ഗോൾഫ്താരം ജേസണ്‍ ഡേ ഒളിമ്പിക്​സിൽ നിന്ന്​ പിൻമാറി

റിയോഡി ജനീറോ: മാരകമായ സിക വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ബ്രസീലില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ നിന്ന്​ ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ പിന്‍മാറി. ട്വറ്ററിലൂടെയാണ് ഓസീസ് താരം പിന്‍മാറുന്ന കാര്യം അറിയിച്ചത്.

‘ഒളിമ്പിക്‌സില്‍ നിന്ന്​ ഞാന്‍ പിന്മാറുകയാണ്. സിക്ക വൈറസ് ഭീഷണി ഉള്ളതിനാല്‍ സാഹസത്തിന് തയ്യാറല്ല. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം കൂടി ഇതിന്റെ പിറകിലുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന’ - ജേസണ്‍ ഡേ പറഞ്ഞു.

നവജാത ശിശുക്കളില്‍ മാരകമായ ജനിതക വൈകല്യങ്ങളുണ്ടാക്കുന്ന സിക വൈറസ് ബാധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന നേരത്തെ നിര്‍ദേശിച്ചിരുന്നു.
 നവജാതശിശുക്കളില്‍ മൈക്രോസെഫാലി എന്ന അവസ്ഥയ്ക്കിടയാക്കുന്നു എന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്. ചെറിയ തലയോട്ടിയും മസ്തിഷ്‌കവുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണ്​ മൈക്രോസെഫാലി .

1904ന് ശേഷം ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ ഗോള്‍ഫ് മത്സരയിനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിക വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ബ്രസീലിലെ ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെടിരുന്നു. എന്നാല്‍ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അതിന് തയ്യാറായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.