തിരുവനന്തപുരം: കൊളംബോയിൽ നടക്കുന്ന സാഫ് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ മൂന്ന് മലയാളി താരങ്ങളും തിരുവനന്തപുരം സായിയുടെ ചുണക്കുട്ടികൾ. 31 ആൺകുട്ടികളും 28 പെൺകുട്ടികളും അടങ്ങിയ ഇന്ത്യൻ ടീമിൽ തിരുവനന്തപുരം സായിയുടെ അഞ്ച് താരങ്ങളാണുള്ളത്. ഇതിൽ മൂന്ന് പേർ മലയാളികളാണ്. ഇന്ത്യൻ ടീമിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ ഇവർ മാത്രമാണെന്നുള്ളതെന്നത് തിരുവനന്തപുരം സായിയുടെ നേട്ടത്തിെൻറ മാറ്റ് വർധിപ്പിക്കുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫൈസ്, വയനാട് സ്വദേശി അഭിനന്ദ് സുന്ദരേശൻ, കോട്ടയം സ്വദേശി സനീഷ് പി.എസ് എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.
മുഹമ്മദ് ഫൈസ് സായിയിലെത്തിയിട്ട് രണ്ടുവർഷമായി. 110 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഫൈസ് ജൂനിയർ ഫെഡറേഷൻ കപ്പിൽ വെള്ളി നേടിയാണ് സാഫ് ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൻ.വി. നിഷാദ്കുമാറിന് കീഴിലാണ് പരിശീലനം നടത്തുന്നത്. ഫെഡറേഷൻ മീറ്റിൽ 1500 മീറ്ററിൽ വെങ്കലം നേടി ഇന്ത്യൻ ടീം അംഗമായ അഭിനന്ദ് സുന്ദരേശൻ സായിയിലെത്തിയിട്ട് ഇത് മൂന്നാംവർഷമാണ്. ജോയ് ജോസഫാണ് പരിശീലകൻ. ഇന്ത്യൻ റിലേ ടീം അംഗമായ സനീഷ് പി.എസ് രണ്ടുവർഷമായി സായിയിൽ പീസ് പിയുടെ ശിക്ഷണത്തിൽ പരിശീലനം നേടുന്നു.
ഇവരെ കൂടാതെ തിരുവനന്തപുരം സായി എൽ.എൻ.സി.പി.ഇ കാമ്പസിൽ പ്രവർത്തിക്കുന്ന സായി സ്പ്രിൻറ് ആൻഡ് ജംപ് അക്കാദമിയുടെ താരങ്ങളായ എസ്. ലോകേഷ് ലോങ് ജംപിലും കമൽരാജ് ട്രിപ്പിൾ ജംപിലും കൊളംബോയിൽ മത്സരിക്കുന്നുണ്ട്. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. അക്കാദമിയിൽ റുമേനിയയിൽ നിന്നുള്ള പരിശീലകൻ ബെഡ്റോസ് ബെഡ്റോസിന് കീഴിലാണ് അവർ പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.