വിപണിമൂല്യത്തിൽ റൊണാൾഡോയെ മറികടന്ന് ഗിൽ; ആദ്യ 50ൽ ഇടം പിടിക്കാനാവാതെ കോഹ്‌ലിയും രോഹിതും
ലണ്ടൻ: 2026ലെ ഏറ്റവും വിപണിമൂല്യമുള്ള 50 കായികതാരങ്ങളുടെ പട്ടിക പുറത്ത് വിട്ട് സ്പോർട്സ്പ്രോ. ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ മുന്നിൽ ഇന്ത്യൻ ഏകദിന - ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലാണ്. ഇന്ത്യൻ നായകൻ പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് 13-ാം സ്ഥാനത്താണ്. റൊണാൾഡോ പട്ടികയിൽ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി 27-ാം സ്ഥാനത്താണ്
പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ വനിതകളാണ്. ബെലാറസ് ടെന്നീസ് താരം ആര്യന സബലെങ്കയാണ് പട്ടികയിൽ ഒന്നാമത്. 2010ൽ പട്ടിക ആരംഭിച്ചതിന് ശേഷം ഒന്നാമതെത്തുന്ന നാലാമത്തെ വനിതയും മൂന്നാമത്തെ ടെന്നീസ് താരവുമാണ് സബലെങ്ക. രണ്ടാം സ്ഥാനത്ത് അമേരിക്കൻ വംശജയായ ചൈനീസ് ഫ്രീസ്റ്റൈൽ സ്കീയർ ഐലീൻ ഗുവാണ്. അതേസമയം, ഇത്തവണത്തെ പട്ടികയിൽ 16 വനിതകൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷമിത് 20 പേരായിരുന്നു.
ഗ്രീക്ക് ബാസ്കറ്റ്ബോൾ താരം യാനിസ് അന്ററ്റോകൂംപോയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് നാലാമതെത്തിയപ്പോൾ സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകരാസ് അഞ്ചാമനായി.
അതേസമയം, പട്ടികയിൽ ഗില്ലിന് പുറമെ നാല് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ് ആദ്യ 50ൽ ഇടം പിടിച്ചത്. ജെമിമ റോഡ്രിഗസ് (31), ഋഷഭ് പന്ത് (36), സ്മൃതി മന്ദാന (37), ജസ്പ്രീത് ബുംറയെ (39) എന്നിവരാണ് ഇടം നേടിയ ഇന്ത്യക്കാർ.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ് ധോണി എന്നിവർക്ക് ടോപ് 50ൽ ഇടം സാധിച്ചില്ല. 83-ാം സ്ഥാനത്തുള്ള ധോണിയാണ് ഇവരിൽ ഏറ്റവും മുന്നിലുള്ളത്. കോഹ്‌ലി 85-ാം സ്ഥാനത്തും രോഹിത് 90-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷം കോഹ്‌ലിയും രോഹിതും ആദ്യ 50ൽ ഇടം നേടിയിരുന്നു.
ബ്രാൻഡ് ഇക്വിറ്റി, മൊമെന്റം, കൊമേഴ്‌സ്യൽ ട്രജക്ടറി എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 27 മാർക്കറ്റബിലിറ്റി ഘടകങ്ങളും ഓരോ താരത്തിനും നൂറുകണക്കിന് ഡാറ്റ പോയിന്റുകളും 3,000ത്തിലധികം ബ്രാൻഡ് പങ്കാളിത്ത റെക്കോർഡുകളും പരിഗണിച്ചാണ് സ്കോർ നൽകിയത്. 70 കായിക ഇനങ്ങളിലായി 1,202 താരങ്ങളെ പരിഗണിച്ചതിൽ നിന്ന് 247 പേരെ വിശദമായി വിലയിരുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.