സാവി ഹെർണാണ്ടസ്

സാവി പുറത്ത്; ഹാൻസി ഫ്ലിക് ബാഴ്സലോണ പരിശീലകൻ

ബാഴ്സലോണ (സ്പെയിൻ): വിഖ്യാത താരം സാവി ഹെർണാണ്ടസ് ബാഴ്സലോണ ക്ലബിന്റെ പരിശീലക പദവിയിൽനിന്ന് പുറത്തേക്ക്. പരിശീലക പദവിയിൽ മുൻ ബയേൺ മ്യൂണിക് കോച്ച് ഹാൻസ് ഫ്ലിക്ക് ചുമതലയേറ്റു. സാവിയുടെ സേവനം അവസാനിപ്പിക്കുന്നതായി ക്ലബ് പ്രസിഡന്റ് യോവാൻ ലാപോർട്ട ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ലാപോർട്ടയുമായും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ മുൻതാരം ഡെക്കോയുമായും സാവി വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാളായ സാവിയുമായി കരാർ അവസാനിപ്പിക്കുന്ന കാര്യം ഇരുവരും അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. സാവിയുടെ സേവനം അവസാനിപ്പിച്ചതായി ബാഴ്സ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്ലിക് ചീഫ് കോച്ചിന്റെ ചുമതല ഏറ്റെടുത്തു. 

ബാഴ്സലോണ പരിശീലകൻ എന്ന ‘സ്വപ്ന ജോലി’ക്കായി ഫ്ലിക് കാത്തിരിക്കുകയായിരുന്നുവെന്നാണ് അഭ്യൂഹം. ജർമൻ ദേശീയ ടീം പരിശീലകനായിരുന്ന അദ്ദേഹത്തെ ഇംഗ്ലീഷ് പ്രീമിയർലീഗിലെ നിരവധി ക്ലബുകൾ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ബാഴ്സലോണയിലേക്ക് ത​ന്നെ ഉറ്റുനോക്കുകയായിരുന്നുവെന്ന് പ്രമുഖ കളിയെഴുത്തുകാരൻ ഫാബ്രിസിയോ റൊമാനോ ‘എക്സി’ൽ കുറിച്ചു.

2024-25 സീസണിൽ സാവി ബാഴ്സലോണ പരിശീലക പദവിയിൽ ഉണ്ടാകില്ലെന്ന് വെള്ളിയാഴ്ച രാവിലെ ലാപോർട്ട അദ്ദേഹത്തെ അറിയിച്ചതായി സമൂഹ മാധ്യമങ്ങളിൽ ക്ലബ് വ്യക്തമാക്കി. സീസണിനൊടുവിൽ ബാഴ്സലോണ വിടാനുള്ള ആഗ്രഹം 44കാരനായ സാവി ഇക്കഴിഞ്ഞ ഏ​പ്രിലിൽ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ലാപോർട്ടയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനം മാറ്റി ക്ലബിൽ തുടരാമെന്ന് അറിയിക്കുകയും ചെയ്തു. 2025 ജൂൺ വരെ ബാഴ്സലോണക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് കൃത്യം ഒരു മാസത്തിനുശേഷമാണ് അപ്രതീക്ഷിതമായി നൂ കാമ്പിൽനിന്നുള്ള പുറത്താകൽ.

Tags:    
News Summary - Barcelona sign Hansi Flick and Laporta informs Xavi of his dismissal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.