മനില: ഒരുകാലത്ത് ഏഷ്യൻ ട്രാക്കുകളിൽ വേഗതയുടെ മിന്നൽപിണർ പായിച്ച ഫിലിപ്പീൻസ് അത്‍ലറ്റ് ലിഡിയ ഡി വേഗ അന്തരിച്ചു. ട്രാക്കിൽ പി.ടി. ഉഷയുടെ എതിരാളിയും കളത്തിനു പുറത്ത് അടുത്ത കൂട്ടുകാരിയുമായിരുന്നു ലിഡിയ. 1980കളിൽ ട്രാക്കുകളെ ആവേശം കൊള്ളിച്ച ഉഷ-ലിഡിയ പോരാട്ടം ഏഷ്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ എക്കാലത്തെയും വീറുറ്റ പോരാട്ടങ്ങളിലൊന്നാണ്.
57-ാം വയസിൽ അർബുദത്തോട് പൊരുതിയാണ് ലിഡിയ ജീവിതത്തിന്റെ ട്രാക്കിൽനിന്ന് വിടപറഞ്ഞത്. നാലു വർഷമായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു. ഉറ്റ സുഹൃത്തിന്റെ മരണത്തിൽ പി.ടി. ഉഷ അഗാധമായ ദുഃഖം പങ്കുവെച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ലിഡിയയുടെ നിര്യാണത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർകോസ് അനുശോചിച്ചു. മകൾ സ്റ്റെഫാനി ഡി കോയനിഗ്സ്‍വാർടർ ആണ് മരണവിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
1980കളിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ വനിതാതാരമായിരുന്നു ലിഡിയ. ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ നാലു സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യൻ ഗെയിംസിൽ ഒമ്പത് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി. 80 കളിൽ100, 200 മീറ്ററുകളിലാണ് ഉഷയും ലിഡിയയും നേർക്കുനേർ മത്സരിച്ചത്. 200 മീറ്ററിൽ ഉഷക്കു തന്നെയായിരുന്നു ആധിപത്യം. 100 മീറ്ററിൽ ഉഷക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ലിഡിയക്കു കഴിഞ്ഞു. 1982ൽ ഡൽഹി ഏഷ്യാഡിൽ 100 മീറ്ററിൽ ഉഷയെ തോൽപിച്ച് ലിഡിയ സ്വർണം നേടി. കായിക താരമാകുന്നതിനു മുമ്പ് സിനിമയിലും ഒരു കൈനോക്കിയിരുന്നു ലിഡിയ. ട്രാക്കിന്റെ പോർവീര്യങ്ങളിൽനിന്ന് പടിയിറങ്ങിയ ശേഷം പരിശീലകയുടെ കുപ്പായവും അണിഞ്ഞു.
കരിയറിൽ 15 സ്വർണ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് ലിഡിയ. കേവലം 17 വയസ്സുള്ളപ്പോഴാണ് അവർ ഫിലിപ്പീൻസിന്റെ വേഗറാണിയായി മാറിയത്. 1981ൽ മനിലയിൽ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്ററുകളിൽ ആണ് സ്വർണമണിഞ്ഞത്. ഒരു സിനിമ താരത്തെ പോലെ തോന്നിക്കുന്ന ഉയരം കൂടിയ പെൺകുട്ടി വളരെ പെട്ടെന്നാണ് കായിക പ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയത്.
1987ലെ ഏഷ്യൻ ഗെയിംസിൽ നൂറ് മീറ്ററിൽ ലിഡിയ കുറിച്ച റെക്കോർഡ് ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ല. അന്ന് 11.28 സെക്കൻഡ് കൊണ്ടാണ് അവർ ട്രാക്കിന്റെ ഫിനിഷിങ് ലൈൻ തൊട്ടത്. 1983ലെയും 1987ലെയും സൗത് ഈസ്റ്റ് ഏഷ്യൻ ഗെയിംസുകളിൽ 200 മീറ്ററിലും പിന്നീട് 1987,1991,1993 വർഷങ്ങളിൽ 100 മീറ്ററിലും ലിഡിയ ആയിരുന്നു ജേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.