മെഡലണിഞ്ഞ് വീണ്ടും എലിസബത്ത്

ഗുവാഹതി: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വിജയാരവം മുഴക്കിയ ദക്ഷിണേഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റെയ്ഞ്ചില്‍ മലയാളികള്‍ക്ക് വീണ്ടും അഭിമാനത്തിളക്കം. ഇന്ത്യ ആറില്‍ ആറു സ്വര്‍ണവും കരസ്ഥമാക്കിയ ദിനത്തില്‍ മലയാളി താരം എലിസബത്ത് സൂസന്‍ കോശി ഓരോ സ്വര്‍ണവും വെള്ളിയുമായി മെഡല്‍ വേട്ടയില്‍ പങ്കാളിയായി. വനിതകളുടെ 50 മീറ്റര്‍ എയര്‍റൈഫ്ള്‍ ടീമിനത്തില്‍ സ്വര്‍ണവെടിയുതിര്‍ത്ത എലിസബത്ത് 50 മീറ്റര്‍ എയര്‍റൈഫ്ള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 451.9 പോയന്‍റുമായി വെള്ളിയിലൊതുങ്ങുകയായിരുന്നു.
1726 പോയന്‍റുമായി സ്വര്‍ണം നേടിയ ടീമിനത്തിലെ സഹതാരങ്ങളായിരുന്ന അഞ്ജും മൗദ്ഗിലും ലജ്ജ ഗോസ്വാമിയുമാണ് വ്യക്തിഗത വിഭാഗത്തിലും എലിസബത്തിന്‍െറ എതിരാളികളായി മറ്റ് രണ്ടു മെഡലുകള്‍ ഇന്ത്യക്കായി കരസ്ഥമാക്കിയത്. എലിസബത്തുമായുള്ള കനത്ത പോരാട്ടത്തിനൊടുവില്‍ അഞ്ജും മൗദ്ഗില്‍ 452.2 പോയന്‍റുമായി സ്വര്‍ണം തന്‍േറതാക്കി. 429.9 പോയന്‍റുമായി ലജ്ജ ഗോസ്വാമി വെങ്കലവും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ഈയിനത്തില്‍ എലിസബത്ത് സ്വര്‍ണം നേടിയിരുന്നു. ദക്ഷിണേഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിലെ ആദ്യ ദിനത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫ്ള്‍ വിഭാഗം ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗതയിനത്തില്‍ വെള്ളിയും മലയാളി താരം നേടിയിരുന്നു.
മൂന്ന് വ്യക്തിഗത ഇനത്തില്‍ തീരുമാനമായ ഒമ്പതു മെഡലുകളില്‍ ഒരെണ്ണം മാത്രമാണ് ആതിഥേയ രാജ്യത്തിന് ലഭിക്കാതെപോയത് എന്നതും പ്രത്യേകതയായി. ഓംകാര്‍ സിങ് (പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), രാഹി സര്‍ണോബട്ട് (വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍) എന്നിവരാണ് വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണം നേടിയ മറ്റ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍. ഇന്ത്യക്ക് വെള്ളി നഷ്ടമായ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതേന്ദ്ര വിഭുതെ വെങ്കലം നേടി. ഗുര്‍പ്രീത് സിങ്ങിന് ഇവിടെ ആറാം സ്ഥാനത്തത്തൊനേ കഴിഞ്ഞുള്ളൂ.
ഓംകാര്‍, ഗുര്‍പ്രീത്, ജിതേന്ദ്ര സംഘം ടീം ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. രാഹി സര്‍ണോബട്ടിന് പിറകിലായി സഹതാരങ്ങളായ അന്നുരാജ് സിങ്ങും അനിസ സയ്ദും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഇവരുടെ സംഘം ടീം വിഭാഗത്തില്‍ സ്വര്‍ണവും നേടിയതോടെ ശനിയാഴ്ച ഇന്ത്യയുടെ സ്വര്‍ണം ആറായി. ഇതിനകം 18 സ്വര്‍ണവും എട്ടു വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ വെടിവെച്ചിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.