എനിക്ക് പി.ടി ഉഷയാകണം- പി.യു ചിത്ര

പാലക്കാട് മുണ്ടൂരിനടുത്ത പാലക്കീഴ് ഗ്രാമത്തിന് ലോക അത്​ലറ്റിക് ഭൂപടത്തിൽ ചെറിയൊരു സ്ഥാനമുണ്ടിപ്പോൾ. ഇന്ത് യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരികളിലൊരാൾക്ക് ജന്മം നൽകിയ നാട്. പാലക്കീഴ് ഉണ്ണികൃഷ്ണൻ ചിത്രയെന്നാണ് പി .യു ചിത്രയുടെ പൂർണരൂപം. അതൊരു സ്ഥലനാമം മാത്രമല്ല വീട്ടുപേര് കൂടിയാണെന്ന് ചുരുക്കം. 15 വയസ്സു തികയും മുമ്പ് 10 മിനി റ്റിൽ താഴെ സമയത്തിന് 3000 മീറ്റര്‍ ഫിനിഷ് ചെയ്ത അസാധാരണ പെൺകുട്ടി പതിറ്റാണ്ടുകൊണ്ട് 1500 മീറ്റർ ഓട്ടത്തിലെ ഏഷ്യൻ ജ േത്രിയിലേക്ക് വളർന്നു. ലോക ചാമ്പ്യൻഷിപ്പിനും ഒളിമ്പിക്സിനും യോഗ്യത തേടിയുള്ള തയാറെടുപ്പുകളുമായി ബംഗളൂരുവില െ ഇന്ത്യൻ ക്യാമ്പിലുള്ള ചിത്ര ജീവിതട്രാക്കിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്നു.

1995 ജൂൺ ഒമ്പതിനാണ് മുണ്ടൂർ പാലക്കീഴ് ഉണ്ണികൃഷ്ണ​​​െൻറയും വസന്തകുമാരിയുടെയും നാലു മക്കളിൽ മൂന്നാമത്തെവളായി ഞാൻ ജനിക്കുന്നത്. സാധാരണ കൂ ലിപ്പണിക്കാരുടെ വീട്ടിലെപ്പോലെ ഇല്ലായ്മയും പട്ടിണിയും പരിവെട്ടവുമൊക്കെത്തന്നെയായിരുന്നു ഞങ്ങളുടെയും കൂട് ട്. വിശപ്പി​​​െൻറ കാഠിന്യം മക്കളറിയാതിരിക്കാൻ അച്ഛനുമമ്മയും പകലന്തിയോളം കഷ്​ടപ്പെടുന്നുണ്ടായിരുന്നു. രണ്ടു ചേച്ചിമാരുടെയും അമ്മമ്മച്ചിയെന്ന് വിളിക്കുന്ന അച്ഛമ്മയുടെയും ലാളനയിലാണ് ഞാൻ വളർന്നത്. വീടിന് മുറ്റത്തും തൊ ട്ടടുത്ത പാടത്തും ചേച്ചിമാർക്കും അനിയനും അയൽപക്കത്തെ കുട്ടികൾക്കൊപ്പം ഓടിക്കളിക്കുമ്പോൾ കാണാൻ കൊച്ചുകുഞ്ഞ ായ എ​​​െൻറ കാര്യത്തിൽ വലിയ ശ്രദ്ധകാണിച്ച അമ്മമ്മച്ചി തന്നെയായിരുന്നു ആദ്യത്തെ കോച്ചും കൂട്ടുകാരിയും.


