?????? ????????????????? ??????? ???????????? ?????????????? ?????? ??????????

കാത്തിരുന്ന്, കാത്തിരുന്ന്...

ഒരു മനുഷ്യനെ കാണാന്‍ വേണ്ടി ലോകമൊന്നടങ്കം ഇങ്ങനെ ഇമവെട്ടാതെ കാത്തിരുന്നിട്ടുണ്ടാകില്ല.  കറുപ്പില്‍ കടഞ്ഞെടുത്ത ഈ ആറരയടിക്കാരനെക്കാള്‍ വലിയൊരു കായിക താരം ഇന്ന് ലോകത്തില്ല. പത്തു നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. അതൊരു ആഘോഷമായിരുന്നു. അതിന് നേരില്‍ സാക്ഷിയായതിന്‍െറ ത്രില്‍ മായുന്നില്ല.

ഞായറാഴ്ച ഇന്ത്യയുടെ ടെന്നിസിലെയും ഹോക്കിയിലെയും  ജിംനാസ്റ്റിക്സിലെയും  തോല്‍വി പരമ്പരകള്‍ക്ക് ശേഷം നേരെ പോയത് ജോ ഹാവലാഞ്ച് ഒളിമ്പിക് സ്റ്റേഡിയത്തിലേക്കാണ്. ബാഹയിലെ മെയിന്‍ പ്രസ് സെന്‍ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുമായി പുറപ്പെട്ട ബസില്‍ നിന്നുതിരിയാന്‍ ഇടമില്ല. വരിവരിയായി നില്‍ക്കുന്ന എല്ലാ ബസിലും സ്ഥിതി ഇതുതന്നെ. ഉസൈന്‍ ബോള്‍ട്ട് മത്സരിക്കുന്ന 100 മീ. സെമിഫൈനലിന് ഇനിയും അഞ്ചു മണിക്കൂര്‍ ബാക്കിയുണ്ട്. പക്ഷേ, നേരത്തെ എത്തിയില്ളെങ്കില്‍ സീറ്റ് കിട്ടില്ല. പ്രസ് ട്രിബ്യൂണില്‍ ഫിനിഷിങ് ലൈനിന് നേരെ മുകളില്‍ തന്നെ സീറ്റുറപ്പിച്ചു. ഗാലറികള്‍ കാലി. അപ്പോള്‍ മത്സരങ്ങളൊന്നുമില്ല. സമയം കഴിയുന്തോറും ഗാലറിയിലേക്ക് ജനം ഒഴുകി. പുറത്ത് സുരക്ഷാ പരിശോധനാ ബൂത്തിന് മുമ്പില്‍ നീണ്ട ക്യൂ.
സ്റ്റേഡിയം ആഘോഷമൂഡിലേക്ക് പ്രവേശിച്ചിരുന്നു. വിവിധ രാജ്യക്കാരുണ്ട് അതില്‍. ഗാലറിയിലെ ജമൈക്കന്‍ പതാകകള്‍ അത് ലോകത്തെ ഏറ്റവും വലിയ രാജ്യമാണെന്ന് തോന്നിച്ചു. അതിനിടയില്‍ മറ്റു മത്സരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി തുടങ്ങിയിരുന്നു. പക്ഷേ, എല്ലാവരും കാത്തിരിക്കുന്നത് ഒരു മനുഷ്യനെയാണ്. ഉസൈന്‍ ബോള്‍ട്ട്. വേഗരാജാവിന്‍െറ ഓട്ടം നേരില്‍ കാണാന്‍ വേണ്ടി വന്‍തുക മുടക്കി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരുണ്ട്.

