ബാങ്കോക്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണമോഹങ്ങളിലേക്ക് കാഞ്ചിവലിച്ച് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്നും ജിതു റായ് വരുന്നു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ ചൈനയുടെ ഒളിമ്പിക്-ലോകചാമ്പ്യന്‍ കൂടിയായ പാങ് വെയെ അട്ടിമറിച്ചാണ് ജിതു റായ് 50 മീ. പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞത്.
191.3 പോയന്‍റ് സ്കോര്‍ ചെയ്താണ് റിയോ ഒളിമ്പിക്സിലേക്ക് ആദ്യ യോഗ്യത നേടിയ ഇന്ത്യന്‍ ഷൂട്ടര്‍കൂടിയായ ജിതു പൊന്നണിഞ്ഞത്. പാങ് വെ (186.5) വെള്ളിയണിഞ്ഞപ്പോള്‍, ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് ചൈനയുടെ തന്നെ വാങ് ഷിവെ (165.8) മൂന്നാമതായി. ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പ യോഗ്യതാ റൗണ്ടില്‍ 17ല്‍ പിന്തള്ളപ്പെട്ടു.
യോഗ്യതാ റൗണ്ടില്‍ മൂന്നാമനായാണ് ജിതു (562) ഫൈനല്‍ റൗണ്ടില്‍ കടന്നത്. പാങ്വെ ഒന്നും വാങ് ഷിവെ രണ്ടും സ്ഥാനത്തായിരുന്നു. എന്നാല്‍, മെഡല്‍ നിര്‍ണയ പോരാട്ടത്തിലെ ‘ബുള്‍സ് ഐ’ ഹിറ്റുകളുമായി ഇന്ത്യന്‍ പട്ടാള താരം 50 മീറ്ററിലെ ആദ്യ ലോകകപ്പ് സ്വര്‍ണം സ്വന്തമാക്കി. 2014 ലോകകപ്പില്‍ 10മീ. എയര്‍ പിസ്റ്റളില്‍ ജിതു സ്വര്‍ണമണിഞ്ഞിരുന്നു.
50 മീ. പ്രോണ്‍, 10 മീ. എയര്‍ പിസ്റ്റള്‍ വിഭാഗങ്ങളില്‍ ജിതു ശനിയാഴ്ച റേഞ്ചില്‍ വീണ്ടും മെഡല്‍ വേട്ടക്കിറങ്ങും. ഗഗന്‍ നരംഗ്, ചെയ്ന്‍ സിങ് എന്നീ ഇന്ത്യന്‍ താരങ്ങളും പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.