നെച്ചിപ്പുള്ളി എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. രണ്ടാമത്തെ ചേച്ചി സന്ധ്യ എ​െന്നക്കാൾ മൂന്ന് ക്ലാസ് മുകളിലാണ് പഠിച്ച ിരുന്നത്. സ്വാഭാവികമായും അവൾക്കൊപ്പമായിരുന്നു പോക്കും വരവും. 20 കിലോ പോലുമില്ലാത്ത കുട്ടി അന്ന് സ്കൂളിലെ അത്​ല റ്റിക്സ് മത്സരങ്ങളിൽ ഓടിനോക്കുകപോലും ചെയ്തില്ല. അഞ്ചാംക്ലാസ് മുതൽ മുണ്ടൂർ എച്ച്.എസ്.എസിൽ നിങ്ങളറി‍യുന്ന പി.യ ു. ചിത്ര എന്ന അത്​ലറ്റിലേക്ക് എന്നെ തിരിച്ചുവിട്ട വിദ്യാലയം. ആറിൽ പഠിക്കുമ്പോൾ എ​​​െൻറ നേട്ടങ്ങൾക്ക് കാരണക്ക ാരനെന്ന് ഞാൻ വിശ്വസിക്കുന്ന ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ എൻ.എസ്. സിജി​​​െൻറ കണ്ണിൽപ്പെട്ടതോടെ, നന്നായി പഠിക്ക ണമെന്ന് വീട്ടുകാർ ആഗ്രഹിച്ചവളുടെ ജീവിതം ട്രാക്ക് മാറി. എട്ടാം ക്ലാസുകാരെയാണ് മത്സരങ്ങൾക്കും പരിശീലനത്തിനും സാറ് തെരഞ്ഞെടുക്കാറെങ്കിലും ഏഴാം ക്ലാസിൽ പഠിക്കു​േമ്പാഴേ ഞാൻ പൂർണമായും അതി​​​െൻറ ഭാഗമായിരുന്നു.

സ്പോർട്സ് ക്യാമ്പിൽ ചേർന്നതോടെ ദിനചര്യകളിലും മാറ്റം വന്നു. ആദ്യമൊക്കെ രാവിലെ ആറര കഴിഞ്ഞ് എണീറ്റിരുന്ന എന്നെ അമ്മമ്മച്ചി നേര​േത്ത വിളിച്ചുണർത്താൻ തുടങ്ങി. വീട്ടിൽനിന്ന് മൂന്നു കിലോമീറ്ററോളം അകലെയാണ് സ്കൂൾ. കിഴക്ക് വെള്ള കീറുമ്പോൾ പാടവും പറമ്പും റോഡും ഊടുവഴികളും താണ്ടി സ്കൂളിലേക്ക് നടക്കും. ആദ്യമൊക്കെ ആരെങ്കിലും കൂടെ വരുമായിരുന്നു. പിന്നെപ്പിന്നെ ഒറ്റക്കായി. ഓട്ടവും ചാട്ടവുമൊക്കെ ചെയ്യാനാണ് എന്നതിലപ്പുറത്ത് സ്പോർട്സിനെപ്പറ്റി വലിയ പിടിയൊന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരവുമുണ്ടായിരുന്നു പരിശീലനം. എല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ ഇരുട്ടുവീണു തുടങ്ങിയിട്ടുണ്ടാവും.


ഹൈസ്കൂളിലെത്തിയിട്ടും 26 കിലോ ആയിരുന്നു തൂക്കം. അത്​ലറ്റുകളുടെ ഭക്ഷണരീതിയെക്കുറിച്ചൊന്നും എനിക്കോ വീട്ടുകാർക്കോ വലിയ ധാരണയുണ്ടായിരുന്നില്ല. പഴങ്ങളും മുട്ടയുമുൾപ്പെടെ പോഷകാഹാരം കഴിക്കണമെന്ന് സ്കൂളിൽനിന്ന് പറയാറുണ്ട്. വീട്ടിൽ പശുവുള്ളതിനാൽ രാവിലെ ഒരു ഗ്ലാസ് പാൽ മുടങ്ങാതെ കിട്ടും. സ്കൂളിലെ ഉച്ചക്കഞ്ഞിയും പയറും തന്നെയായിരുന്നു പ്രധാന ആഹാരം. അത്​ലറ്റിക് മീറ്റുകളിൽ ട്രയാത്ത് ലൺ ആയിരുന്നു ആദ്യം. ഓട്ടവും ചാട്ടവുമായി മൂന്ന് ഇനങ്ങളുണ്ടാവും. സിജിൻ സാറ് പിന്നീടെന്നെ മധ്യദൂരത്തിലേക്കും ദീർഘദൂരത്തിലേക്കും മാറ്റി. എറണാകുളത്ത് നടന്ന സ്കൂൾ മീറ്റിൽ സബ് ജൂനിയർ വിഭാഗം 2000 മീറ്ററിൽ ലഭിച്ച വെങ്കല മെഡലാണ് സംസ്ഥാനതലത്തിലെ ആദ്യ സമ്മാനം.

