2036 ഒളിമ്പിക്സിന് ആതിഥേയരാകാന്‍ ഖത്തര്‍

ദോഹ: 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഖത്തര്‍ ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമര്‍പ്പിച്ചു. ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താന്‍ താല്‍പര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നല്‍കിയതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി)അറിയിച്ചു.

ഒളിമ്പിക്സ് മത്സര ഇനങ്ങള്‍ നടത്താന്‍ 95 ശതമാനം സൗകര്യങ്ങള്‍ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാന്‍ കൃത്യമായ പദ്ധതി തയാറാക്കിയതായും ക്യു.ഒ.സി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനി വ്യക്തമാക്കി. 2022 ലോകകപ്പ് ഫുട്ബാളും 2024 ഏഷ്യന്‍ കപ്പ് ഫുട്ബാളും

വിജയകരമായി നടത്തിയതിന്റെ ട്രാക്ക് റെക്കോര്‍ഡുമായാണ് ഖത്തര്‍ ഒളിമ്പിക്സിന് ആതിഥേരാകാന്‍ ശ്രമം നടത്തുന്നത്. ആഗോളകായിക രംഗത്ത് മുന്‍നിരയില്‍ ഖത്തറിനുള്ള സ്ഥാനമാണ് ഒളിമ്പിക്സ് ബിഡിലൂടെ അടയാളപ്പെടുത്തുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിൻ ജാസിം ആൽഥാനി

വ്യക്തമാക്കി. ഒളിമ്പിക്സിന് ആതിഥേയരാകുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമാവുകയാണ് ഖത്തറിന്റെ ലക്ഷ്യം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികള്‍ക്ക് സുരക്ഷിതമായ കായികാനുഭവം പകരാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി, ചിലി രാജ്യങ്ങളും 2036 ഒളിമ്പിക്സിന് ആതിഥേയരാകാന്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജര്‍മനി, ഡെന്മാര്‍ക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2030 ല്‍ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമയ ദോഹയാണ് വേദി. ഏഷ്യന്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ ഒളിമ്പിക്സിലേക്കുള്ള തയാറെടുപ്പാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം.

Tags:    
News Summary - Qatar to host 2036 Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.