????????? ???????? ?????? ????? ?????????????????? ?????? ?????????

മനസ്സുകള്‍ കീഴടക്കിയ ഡെറിക്

ജയിച്ചവരുടെ മാത്രം കഥയല്ല ഒളിമ്പിക്സ്. ഓരോ ലോകകായികമേളക്ക് കൊടിയിറങ്ങുമ്പോഴും പരാജയംകൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ഒരുപിടി താരങ്ങളുണ്ടാവും. അതിലൊരുവനാണ് ബ്രിട്ടീഷുകാരനായ ഡെറിക് റെഡ്മണ്ട്. ഇന്ന് 50 വയസ്സായി ഡെറികിന്. പക്ഷേ, 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ ഗാലറിയിലെ 65,000ത്തോളം കാണികളെ ഇരിപ്പിടം വിട്ടെഴുന്നേല്‍പിച്ച് ആദരവ് ഏറ്റുവാങ്ങിയ ഡെറിക് ഓരോ ഒളിമ്പിക്സ് എത്തുമ്പോഴും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍െറയും കളിക്കളത്തിലെ മാനുഷികതയുടെയും പ്രതീകമായി ഓര്‍മിക്കപ്പെടും.

1988 സോള്‍ ഒളിമ്പിക്സ് 400 മീറ്ററില്‍ ബ്രിട്ടന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ഡെറിക്. പക്ഷേ, മത്സരത്തിന് 10 മിനിറ്റ് മുമ്പ് മാത്രം അദ്ദേഹം പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി. നാലുവര്‍ഷം കഴിഞ്ഞ് ബാഴ്സലോണ ഒളിമ്പിക്സത്തെിയപ്പോള്‍ ഡെറിക് മിന്നുന്ന ഫോമിലായിരുന്നു. ഹീറ്റ്സിലും സെമിയിലും മികച്ച സമയം കുറിച്ചപ്പോള്‍, ഫൈനലില്‍ ബ്രിട്ടന്‍ മെഡലുറപ്പിച്ചു. വെടിമുഴങ്ങിയപ്പോള്‍ മികച്ച സ്റ്റാര്‍ട്ടിങ്. പക്ഷേ, 150 മീറ്റര്‍ കടന്നപ്പോഴേക്കും ഡെറിക് പേശീവേദനകൊണ്ട് വീണു. ഗാലറി നിശ്ശബ്ദമായി. ഏതാനും നിമിഷത്തിനു ശേഷം അവന്‍ തലയുയര്‍ത്തുമ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നേറി. ഡെറിക് ട്രാക്ക് വിടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

പക്ഷേ, വേദനയില്‍ പുളഞ്ഞ കാലുകളുമായി ഒറ്റക്കാലില്‍ മത്സരം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഒഫിഷ്യലുകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. കാമറകളെല്ലാം ഡെറികിലേക്കായി. ഗാലറിയും അവനൊപ്പം ചേര്‍ന്നു. ഇതിനിടെയാണ് സുരക്ഷാവേലി മറികടന്ന് ഒരാള്‍ ട്രാക്കിലേക്ക് ഓടിയത്തെുന്നത്. മകന്‍െറ സ്വര്‍ണനേട്ടത്തിന് സാക്ഷിയാവാനത്തെിയ അച്ഛന്‍ ജിം ഡെറിക്. തോളില്‍ കൈതാങ്ങി അദ്ദേഹം ചോദിച്ചു -‘നിനക്ക് ഓട്ടം പൂര്‍ത്തിയാക്കാനാവുമോ?’, അതെയെന്ന് മറുപടി. ചുമലില്‍ താങ്ങി ഇരുവരും ഒന്നിച്ചോടി. ഫിനിഷിങ് ലൈനിനോട് അടുക്കുമ്പോഴേക്കും ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് വെള്ളവര തൊട്ട ആ മകന്‍ കായികലോകത്തിന്‍െറ മനസ്സിലേക്ക് ഓടിക്കയറി.

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍െറ പ്രതീകമായ ആ അച്ഛനെയും മകനെയും ലോകം കൊണ്ടാടി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മുതല്‍ സ്പോര്‍ട്സ് നിര്‍മാതാക്കളുടെ വരെ ബ്രാന്‍ഡ് അംബാസഡറായി. 2012 ഒളിമ്പിക്സിന് ലണ്ടന്‍ വേദിയായപ്പോള്‍ ദീപശിഖയേന്താന്‍ ക്ഷണിച്ച് ആ അച്ഛനെയും ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.