2009ൽ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. തിരുവല്ലയിൽ നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗം 3000 മീറ്റർ ഫിനിഷ്ചെയ്ത ഞാൻ കിതച്ച് വീണത് ഏതോ സ്വപ്നലോകത്തേക്കാണ്. സംസ്ഥാന മീറ്റിൽ ഇതാദ്യമായി ഗോൾഡ് വന്നിരിക്കുന്നു. ആഹ്ലാദ​െത്തക്കാളേറെ എന്നിലുണ്ടാക്കിയത് അത്ഭുതം. ഈ കാണുന്ന പി.യു ചിത്രയിലേക്കുള്ള തുടക്കം. അതിൽപ്പിന്നെ 800ലും 1500ലും 3000ത്തിലും 5000 മീറ്ററിലുമൊക്കെയായി ഒരുപിടി ദേശീയ, സംസ്ഥാന മെഡലുകൾ കഴുത്തിലണിയാൻ ഭാഗ്യം ലഭിച്ചു; കുറെ റെക്കോഡുകളും. 2013ൽ മലേഷ്യയിൽ നടന്ന പ്രഥമ ഏഷ്യൻ സ്കൂൾ ട്രാക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് അഭിമാനാർഹമായ നേട്ടമുണ്ടാക്കിയ സംഘത്തിൽ അംഗമാവാൻ കഴിഞ്ഞു.

2013ൽ കൊച്ചിയിലായിരുന്നു അവസാന സ്കൂൾ മീറ്റ്. അഞ്ചാമത്തെ മീറ്റും കഴിഞ്ഞ് സ്കൂൾ ട്രാക്കിനോട് വിടപറയുമ്പോൾ സങ്കടത്തെ മായ്ച്ചുകളയുന്ന സന്തോഷമായിരുന്നു കൂട്ട്. 14 സ്വർണമടക്കം സ്കൂൾ മീറ്റിൽ ഏറ്റവുമധികം മെഡൽ നേടിയ താരമായി. അവസാന ദേശീയ സ്കൂൾ മീറ്റ് റാഞ്ചിയിലായിരുന്നു. ക്രോസ് കൺട്രിയിൽ ഉൾപ്പെടെ നാല് സ്വർണം. സാഫ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്, യൂത്ത് നാഷനൽസ്, ജൂനി‍യർ നാഷനൽസ് തുടങ്ങിയവയിലും സ്കൂൾകാലത്ത് സ്വർണ മെഡലുകൾ വന്നു. സ്കൂൾ മീറ്റ് കഴിയുന്നതോടെ പല കുട്ടികളും വിസ്മൃതിയാലാവാറുണ്ട്. അങ്ങനെ സംഭവിക്കരുതെന്നും ട്രാക്കിൽ തുടരണമെന്നും ആഗ്രഹമുണ്ടായിരുന്നു എനിക്ക്. എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വീട്ടുകാരും കോച്ചുമുള്ളപ്പോൾ ആശങ്ക തെല്ലുമുണ്ടായിരുന്നില്ല.


2015ൽ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കഴിഞ്ഞു. 2016ൽ ഗുവാഹതിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലും 2017ൽ ഭുവനേശ്വറിൽ ഏഷ്യൻ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 1500 മീറ്ററിൽ സ്വർണം. തുർക്​മെനിസ്താനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലും ലഭിച്ചു ഒന്നാം സ്ഥാനം. 2018 ആഗസ്​റ്റ്​ 30 ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്നാണ്. ഇന്തോനേഷ്യയിലെ ജകാർത്തയിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നു. 1500 മീറ്ററിൽ ഇന്ത്യയുടെ പ്രതീക്ഷഭാരം മുഴുവൻ ചുമലിലേന്തി ഞാൻ ഇറങ്ങി. 1500ൽ രണ്ട് ബഹ്റൈൻ താരങ്ങൾക്കുപിന്നിൽ മൂന്നാമതായി 4:12.56 മിനിറ്റിൽ ഫിനിഷ് ചെയ്യുമ്പോൾ ഗാലറിയിലും മനസ്സിലും ത്രിവർണ പതാക പാറുന്നുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം ഖത്തറിൽ നടന്ന ഏഷ്യൻ അത്​ലറ്റിക് ചാമ്പ്യൻഷിപ്പിലും രാജ്യത്തി​​​െൻറ പ്രതീക്ഷ കാത്ത് തുടർച്ചയായ രണ്ടാം സ്വർണം നേടാനായതിൽ വലിയ അഭിമാനമുണ്ട്.

