അലി, വൃത്തത്തില്‍ ഒതുങ്ങാത്ത കവിത

ഒടുവില്‍, മോഷ്ടാവിനെപ്പോലെ കാത്തുനിന്ന മരണത്തിന് കിട്ടിയത് മുഹമ്മദ് അലിയുടെ പഴക്കൂട് മാത്രമായിമാറിയ ആ ദുര്‍ബലശരീരം മാത്രം. ബാക്കിയെല്ലാം അലി സമൂഹത്തിന്‍െറ ഓര്‍മകളില്‍ ഒരു മോഷ്ടാവിനും തൊടാനാവാത്തവിധം ഭദ്രമായി നിക്ഷേപിച്ചുകഴിഞ്ഞിരുന്നു. രണ്ടുപതിറ്റാണ്ടിലേറെക്കാലം ലോക ബോക്സിങ് രംഗത്തെ നടുക്കിയ ആ ഇടിമുഴക്കം, സ്വന്തം കിരീടവും ചെങ്കോലും ഉപേക്ഷിച്ചുകൊണ്ട് അലി താന്‍ കണ്ടിട്ടുപോലുമില്ലാത്ത വിയറ്റ്നാം എന്ന വിദൂര രാഷ്ട്രത്തിലെ ജനതയോട് കാണിച്ച ഐക്യദാര്‍ഢ്യവും സ്നേഹവും, പാപപങ്കിലമായ യുദ്ധങ്ങള്‍ക്കും നരഹത്യകള്‍ക്കും നേതൃത്വം കൊടുക്കുന്ന സ്വന്തം ഭരണകൂടത്തോട് കാണിച്ച ധീരമായ നിഷേധസ്വരം, മതത്തിന്‍െറയും വര്‍ഗത്തിന്‍െറയും വേലിക്കെട്ടുകള്‍ നിഷേധിച്ച ധിക്കാരിയുടെ കാതല്‍, സ്പോര്‍ട്സ് താരത്തിന്‍െറ ജീവിതം അരാഷ്ട്രീയമാകരുത് എന്ന ഓര്‍മപ്പെടുത്തല്‍- എല്ലാം ലോകസമൂഹം അലിയില്‍നിന്ന് ഏറ്റെടുത്തുകഴിഞ്ഞു. മരണത്തിന് ഇതൊന്നും തൊടാന്‍ കഴിയില്ല.

കറുത്തവന്‍െറ ഗര്‍ജനം
ഇന്ന് അമേരിക്കന്‍ ഭരണകൂടവും ലോകജനതയും സ്പോര്‍ട്സ് പ്രേമികളും കണ്ണീരോടെ അലിയെ യാത്രയാക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്തെല്ലാം ഓര്‍മകളായിരിക്കും ഉണരുക! 1967ല്‍ സ്വന്തം രാജ്യമായ അമേരിക്കയുടെ ഭരണകൂടത്തിന്‍െറ യുദ്ധക്കൊതിക്കെതിരെ മുഹമ്മദ് അലി എന്ന കറുത്തവര്‍ഗക്കാരന്‍ ഗര്‍ജിക്കുമ്പോള്‍ ആരും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല കറുത്തവര്‍ഗക്കാരനായ ഒരാള്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍െറ അധ്യക്ഷനാവുമെന്ന്. 2016ല്‍ അലി ലോകത്തോട് വിടവാങ്ങുമ്പോള്‍ കറുത്ത വംശജനായ ഒബാമയായിരിക്കും അമേരിക്കക്കുവേണ്ടി ഏറ്റവും മുന്നില്‍നിന്ന് അലിയെ കൈവീശി യാത്രയാക്കുക. ഒരര്‍ഥത്തില്‍ ഒബാമ എന്ന രാഷ്ട്രീയ പ്രതിഭാസത്തെ സാധ്യമാക്കിയവരില്‍ എബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാത്രമല്ല, മുഹമ്മദ് അലി എന്ന സ്പോര്‍ട്സ് താരം കൂടി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ തിരിച്ചറിവ് പല രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമ പണ്ഡിതര്‍ക്കും ഇല്ല എന്ന് ഖേദത്തോടെ പറയട്ടെ. കവിക്കും കലാകാരനും രാഷ്ട്രീയ ജീവിതവും രാഷ്ട്രീയ പ്രസക്തിയും ഉണ്ടാകാമെന്ന് കഷ്ടിച്ച് സമ്മതിച്ചാല്‍തന്നെ ഈ ഗണത്തിലേക്ക് സ്പോര്‍ട്സ് താരം വരുമെന്ന് അവര്‍ ആലോചിക്കാറില്ല. പക്ഷേ, അലി ആ തിരുത്തലിന് തുടക്കം കുറിക്കുന്നു.