100 മീ. സെമിഫൈനല്‍ തുടങ്ങാന്‍ പോകുന്നെന്ന അറിയിപ്പ് മുഴങ്ങിയതോടെ തന്നെ ഗാലറി ഇളകി. രാത്രി ഒമ്പതിന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര) ആദ്യ സെമി. പ്രശസ്തരാരുമില്ല. അഞ്ചു മിനിറ്റിന് ശേഷം രണ്ടാം സെമി. ഉസൈന്‍ ബോള്‍ട്ട് സ്റ്റാര്‍ട്ടിങ് ബ്ളോക്കിലേക്ക് അതാ വരുന്നു. കാതടപ്പിക്കുന്ന ഇരമ്പലില്‍ സ്റ്റേഡിയം കുലുങ്ങുന്ന പോലെ. ആറാം ലൈനില്‍ ബോള്‍ട്ട് നിലയുറപ്പിച്ചു. വെടിപൊട്ടി. ഫൗള്‍ സ്റ്റാര്‍ട്ടിന് ബഹ്റൈന്‍ താരം പുറത്ത്. രണ്ടാമതും വെടിപൊട്ടി. ആദ്യ 40 മീറ്ററില്‍ പിന്നിലായിരുന്ന ബോള്‍ട്ട് ഒന്ന് ആഞ്ഞുപിടിച്ചു. എല്ലാവരും പിന്നിലായി. 80 മീറ്റര്‍ അകലെയത്തെിയപ്പോഴേ രണ്ടു വശത്തേക്കും നോക്കി ഒന്നു ചിരിച്ച് സ്വതസിദ്ധമായ ആ വേഗം കുറക്കല്‍. ബോള്‍ട്ടും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസും ഫൈനലില്‍. ഒന്നും സംഭവിക്കാത്തവനെപോലെ സിംഹം മടയിലേക്ക് മടങ്ങി. ഇനി ഫൈനലിന്. മറ്റു മത്സരങ്ങളും മെഡല്‍ ദാനവും സ്റ്റേഡിയത്തില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അരലക്ഷത്തോളം കാണികള്‍ ആകാംക്ഷയിലാണ്. അവര്‍ കാത്തിരിക്കുന്നത് വേഗരാജാവിനെ കാണാനാണ്. ഇവിടെ സമയം രാത്രി 10.20. വേഗരാജാവിനെ കണ്ടത്തൊനുള്ള ഫൈനലിന്‍െറ പ്രഖ്യാപനം വന്നു. ഓരോരുത്തരായി സ്റ്റേഡിയത്തിന്‍െറ നിലവറയില്‍നിന്ന് കടന്നുവന്നു. അതാ ബോള്‍ട്ട്. ഒരു കാന്തിക തരംഗം സ്റ്റേഡിയത്തിലേക്ക് വ്യാപിച്ചപോലെ. മറ്റാരെയും കാണുന്നില്ല. ബോള്‍ട്ട് എന്നല്ലാതെ ഒന്നും കേള്‍ക്കുന്നുമില്ല. ബോള്‍ട്ടിന്‍െറ ഓട്ടം വെറും മത്സരമല്ല. അതൊരു വമ്പന്‍ ഷോയാണ്. ആത്മാവിന്‍െറ ആഴങ്ങളില്‍ നിന്നുയരുന്ന ആഹ്ളാദം നുരഞ്ഞുപതയുന്ന ഷോ.