2017ൽ ഭുവനേശ്വറിൽ ഏഷ്യൻ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനക്കാരിയായപ്പോൾ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ് ടീമിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പ​േക്ഷ, അതുണ്ടായില്ല. വലിയ വിഷമം തോന്നിയ സമയമാണത്. ഒരു അത്‌ലറ്റി​​​െൻറ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് ലോക ചാമ്പ്യന്‍ഷിപ് പോലെ വലിയ മീറ്റുകളില്‍ മത്സരിക്കുക എന്നത്. എ​​​െൻറ ഒരു അവസരം നഷ്​ടപ്പെട്ടു. അത് പിന്നെ വലിയ ചർച്ചകളും വിവാദങ്ങളുമൊക്കെയുണ്ടാക്കി. ഹൈകോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചിട്ടും അന്താരാഷ്​ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ കനിഞ്ഞില്ല. ഏഷ്യൻ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുശേഷം നടന്ന ഇൻറർ സ്​റ്റേറ്റ് മീറ്റിൽ രണ്ടാമതായതിനാലാവണം എന്നെ ലണ്ടനിലേക്ക് അയക്കാതിരുന്നതെന്ന് മനസ്സിനെ വിശ്വസിപ്പിച്ചാണ് ഞാൻ ആ സങ്കടം മറന്നത്. അന്ന് കൂടെനിന്നവരോട് ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്.


വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ദോഹയിൽ ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ് നടക്കാൻപോകുകയാണ്. അതിനുമുമ്പ് ജൂലൈയിൽ കൊൽക്കത്തയിൽ ഇൻറർ സ്​റ്റേറ്റ് ചാമ്പ്യൻഷിപ്പുണ്ട്. ലോക ചാമ്പ്യൻഷിപ്പിന് ക്വാളിഫൈ ചെയ്യാനുള്ള അവസാന അവസരമാണത്. ബംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിൽ കോച്ച് ജെ.എസ്. ഭാട്യക്കു കീഴിൽ കഠിന പരിശീലനത്തിലാണിപ്പോൾ. വ്യത്യസ്തമാണ് ഇന്ത്യൻ ക്യാമ്പിലെ സാഹചര്യങ്ങൾ. നന്നായി പെർഫോം ചെയ്യുക എന്നത് മാത്രമാണ് ഓരോരുത്തരുടെയും ലക്ഷ്യം. 24ാം വയസ്സിൽ 165 സ​​െൻറി മീറ്റർ ഉയരവും 41 കിലോ തൂക്കവും എന്നതാണ് അവസ്ഥ. ഉയരത്തിന് ആനുപാതികമായി ഭാരം ഇല്ല. അണ്ടർ വെയിറ്റ് ആയതിനാൽ നല്ലവണ്ണം ഭക്ഷണം കഴിക്കണമെന്ന ഉപദേശം ഇടക്കിടെ ഭാട്യ സാറിൽ നിന്നുണ്ടാവാറുണ്ട്.


അത്​ലറ്റി​​​െൻറ ജീവിതത്തിലെ ആത്യന്തിക ആഗ്രഹം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ; ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുക. 2020ലെ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സമയം ആരംഭിക്കാൻ പോകുകയാണ്. 1500 മീറ്ററിലെ യോഗ്യത മാർക്ക് 4.04 മിനിറ്റാണ്. എന്നെ സംബന്ധിച്ച് 1500ൽ ബെസ്​റ്റ്​ ടൈം കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ട്രയലിൽ ചെയ്ത 4.11 ആണ്. കഠിന പ്രയത്നവും ദൈവാനുഗ്രഹവുമുണ്ടെങ്കിൽ അത് നേടാൻ കഴിയുമെന്നുതന്നെയാണ് കരുതുന്നത്.