ഇടിക്കൂട്ടില്‍നിന്ന് പ്രശസ്തിയിലേക്കുയര്‍ന്ന അലി മറ്റൊരു സാമൂഹിക സംവാദത്തിനുകൂടി തുടക്കമിട്ടു. താന്‍ ജനിച്ച ക്രിസ്തുമതത്തില്‍നിന്ന് ഇസ്ലാംമതത്തിലേക്ക് മാറിക്കൊണ്ടായിരുന്നു അലി സംവാദങ്ങളുടെ മധ്യത്തില്‍ എത്തിയത്. അലിയുടെ നിര്യാണവാര്‍ത്തയെ തുടര്‍ന്ന്ഒരിക്കല്‍കൂടി ഈ സംവാദം ഉയരുമെന്ന് ഉറപ്പാണ്. അലിയുടെ മതംമാറ്റത്തെ എങ്ങനെ വിലയിരുത്തണം? തെറ്റായ മതദര്‍ശനത്തില്‍നിന്ന് ഇസ്ലാം എന്ന ശരിയായ ദര്‍ശനത്തിലേക്കുള്ള മാറ്റമായി അതിനെ വിലയിരുത്തിയാല്‍ അത് അലിയുടെ ജീവിതത്തെ അങ്ങേയറ്റം തെറ്റിദ്ധരിക്കലായിരിക്കും. മതദര്‍ശനങ്ങളില്‍ ഏത് തെറ്റ്, ഏത് ശരി എന്ന ചിന്തകളില്‍നിന്നായിരുന്നില്ല അലിയുടെ മതംമാറ്റം ഉണ്ടാവുന്നത്. എന്നുമാത്രവുമല്ല, ഇസ്ലാം മതത്തിലേക്ക് മാറിയ അലി ആ മതത്തിനുള്ളില്‍തന്നെ നിരവധി വ്യത്യസ്ത സംഘടനകങ്ങളിലേക്കും ദര്‍ശനധാരകളിലേക്കും മാറിക്കൊണ്ടേയിരുന്നു. ആദ്യം, 1960കളുടെ തുടക്കത്തില്‍ മാല്‍ക്കം എക്സ് എന്ന വ്യക്തിയിലൂടെ അമേരിക്കയിലെ നേഷന്‍ ഓഫ് ഇസ്ലാമിലേക്കാണ് ആദ്യം ആകൃഷ്ടനായത്. ഈ സംഘടന കറുത്തവര്‍ഗക്കാരായ ഇസ്ലാം മതവിശ്വാസികളുടെ സംഘടനയായിരുന്നു. കാഷ്യസ് ക്ളേ എന്ന പേരുമാറ്റി മുഹമ്മദ് അലി എന്ന പേര് നല്‍കുകയും ചെയ്തു. വാസ്തവത്തില്‍, മതദര്‍ശനപരമായ കാരണമൊന്നും ആയിരുന്നില്ല അലിയുടെ മതംമാറ്റത്തിനുപിറകില്‍. അതിലേറെ, കറുത്തവര്‍ഗക്കാരോട് വെളുത്ത വര്‍ഗക്കാര്‍ കാണിക്കുന്ന സാമൂഹിക അയിത്തമായിരുന്നു അലിയെ മതംമാറ്റത്തിന് പ്രചോദിപ്പിച്ചത്. ‘നേഷന്‍ ഓഫ് ഇസ്ലാം’ എന്ന സംഘടനയാകട്ടെ, ഇസ്ലാം മതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ താല്‍പര്യം കാണിച്ചത് വെളുത്തവര്‍ഗത്തെ എതിര്‍ക്കുന്ന കാര്യത്തിലായിരുന്നു. കടുത്ത ഭാഷയില്‍തന്നെ അലി ഈ സംഘടനയോടൊപ്പംനിന്ന് വെള്ളക്കാരെ വിമര്‍ശിച്ചു. എന്നാലും ഒരു വൈരുധ്യം അവിടെയുമുണ്ടായിരുന്നു. ജെറി ഐസന്‍ബെര്‍ഗ് എന്ന എഴുത്തുകാരന്‍ ഈ വൈരുധ്യത്തെക്കുറിച്ച് തുറന്നെഴുതിയിട്ടുമുണ്ട്: ‘നേഷന്‍ ഓഫ് ഇസ്ലാം എന്ന സംഘടന അലിയുടെ കുടുംബമായി. തലവന്‍ എലിജ മുഹമ്മദാവട്ടെ, അലിക്ക് പിതൃതുല്യനുമായി. എന്നാല്‍, വിചിത്രമായൊരു വൈരുധ്യം ഇവിടെയുണ്ട്. ഈ സംഘടന വെള്ളക്കാരെ മുഴുവന്‍ പിശാചുക്കളായി കരുതുമ്പോഴും അലിക്ക് മറ്റേത് ആഫ്രിക്കന്‍ വംശജനായ അമേരിക്കക്കാരനേക്കാളും വെള്ളക്കാരായ സഹപ്രവര്‍ത്തകരുണ്ടായിരുന്നു.