സ്റ്റാര്‍ട്ട് ലൈനില്‍ എട്ടുപേര്‍ നിരനിരയായി നിന്നു. മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും മുഖത്ത് സമ്മര്‍ദം പ്രകടം. ഓരോരുത്തരെ പരിചയപ്പെടുത്തുന്നു. ആറാമത് ഉസൈന്‍ ബോള്‍ട്ട്. നിലക്കാത്ത കൈയടി. ബോള്‍ട്ട്...ബോള്‍ട്ട്... വിളികള്‍ അലയടിക്കവെ ചുണ്ടുകൊണ്ടും കണ്ണുകൊണ്ടും ചില കോപ്രായങ്ങള്‍. ഗാലറിയെ നോക്കി ആംഗ്യങ്ങള്‍. ജനം ശരിക്കും ആസ്വദിക്കുന്നു. പതുക്കെ പിരിമുറുക്കം ഗാലറിയിലേക്കും പടര്‍ന്നു. ആദ്യ വരയില്‍ നിലയുറപ്പിക്കും മുമ്പ് ചുണ്ടില്‍ വിരല്‍വെച്ച് നിശ്ശബ്ദരാകാന്‍ ഗാലറിയോട് ബോള്‍ട്ടിന്‍െറ ആംഗ്യം. സ്വിച്ച് ഓഫ് ചെയ്തപോലെ സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. പിന്നെ മുകളിലേക്ക് നോക്കി കുരിശുവരച്ച് പ്രാര്‍ഥന. സമയം 10.25. വെടിപൊട്ടി. ബോള്‍ട്ട് പിന്നിലോ. ഗാലറി ഒരു നിമിഷം സ്തംഭിച്ചോ. പിന്നെ ഇരമ്പിയാര്‍ത്ത് പിന്തുണ. എല്ലാം പത്തു നിമിഷത്തിനകം കഴിഞ്ഞു. അതിനിടയില്‍ ഇമവെട്ടാതെ കണ്ടത് ലോകത്തെ കോരിത്തരിപ്പിച്ച കരുത്തിന്‍െറയും പ്രതിഭയുടെയും ഊര്‍ജപ്രവാഹം.  9.81 സെക്കന്‍ഡില്‍ ഒരു മനുഷ്യന്‍ ലോകത്തെ ഒന്നടങ്കം കീഴ്പ്പെടുത്തിയിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന മറ്റൊരു കായികമത്സരവും നല്‍കാത്ത ആവേശം. ഈ നിമിഷത്തിനാണ് ആബാലവൃദ്ധം കാത്തിരുന്നത്. സാധാരണ സ്പ്രിന്‍റര്‍മാര്‍ക്ക് 44 മുതല്‍ 48 വരെ ചുവടുകളാണ് 100 മീറ്റര്‍ ഓടാന്‍ വേണ്ടത്. എന്നാല്‍, ആറരയടി ഉയരവും 95 കിലോ തൂക്കവുമുള്ള ഈ അസാധാരണ സ്പ്രിന്‍റര്‍ക്ക് 40 ചുവടുകള്‍ വേണ്ടിവന്നില്ല. കടുത്ത വെല്ലുവിളിക്കൊടുവിലുള്ള വിജയത്തിന്‍െറ ആശ്വാസവും ആഹ്ളാദവും ബോള്‍ട്ടിന്‍െറ മുഖത്ത്.  പിന്നെ ആരാധകരിലേക്ക്. അവരെ നോക്കി കണ്ണിറുക്കി.

കൈവീശി. ട്രാക്കിലൂടെ സ്റ്റേഡിയം വലംവെച്ചു. ഗാലറിയിലേക്ക് ചുംബനങ്ങള്‍ പറത്തി. കുടുംബാംഗങ്ങള്‍ക്ക് സമീപമത്തെി ആലിംഗനം. ഇതിനിടെ സ്പൈക്ക് അഴിച്ചുവെച്ച് വേലിക്കെട്ടില്‍ ചവിട്ടി ഗാലറിയിലേക്ക് കയറിനിന്നു. ചില ആരാധകര്‍ക്ക് വിജയനിമിഷം സെല്‍ഫിയിലാക്കാന്‍ ഭാഗ്യം ലഭിച്ചു.
ലോകം ഒന്നാണിവിടെ. നിറവും മതവും രാജ്യാതിര്‍ത്തികളും എല്ലാം മാഞ്ഞുപോയിരിക്കുന്നു. മനുഷ്യകുലത്തിന്‍െറ കലര്‍പ്പില്ലാത്ത ആനന്ദം. ശത്രുത പോരാട്ടം തീരുംവരെ മാത്രം. ബോള്‍ട്ടിലൂടെ റിയോ ഒളിമ്പിക്സും ചരിത്രമാവുകയാണ്. ലോകത്തിന് ഒരു ചക്രവര്‍ത്തിയേയുള്ളൂ. അത് ഉസൈന്‍ ബോള്‍ട്ടാണ്. ലോകം ഒന്നടങ്കം സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന, ഓമനിക്കുന്ന ചക്രവര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.