800 മീറ്റർ ചെയ്യുന്ന തമിഴ്നാട്ടുകാരി പ്രിയയാണ് ഇപ്പോൾ റൂം മേറ്റ്. ക്യാമ്പിൽ മലയാളം പറയാൻ ജിൻസൺ ജോൺസണും മുഹമ്മദ് അഫ്സലുമുണ്ട്. ടി.വി കാണുകയും പാട്ടു കേൾക്കുകയുമാണ് ഒഴിവുസമയ വിനോദം. കൂടുതൽ ഇഷ്​ടം മലയാള സിനിമ പാട്ടുകളോടാണ്. ബംഗളൂരു സായിയിൽ പരിശീലനം തുടങ്ങുന്നതിനു മുമ്പ് ഊട്ടിയിലായിരുന്നു ഇന്ത്യൻ ക്യാമ്പ്. ബംഗളൂരുവിലെത്തുമ്പോൾ ഞാൻ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിൽ അവസാന വർഷ ബി.എ ഹിസ്​റ്ററി വിദ്യാർഥി. 2017 മാർച്ചിൽ ബി.എ അവസാന വർഷ പരീക്ഷ എഴുതാൻ അവധി ചോദിച്ചെങ്കിലും ക്യാമ്പിനിടെ പോകാൻ അനുമതി കിട്ടിയില്ല. സിജിൻ സാർ പറഞ്ഞതുപ്രകാരം ക്യാമ്പു വിട്ട് നാട്ടിൽവന്ന് പരീക്ഷയെഴുതുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നിട്ടും സാറിനു കീഴിൽ മുണ്ടൂരിൽത്തന്നെയായിരുന്നു പരിശീലനം. ക്യാമ്പിൽ പോയപ്പോഴും അദ്ദേഹം ഫോണിലൂടെ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ സാറിനൊപ്പം പരിശീലനം തുടരാൻ പറ്റി. ഇടവേളക്കുശേഷം വീണ്ടും ഇന്ത്യൻ ക്യാമ്പിൽ കിട്ടി.

ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിൽ എം.എ ഹിസ്​റ്ററിയും ചെയ്യുന്നുണ്ട് ഞാൻ. പഠനം, ജോലി, സ്പോർട്സ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റെയിൽവേയിൽ സീനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. തൊട്ടടുത്ത ദിവസം ഭുവനേശ്വറിൽ ആരംഭിച്ച നാഷനൽ ഓപൺ അത്​ലറ്റിക് മീറ്റിൽ റെയിൽവേക്കുവേണ്ടി ഇറങ്ങി സ്വർണവും നേടി. കേരള സർക്കാറി​​​െൻറ ജോലി വേണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലെ അവസ്ഥ ഇപ്പോൾ കു​െറ മാറി. എനിക്കായി പണം ചെലവാക്കേണ്ട സ്ഥിതി ഇപ്പോഴില്ലെന്നതുതന്നെ വലിയ ആശ്വാസം. അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ വീട്ടിലാണ് ഞങ്ങൾ അന്തിയുറങ്ങുന്നത്.


ഒരു ദിവസം അമ്മ പണിക്കുപോയ വീട്ടിലെ ടി.വിയിൽ എ​​​െൻറ മുഖം കണ്ടത്രെ. 2009ലെ തിരുവല്ല സ്കൂൾ മീറ്റിൽ ആദ്യമായി സ്വർണം നേടിയപ്പോഴായിരുന്നു അത്. പൊട്ടിക്കരഞ്ഞ് ജോലി തീർത്ത് വീട്ടിലേക്ക് ഒരോട്ടമായിരുന്നു. പണി കഴിഞ്ഞുമടങ്ങവെ ബസ് സ്​റ്റോപ്പിൽെവച്ചാണ് അച്ഛൻ വിവരമറിയുന്നത്. അഭിനന്ദിക്കാനായി നാട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ കണ്ടത് സന്തോഷത്തി​​​െൻറ കൂട്ടക്കരച്ചിൽ. പണിക്കു പോയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാവുമെന്നതിനാൽ എ​​​െൻറ മത്സരങ്ങൾ നേരിൽക്കാണാൻ അച്ഛനുമമ്മക്കും കഴിയാറില്ല. മത്സരമുള്ള ദിവസം വീടിനടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കാൻ വിളിച്ചുപറയാറുണ്ട് ഞാൻ.