1975ല്‍ അലി ‘നേഷന്‍ ഓഫ് ഇസ്ലാം’ എന്ന സംഘടന വിട്ട് മറ്റൊരു ഗ്രൂപ്പിലേക്കു മാറി. എന്നാല്‍, അമേരിക്കയിലെ സുന്നി ഇസ്ലാം പൊതുസ്വീകാര്യതയുള്ള വിഭാഗമായതുകൊണ്ടായിരുന്നു ഈ മാറ്റം. കുറച്ചുകൂടി കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സൂഫിമാര്‍ഗത്തിലേക്ക് മാറി. ‘യൂനിവേഴ്സല്‍ സൂഫിസം’ എന്ന വിഭാഗത്തിന്‍െറ നേതാവായിരുന്ന ഇനായത്ത്ഖാന്‍ എന്ന ആത്മീയദാര്‍ശനികന്‍െറ പ്രബോധനങ്ങളായിരുന്നു അപ്പോള്‍ അലിയെ നയിച്ചത്. ചുരുക്കത്തില്‍, അലിയുടെ മതചര്യയെ എങ്ങനെ ക്രോഡീകരിച്ചെടുക്കാം? ക്രിസ്തുമത നിഷേധത്തിലല്ല ആ ചര്യ ആരംഭിച്ചത്. മറിച്ച്, വംശീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള അമര്‍ഷത്തിലായിരുന്നു.


റിങ്ങിലെ പൂമ്പാറ്റ
ബോക്സര്‍ എന്ന നിലയില്‍ സ്പോര്‍ട്സ് പണ്ഡിതരും ലേഖകരും അദ്ദേഹത്തെ ഓര്‍മിച്ചെടുക്കാനും ഏതെങ്കിലും ലളിത വ്യാഖ്യാനത്തിലേക്ക് ഒതുക്കാനും ഈ ദിവസങ്ങളില്‍ ശ്രമിക്കും. ഈ ലളിതവ്യാഖ്യാനങ്ങള്‍ക്കായി അവര്‍ നല്ളൊരു മുദ്രാവാക്യ സമാനമായ വാക്യം കണ്ടത്തെിയിട്ടുമുണ്ട്. അലി ‘പൂമ്പാറ്റയെപ്പോലെ പറന്നുനടക്കുകയും കടന്നലിനെപ്പോലെ കുത്തുകയും ചെയ്യുന്ന’ ബോക്സറായിരുന്നു എന്നാണ് ആ പ്രശസ്തമായ വാക്യം. ആ വാക്യത്തിന് അര്‍ഥം ഇത്രയേ ഉള്ളൂ; അലി ബോക്സിങ് റിങ്ങില്‍ നൃത്തച്ചുവടുകളുമായി എതിരാളിക്കുചുറ്റും കറങ്ങുകയും അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ എതിരാളിയെ ഇടിച്ചിടുകയും ചെയ്യുമെന്ന്. സത്യത്തില്‍ അലിയെന്ന ബോക്സറുടെ ശൈലിയെ തെറ്റിദ്ധരിക്കാന്‍ ഇതിലേറെ നല്ല വാക്യം വേറെയില്ല.

മുഹമ്മദലി തന്‍െറ ബോക്സിങ് ജീവിതത്തില്‍ നിരവധി ശൈലികള്‍ കാഴ്ചവെച്ചിട്ടുണ്ട് എന്നതാണ് സത്യം. കരിയറിന്‍െറ തുടക്കത്തിലാണ് പൂമ്പാറ്റയെപ്പോലെ പറന്നുനടക്കുന്ന അലിയെ ലോകം കണ്ടത്. വാസ്തവത്തില്‍ എതിരാളിയെ വട്ടം കറക്കി പറന്നുനടന്നു എന്നതല്ല അതിലെ മുഖ്യമായ കാര്യം. എതിരാളിയുടെ ഇടികളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള അസാമാന്യമായ വേഗതയും മെയ്വഴക്കവും അലിക്കുണ്ടായിരുന്നു എന്നതിലാണ് അലിയുടെ ശൈലിയുടെ കാതല്‍. ഏറ്റവും ഭയം തോന്നുന്ന ഒരു കാര്യം അലി എതിരാളിയെ നേരിടുമ്പോള്‍ കൈകൊണ്ട് മുഖം മറച്ചിരുന്നില്ല എന്നതാണ്. മിന്നല്‍പോലെ എതിരാളിയുടെ പഞ്ചുകള്‍ അലിയുടെ മൂക്കിനുനേരെ വരുമ്പോഴും അതിലേറെ വേഗത്തില്‍ അലിക്ക് ഒഴിഞ്ഞുമാറാന്‍ സാധിച്ചു.

