ലണ്ടൻ: പതിനൊന്നാം വയസ്സിൽ ഇംഗ്ലണ്ടിന്റെ മുൻനിര ചെസ് താരങ്ങളിൽ ഒരാളായി മാറിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ അഭിനന്ദിച്ച് യു.കെ മുൻ പ്രധാനമന്ത്രി ഋഷി സുനക്. ചെസ് പ്രതിഭ ബോധന ശിവാനന്ദനെ അഭിനന്ദിച്ചാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ ബോധനയോടൊപ്പമുള്ള ചിത്രവും സുനക് പങ്കുവെച്ചു. അവളുടെ നേട്ടംതന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽവെച്ച് ഒരിക്കൽ തങ്ങളിരുവരും ചെസ് കളിച്ചിട്ടുണ്ടെന്നും സുനക് പറഞ്ഞു.
‘പതിനൊന്നാം വയസ്സിൽ ഇംഗ്ലണ്ടിലെ മുൻനിര വനിത ചെസ് കളിക്കാരിൽ ഒരാളായി മാറിയ ബോധന ശിവാനന്ദന് അഭിനന്ദനങ്ങൾ. ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ ഒരിക്കൽ ഞങ്ങൾ പരസ്പരം കളിച്ചിട്ടുണ്ട്. അവളുടെ വിജയം എന്നെ ഞെട്ടിച്ചില്ല’ -സുനക് തന്റെ പോസ്റ്റിൽ കുറിച്ചു.
2026ൽ മികച്ച തുടക്കത്തോടെ മുന്നേറുന്ന താരമാണ് ബോധന. ചെസ് റാങ്കിങ്ങിൽ അതിവേഗമായിരുന്നു ബോധനയുടെ മുന്നേറ്റം. അന്താരാഷ്ട്ര ടൂർണമെന്റുകളിലും ആഭ്യന്തര മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ബോധന മുൻനിരയിലെത്തി. ഇംഗ്ലീഷ് ചെസ് ഫെഡറേഷന്റെ റിപ്പോർട്ട് പ്രകാരം യു.കെ രാജ്യങ്ങളിലെ മുൻനിര വനിതാ കളിക്കാരേക്കാൾ ഉയർന്ന റേറ്റിങ്ങുള്ള താരമാണ് ബോധന. കൂടാതെ ലോകത്തിലെ മികച്ച 100 താരങ്ങളുടെ പട്ടികയിലും പതിനൊന്നുവയസ്സുകാരി ആദ്യമായി ഇടംപിടിച്ചിരുന്നു. നിലവിൽ 72-ാം സ്ഥാനത്താണ് അവർ. 2007ൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ബോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.