'എ' ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്‍റ്: റണ്‍മല കേറി ഇന്ത്യ ഫൈനലില്‍

ചെന്നൈ: വെള്ളിയാഴ്ച ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഫൈനലില്‍ ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടും. റണ്‍മല കയറിയ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 34 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് നേടിയത്.
ടോസ് നേടിയിട്ടും ബോണസ് പോയന്‍റ് നേടി ഫൈനല്‍ പിടിക്കാന്‍ രണ്ടാമത് ബാറ്റ് ചെയ്യുകയാണ് നല്ലതെന്ന വിശ്വാസത്തില്‍ ഫീല്‍ഡിലിറങ്ങിയ ദക്ഷിണാഫ്രിക്കക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് പടുകൂറ്റന്‍ സ്കോര്‍. മൂന്നിന് 371 റണ്‍സ്. ഓപണര്‍ മായങ്ക് അഗര്‍വാളും മധ്യനിരയില്‍ മനീഷ് പാണ്ഡെയും നേടിയ വെടിക്കെട്ട് സെഞ്ച്വറികളും ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്‍െറ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയെ വമ്പന്‍ സ്കോറില്‍ എത്തിച്ചത്. 133 പന്തില്‍ അഞ്ച് സിക്സറും 20 ബൗണ്ടറികളും പറത്തി അഗര്‍വാള്‍ 176 റണ്‍സെടുത്തപ്പോള്‍ 85 പന്തില്‍ മനീഷ് പാണ്ഡെ 108 റണ്‍സെടുത്തു. രണ്ട് സിക്സറും എട്ട് ഫോറും കൂട്ടിന്. ഉന്മുക്താവട്ടെ 77 പന്തിലാണ് 64 റണ്‍സെടുത്തത്. മൂന്നു വീതം സിക്സറും ഫോറും പായിക്കാനും മറന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി 86 പന്തില്‍ ആറ് സിക്സറും 10 ബൗണ്ടറിയും പറത്തി ഓപണര്‍ ക്വിന്‍റണ്‍ ഡി കോക് 133 റണ്‍സെടുത്ത് കത്തിക്കയറിയെങ്കിലും പാഴായിപ്പോയി. റീസാ ഹെന്‍റി 76 റണ്‍സും ഖയസ് സൊന്‍ഡോ 86 റണ്‍സുമെടുത്ത് ശ്രമിച്ചുനോക്കിയെങ്കിലും വിജയതീരമണയാന്‍ കഴിഞ്ഞില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.