കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അടക്കം ഏഴ് ഫുട്ബാൾ ക്ലബുകൾക്ക് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ലൈസൻസ് നിരസിച്ചു. ക്ലബുകൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2026-27 ഐ.എസ്.എൽ സീസണിൽ കളിക്കാനുള്ള ലൈസൻസ് ഫുട്ബാൾ ഫെഡറേഷന്റെ ക്ലബ് ലൈസൻസ് കമ്മിറ്റി നിരസിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, സ്പോർട്ടിങ് ക്ലബ് ഡൽഹി, ഒഡിഷ എഫ്.സി, ചെന്നൈയിൻ എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിങ്, ഇന്റർ കാശി എന്നിവയാണ് ലൈസൻസ് നിരസിക്കപ്പെട്ട മറ്റു ക്ലബുകൾ.
മേയ് 17ന് നടന്ന ഫുട്ബാൾ ഫെഡറേഷൻ യോഗത്തിലാണ് തീരുമാനം. മുമ്പും ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾക്ക് ഫുട്ബാൾ ഫെഡറേഷന് ലൈസൻസ് നിരസിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ എഫ്.സി, മുംബൈ സിറ്റി എഫ്.സി, ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, പഞ്ചാബ് എഫ്.സി എന്നീ ക്ലബുകൾക്ക് ലൈസൻസ് അനുവദിച്ചു. ഓരോ സീസണിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാരം, പ്രഫഷനലിസം തുടങ്ങിയ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ചട്ടം. ലൈസൻസ് നിരസിക്കപ്പെട്ടവർക്ക് അപ്പീൽ നൽകി സാവകാശം നേടാൻ ചട്ടം അനുവദിക്കുന്നുണ്ട്. അപ്പീൽ അനുവദിച്ചാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾക്ക് കളിക്കാം.
ഐ.എസ്.എൽ സീസണിലെ അവസാന മത്സരത്തിൽ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. 13 മത്സരങ്ങളിൽ 17 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്. സ്പോൺസർമാരെ കിട്ടാത്ത സാഹചര്യത്തിൽ ഫെഡറേഷൻ നേരിട്ട് നാമമാത്രമായാണ് ഇത്തവണ ഐ.എസ്.എൽ നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ പല ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് അടക്കം ചില ക്ലബുകൾ പ്രവർത്തനം നിർത്താൻ ആലോചിക്കുന്നതിനിടെ ലൈസൻസ് കൂടി നിരസിച്ചത് ഇരട്ടപ്രഹരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.