ടെസ്റ്റ് ക്രിക്കറ്റിലെ കാരണവര്‍ ദീപക് ഷോധന്‍ അന്തരിച്ചു

അഹ്മദാബാദ്: ഇന്ത്യന്‍ ടെസ്റ്റിലെ കാരണവര്‍ എന്ന് വിളിച്ച ദീപക് ഷോധന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായി ക്രിക്കറ്റ് റെക്കോഡ് ബുക്കില്‍ ഇടം നേടിയ ഷോധന്‍ ജന്മനാടായ ഗുജറാത്തിലെ അഹ്മദാബാദില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. നാലുമാസമായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.
ഇടംകൈയന്‍ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമായി 1952 ഡിസംബറില്‍ പാകിസ്താനെതിരെ കൊല്‍ക്കത്തയിലായിരുന്നു അരങ്ങേറ്റം. മികച്ച ഓള്‍റൗണ്ടറായി തുടക്കത്തില്‍ തന്നെ പേരെടുത്ത ദീപക് ഷോധന് പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 1953 മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റായിരുന്നു കരിയറിലെ അവസാന കളി.
അരങ്ങേറ്റത്തില്‍ എട്ടാമനായി കളത്തിലിറങ്ങിയായിരുന്നു സെഞ്ച്വറി പ്രകടനം. ലാലാ അമര്‍നാഥിനു ശേഷം അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ സെഞ്ച്വറിക്കാരനായെങ്കിലും (110) ഷോധന് മൂന്ന് മത്സരത്തിനപ്പുറം ആയുസ്സ് ലഭിച്ചില്ല.വിന്‍ഡീസ് പര്യടനത്തിനിടെ സഹതാരം വിനു മങ്കാന്തുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം നിഷേധിക്കപ്പെടാന്‍ കാരണമായതെന്ന് 2004ല്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ ദീപക് ഷോധന്‍ വെളിപ്പെടുത്തിയിരുന്നു.
ക്യാപ്റ്റന്‍ വിജയ് ഹസാരെയും മങ്കാന്തും തമ്മിലെ ടീമിലെ പടലപ്പിണക്കത്തില്‍ ദീപക് ഇരുപക്ഷത്തിനൊപ്പവും നിന്നില്ല. തൊട്ടുപിന്നാലെ മങ്കാന്ത് നായകനായപ്പോള്‍ ദീപക് പുറത്തായി. പക്ഷേ, ഗുജറാത്തിനും ബറോഡക്കുമായി ഏറെ നാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. 43 ഫസ്റ്റ്ക്ളാസ് മത്സരങ്ങളില്‍ നിന്ന് 1802 റണ്‍സ് അടിച്ചെടുത്തു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ശരാശരിക്ക് ഉടമകൂടിയാണ് (60.33)  ദീപക് ഷോധന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.