്കുവഹിച്ച ഗുര്‍കീരത്, ആറാമനായത്തെി പ്രതിസന്ധി ഘട്ടത്തില്‍ ബാറ്റിങ്ങിനെ താങ്ങിയ അര്‍ധശതകവും നേടിയാണ് ടീമിന് ജയം സമ്മാനിച്ചത്. 85 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെനിന്ന ഗുര്‍കീരത് കളിയിലെ താരവുമായി.
ഏഴാം വിക്കറ്റില്‍ 87 റണ്‍സിന്‍െറ കൂട്ടുകെട്ടുയര്‍ത്താന്‍ സഹായിച്ച മലയാളി താരം സഞ്ജു സാംസണിന്‍െറ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 42 പന്തില്‍നിന്ന് 24 റണ്‍സുമായി സഞ്ജുവാണ് ഗുര്‍കീരതിന് പിന്തുണയുമായി ഒരുവശം കാത്തത്. 10 ഓവറില്‍ 37 റണ്‍സ് മാത്രം നല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയുടെ ബൗളിങ്ങും എതിരാളികളെ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപണര്‍ മായങ്ക് അഗര്‍വാളാണ് പരമ്പരയിലെ താരം. പരിശീലകക്കുപ്പായത്തില്‍ രാഹുല്‍ ദ്രാവിഡിന്‍െറ ആദ്യ പരമ്പര ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.