ഇന്ത്യ 'എ'ക്കായി സഞ്ജു ഇന്നിറങ്ങും

ചെന്നൈ: ചതുര്‍ദിന ടെസ്റ്റ് പരമ്പരയില്‍ തങ്ങളെ കീഴടക്കിയ ആസ്ട്രേലിയ ‘എ’ക്കെതിരെ ഏകദിന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ‘എ’ വെള്ളിയാഴ്ച കൊമ്പുകോര്‍ക്കും. മികച്ച ഫോമിലുള്ള ഓസീസ്, 1^0ത്തിന് ടെസ്റ്റ് പരമ്പര നേടിയതിനുശേഷം ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ‘എ’യെ 10 വിക്കറ്റിന് തകര്‍ത്തിരുന്നു. മലയാളി താരമായ സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, കരുണ്‍ നായര്‍, കരണ്‍ ശര്‍മ എന്നീ യുവതാരങ്ങള്‍ക്ക് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ മികച്ച അവസരമാണ് ഈ പരമ്പര നല്‍കുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിച്ചവരില്‍ കര്‍ണാടക താരമായ കരുണ്‍ നായര്‍ മാത്രമാണ് ഈ ടീമിലും ഇടംപിടിച്ചത്.

ഉന്മുക്ത് ചന്ദ് നയിക്കുന്ന ടീമില്‍ സന്ദീപ് ശര്‍മ, റഷ് കലേരിയ, റിഷി ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരിലായിരിക്കും പേസ് ബൗളിങ് ചുമതല. എന്നാല്‍, ചെന്നൈ പിച്ച് സ്പിന്‍ ബൗളിങ്ങിനെ തുണക്കുന്നതായതിനാല്‍ മൂന്നു സ്പിന്നര്‍മാരുമായി ഇന്ത്യയിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ സൂചിപ്പിച്ചു. ടെസ്റ്റ് മുതല്‍ ചെന്നൈയില്‍ കളിക്കുന്ന ആസ്ട്രേലിയന്‍ നിര സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു. ഉസ്മാന്‍ ഖ്വാജ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ്. അതുകൊണ്ടുതന്നെ കടുപ്പമേറിയ ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.