സ്പൈക്കില്ലാതെയാണ് സ്കൂൾ മീറ്റുകളിൽ ഓടിയത്. സാമ്പത്തികം തന്നെ കാരണം. എ​​​െൻറ ശരീരത്തിന് യോജിക്കുക ഭാരമില്ലാത്ത സ്പൈക്കായിരുന്നു. അതിനാവട്ടെ വലിയ തുക മുടക്കണം. വില കുറഞ്ഞവക്ക് ഭാരം കൂടുതലായിരുന്നു. അതിട്ട് ഓടുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായി. സ്പൈക്ക് അണിയാതെ കുഞ്ഞിക്കാലുകളുമായി ഓടിയെന്നൊക്കെ അന്ന് പത്രങ്ങൾ എഴുതിയിരുന്നു. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന വീട്ടുകാരും സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി എ​​​െൻറ മത്സരം കാണാൻ വരുകയും വേണ്ട നിർദേശങ്ങൾ തരുകയും ചെയ്യുന്ന സിജിൻ സാറുമാണ് ഏറ്റവും വലിയ കരുത്ത്. ആദ്യത്തെ സ്പൈക്കും അദ്ദേഹത്തി​​​െൻറ വകയായിരുന്നു.


ചേച്ചിമാരായ സൗമ്യയും സന്ധ്യയും വിവാഹിതരായി. അനിയൻ കൃഷ്ണകുമാർ ഇലക്ട്രീഷ്യനായി ജോലി നോക്കുന്നു. അലമാര നിറയെ മെഡലുകളും വീട്ടുമുറ്റത്ത് കിടക്കുന്ന രണ്ട് നാനോ കാറുകളും കഴിഞ്ഞ 10 വർഷത്തിനിടെ കിട്ടിയതാണ്. എല്ലാം ഒരുപോലെ വിലപിടിപ്പുള്ള സമ്മാനങ്ങളാണ് എനിക്ക്. കാർ ഓടിക്കാറില്ലെങ്കിലും വിൽക്കാത്തതും അതുകൊണ്ടുതന്നെ. സ്പോർട്സിലേക്ക് വരുന്ന കുട്ടികളോട് ചിലത് പറയാനുണ്ട്. നമ്മൾ നന്നായി പെർഫോം ചെയ്താൽ അംഗീകാരങ്ങൾ ഇങ്ങോട്ട് തേടി വരും. അല്ലാതെ കരിയർ തുടങ്ങുമ്പോൾത്തന്നെ ‘എനിക്കൊന്നും കിട്ടിയില്ല’ എന്നുപറഞ്ഞ് പരാതിയുമായി നടക്കരുത്. അവഗണിക്കപ്പെടുമ്പോഴും നിരാശരാവരുത്. മികച്ച പ്രകടനം നടത്തുന്നവരെ ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കേണ്ടിവരും.

സ്കൂൾ മീറ്റിൽ ആദ്യമായി സ്വർണം നേടുമ്പോൾ ഒന്നുമറിയാത്ത കുട്ടിയായിരുന്നു ഞാൻ. ഓടാൻ സാറ് പറഞ്ഞു. ഞാൻ ഓടി. അത്രമാത്രം. കിതപ്പ് മാറുംമുമ്പ് എന്നെ പൊതിഞ്ഞ മാധ്യമപ്രവർത്തകരിലൊരാൾ ആരെപ്പോലെയാവാനാണ് ആഗ്രഹമെന്ന് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. പി.ടി ഉഷ എന്നായിരുന്നു എ​​​െൻറ മറുപടി. ഞാനാദ്യമായി കേട്ടറിഞ്ഞ ഓട്ടക്കാരി. ആരാണ് പി.ടി ഉഷയെന്ന് ആരും ചോദിക്കാറില്ല. കാരണം ഇന്ത്യക്കാർക്ക് മുഴുവൻ അവരെ അറിയാം. കാലം പല പേരുകളും മായ്ച്ചുകളഞ്ഞെങ്കിലും ഉഷ ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. അതുപോലെ മറവിയുടെ പുറമ്പോക്കിലേക്ക് ഒരുനാളിലും എടുത്തെറിയപ്പെടാതെ എന്നെന്നും കായികപ്രേമികളുടെ ഉള്ളിൽ ട്രാക്ക് നിറഞ്ഞുനിൽക്കുന്നൊരു അത്​ലറ്റ് എന്ന സ്വപ്നത്തിന് പിന്നാലെ ഞാനും ഓട്ടം തുടരുകയാണ്.

Tags:    
News Summary - pu chithra about pt usha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.