ലണ്ടനില്‍നിന്ന് റിയോയിലേക്ക്; ഇടിഞ്ഞുവീണ് ഇന്ത്യ

റിയോ ഡെ ജനീറോ: സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമിന്‍െറ മടക്കം. 2012ല്‍ ലണ്ടനില്‍ ആറു മെഡലുണ്ടായിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇക്കുറി രണ്ടായി ചുരുങ്ങി. 11 ദിവസം കാത്തിരുന്ന ശേഷമാണ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചതുതന്നെ. വെള്ളി നേടിയ പി.വി. സിന്ധുവും വെങ്കലമണിഞ്ഞ ഗുസ്തിക്കാരി സാക്ഷി മാലികും വലിയ നാണക്കേടില്‍നിന്ന് കരകയറ്റിയെന്നു പറയാം.
മെഡല്‍ കിട്ടാത്ത ഒളിമ്പിക്സുകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ വാനോളം പ്രതീക്ഷകള്‍ നല്‍കിയാണ് ടീം ബ്രസീലിലേക്ക് പറന്നത്. മെഡല്‍ സാധ്യതയുള്ളവര്‍ക്ക് ലോകോത്തര പരിശീലനത്തിനും അന്താരാഷ്ട്ര പരിചയം നേടാനുമുള്ള സൗകര്യം ഇത്തവണ ഒരുക്കിയിരുന്നു. എന്നിട്ടും ഈ വന്‍വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ കാരണം എന്തായിരിക്കും എന്നു പരിശോധിക്കേണ്ടതുണ്ട്. ഒളിമ്പ്യന്‍ ആവുക എന്നതിനപ്പുറം മെഡല്‍ നേടുക എന്ന വീര്യം കാണിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

 രണ്ടു പേര്‍ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നു വെങ്കലം തലനാരിഴക്ക് നഷ്ടപ്പെട്ടു. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയും ജിംനാസ്റ്റിക്സില്‍ ദിപ കര്‍മാക്കറും ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ ടീമും നാലാമതായി. അത്ലറ്റിക്സിലായിരുന്നു ഇത്തവണ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ചത്. ഏറ്റവും നിരാശജനക പ്രകടനവും ട്രാക്കിലും ഫീല്‍ഡിലുമായിരുന്നു. 34 അംഗങ്ങള്‍ പങ്കെടുത്തതില്‍ ഒരാള്‍ മാത്രമാണ് ഫൈനലിലത്തെിയത്. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ലളിത ബബ്ബാര്‍ മാത്രം. ഷൂട്ടിങ്ങിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. മത്സരിച്ച 12 പേരും മെഡല്‍ നേടാന്‍ സാധ്യതയുള്ളവരാണെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ മൂന്നു ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ച ഇനവുമാണ് ഷൂട്ടിങ്. ലോക ഒന്നാം റാങ്കുവരെയത്തെിയ ജിത്തുറായി മൂന്നിനത്തില്‍ മത്സരിച്ചതില്‍ ഒന്നില്‍ ഫൈനലിലത്തെിയെന്ന് പറയാം.

ഹോക്കിയില്‍ മലയാളി ശ്രീജേഷിന്‍െറ നേതൃത്വത്തിലുള്ള പുരുഷടീം ക്വാര്‍ട്ടറില്‍ ശക്തരായ ബെല്‍ജിയത്തോടാണ് തോറ്റതെങ്കിലും ഗ്രൂപ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ കാനഡയെ തോല്‍പിച്ചിരുന്നെങ്കില്‍ ബെല്‍ജിയത്തെ നേരിടുന്നത് ഒഴിവാക്കാമായിരുന്നു. എങ്കിലും വീരോചിതം പൊരുതിയെന്ന് പറയാം. വനിതാ ടീം ഒരു ജയം പോലും നേടാതെ ഗ്രൂപ്പില്‍ അവസാനക്കാരായി. ബാഡ്മിന്‍റണില്‍ പി.വി. സിന്ധു ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ കരോലിന മാരിനോട് പൊരുതിത്തോറ്റ് അഭിമാനം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കഴിണ തവണ വെങ്കലം നേടിയ സൈന നെഹ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. ടെന്നിസ് കോര്‍ട്ടും നിരാശപ്പെടുത്തി. പേസ്-ബൊപ്പണ്ണ സഖ്യം തുടക്കത്തിലേ പുറത്തായി. സാനിയ-ബൊപ്പണ്ണ മിക്സഡ് സഖ്യം ക്വാര്‍ട്ടറിലും മടങ്ങി. ടേബിള്‍ ടെന്നിസ്, ജൂഡോ, ബോക്സിങ്, അമ്പെയ്ത്ത്, ഗോള്‍ഫ്, തുഴച്ചില്‍, നീന്തല്‍, ഭാരോദ്വഹനം എന്നിവയാണ് ഇന്ത്യ മത്സരിച്ച മറ്റു ഇനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.