എങ്കിലും, അലി ബോക്സിങ് ചരിത്രത്തിലെ കരുത്തന്മാരുടെ ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നില്ല. അതായത്, മെയ്ക്കരുത്തിന്‍െറ കാര്യത്തില്‍ സണ്ണി ലിസ്റ്റണും കെന്‍നോര്‍ട്ടനും ജോ  ഫ്രേസിയറുമൊക്കെ അലിയേക്കാള്‍ കരുത്തരായിരുന്നു. എന്നാല്‍, ഈ കുറവ് നികത്താന്‍ അലിക്ക് രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, അതിവേഗത. മറ്റ് ബോക്സര്‍മാര്‍ സെക്കന്‍ഡില്‍ ഒരു പഞ്ച് ചെയ്യുമെങ്കില്‍ അലി ആറും ഏഴും പഞ്ചുകള്‍ തിരിച്ചുകൊടുക്കും. രണ്ടാമത്തെ കാര്യം, മെയ്വഴക്കമാണ്. അലിയുടെ ആദ്യകാലത്ത് അലിക്ക് ഒരു ബോക്സറുടെ പഞ്ചും തന്‍െറ മുഖത്ത് വരില്ല എന്ന് ഉറപ്പായിരുന്നു.

1967 മുതല്‍ 1970 വരെയുള്ള കാലം അലി സസ്പെന്‍ഷനിലായിരുന്നു. വിയറ്റ്നാമിനെതിരെ യുദ്ധത്തിന് പോകാന്‍ തന്നെ കിട്ടില്ല എന്ന് അറിയിച്ചതുതന്നെ കാരണം. മൂന്നുവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന അലി ഞെട്ടലോടെ മനസ്സിലാക്കി, തനിക്ക് പഴയ ചടുലത നഷ്ടപ്പെട്ടിരുന്നു എന്ന്. പറന്നുനടന്നും ഒഴിഞ്ഞുമാറിയും ഇനി എതിരാളികളെ കബളിപ്പിക്കാന്‍ കഴിയില്ളെന്നര്‍ഥം. ഇവിടെയാണ് മുഹമ്മദലിയിലെ അതിബുദ്ധിമാനായ കായികതാരം ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. എതിരാളികള്‍ പിന്നെ കണ്ടത് ബോക്സിങ് റിങ്ങിന്‍െറ ചുറ്റുമുള്ള കയറില്‍ ചാരിനില്‍ക്കുന്ന അലിയെ ആയിരുന്നു. പൂമ്പാറ്റനൃത്തം അവസാനിപ്പിച്ച അലി തന്‍െറ ‘റോപ്പ് എ ഡോപ്പ്’ എന്ന വിദ്യ പുറത്തെടുക്കുകയായിരുന്നു. എതിരാളിയുടെ ഇടി നിശ്ചലനായി നേരിട്ട അലി ഇടിയുടെ ഊര്‍ജം കയറിലേക്ക് പകര്‍ന്നുകൊടുത്തു. ഇലാസ്റ്റിക് പോലെ കയര്‍ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടി. അഥവാ, കയര്‍ ആ ഊര്‍ജം മുഴുവന്‍ വലിച്ചെടുത്തു. ഒടുവില്‍ ഇടിയേല്‍ക്കുന്ന അലി തളരാതെയും ഇടിക്കുന്ന എതിരാളി തളര്‍ന്നും കാണപ്പെട്ടു. ആ തളര്‍ച്ചയുടെ മൂര്‍ധന്യത്തില്‍ അലി തന്‍െറ പഴയ മിന്നല്‍ പ്രത്യാക്രമണങ്ങള്‍ പുറത്തെടുത്ത് എതിരാളിയെ വീഴ്ത്തി. ഒരു കളത്തിലും ഒതുക്കാനാവാത്ത ജീവിതമാണ് കളംവിട്ടത്. അദ്ദേഹത്തെ ഏതെങ്കിലുമൊരു മതത്തിന്‍െറ, രാഷ്ട്രീയ ദര്‍ശനത്തിന്‍െറ, സങ്കുചിതമായ നിഷേധവാക്യങ്ങളുടെ, പ്രസിദ്ധമായ ചില മുദ്രാവാക്യങ്ങളുടെ ഉള്ളില്‍ ഒതുക്കാന്‍ രാഷ്ട്രീയ-മത-കായിക ലേഖകര്‍ക്ക് ശ്രമം നടത്തിനോക്കാം. അവരുടെ നേരെയായിരിക്കും ഇനി അലി പൂമ്പാറ്റയെപ്പോലെ വട്ടമിട്ടുപറന്നും കടന്നലിനെപ്പോലെ കുത്താനും പോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.