ചരിത്രത്തിലേക്ക് പറന്നിറങ്ങി ദീപ

ന്യൂഡല്‍ഹി: ‘ഇനി എന്‍െറ എല്ലാ പരിശ്രമങ്ങളും ഒളിമ്പിക്സ് മെഡലിന് വേണ്ടി  മാത്രമായിരിക്കും. പണ്ടുമുതല്‍ക്കേ ഞാന്‍ കണ്ട ആ സ്വപ്നത്തിനുവേണ്ടി. അത് നേടുമെന്ന് എനിക്കുറപ്പുണ്ട്...’ അത് പറയുമ്പോള്‍ ദീപ കര്‍മകാറിന് നിറഞ്ഞ ആത്മവിശ്വാസം.
ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായി ജിംനാസ്റ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ശേഷം ബ്രസീലില്‍നിന്ന് സ്വന്തം നാട്ടിലത്തെിയ ദീപ കര്‍മകാര്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുമ്പോള്‍ തന്നോടൊപ്പം വളര്‍ന്ന മോഹം മറച്ചുവെക്കുന്നില്ല.
‘ആദ്യമായി ജിംനാസ്റ്റിക്സ് പരിശീലിക്കുമ്പോഴേ മനസ്സില്‍ കുറിച്ചതാണ് ഒരുനാള്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിറങ്ങണമെന്ന്. ഇന്ത്യക്കായി ഒരു മെഡല്‍ നേടണമെന്ന്. ആ സ്വപ്നത്തിന്‍െറ ആദ്യപടി കടന്നു. ഇനി കഠിന പരിശീലനത്തിന്‍െറ നാളുകളായിരിക്കും. രാജ്യത്തിനായി ഞാനത് നേടുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ആ ചരിത്രമുഹൂര്‍ത്തം. അതാണെന്‍െറ ലക്ഷ്യം’ - 22കാരി ദീപ ആത്മവിശ്വാസത്തിന്‍െറ പരകോടിയിലാണ്. അടുത്ത ഒളിമ്പിക്സ് നടക്കുന്ന ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തില്‍ 52.698 പോയന്‍റ് നേടിയാണ് ത്രിപുരക്കാരിയായ ദീപ ഒളിമ്പിക്സ് ടിക്കറ്റും ചരിത്രത്തില്‍ ഇടവും പിടിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഇതുവരെ 11 പുരുഷ താരങ്ങള്‍ മാത്രമാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. 1952ല്‍ രണ്ടുപേരും 56ല്‍ മൂന്നുപേരും 64ല്‍ ആറുപേരും. അതിനു ശേഷം ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ കുപ്പായമണിയാനുള്ള ഭാഗ്യം ഇപ്പോള്‍ ദീപ കര്‍മകാറിന് കൈവന്നിരിക്കുന്നു.
തന്‍െറ നേട്ടം ദീപ സമര്‍പ്പിക്കുന്നത് ആറാമത്തെ വയസ്സു മുതല്‍ പരിശീലിപ്പിച്ച ബിശ്വേശര്‍ നന്ദിക്കാണ്. ‘അദ്ദേഹമില്ലായിരുന്നുവെങ്കില്‍ എന്നെ ആരും അറിയുമായിരുന്നില്ല. ഞാനിവിടെ എത്തുമായിരുന്നില്ല’ - ദീപ പറയുന്നു. സായി നല്‍കുന്ന മികച്ച പരിശീലനത്തിനും ദീപ നന്ദി പറഞ്ഞു.
ദീപയുടെ മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് അഗര്‍ത്തല സ്വദേശിയായ ബിശ്വേശര്‍ പറയുന്നത്. പൂര്‍ണതക്കായി ദീപ നടത്തുന്ന പരിശ്രമങ്ങളാണ് അവളെ മികച്ച താരമാക്കുന്നതെന്നും ബിശ്വേശര്‍ കൂട്ടിച്ചേര്‍ത്തു. 36 മണിക്കൂര്‍ വിമാനയാത്രക്കു ശേഷമാണ് ദീപ റിയോയില്‍ നിന്ന് ഇന്ത്യയിലത്തെിയത്. ഇനി ഏതാനും ദിവസം വിശ്രമം. അതിനു ശേഷം കഠിന പരിശീലനം തുടരും -ദീപ നയം വ്യക്തമാക്കി. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവുകൂടിയാണ് ദീപ കര്‍മകാര്‍.

ഒളിമ്പിക്സ് യോഗ്യത നേടിയ ശേഷം തിരിച്ചത്തെിയ ജിംനാസ്റ്റിക്സ് താരം ദീപ കര്‍മകാറിന് ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.