മന്ത്രിക്കെതിരായ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റിനെതിരെ നടപടി

തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡൽ ജേതാക്കളെ കായികമന്ത്രി അപമാനിച്ചതായി ആരോപിച്ച്, സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റിനെതിരെ നടപടി. കേരള ഹാൻഡ്ബാൾ അസോസിയേഷൻ ഭാരവാഹി കൂടിയായ എസ്.എസ്. സുധീറിനെ പ്രസിഡന്‍റ് പദവിയിൽനിന്ന് രണ്ടുമാസത്തേക്ക് മാറ്റിനിർത്താനും സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്താനും കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവർ നിശ്ചയിക്കുന്ന കമ്മിറ്റിയാകണം അന്വേഷണം നടത്തേണ്ടത്. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ ഹാൻഡ്ബാൾ താരങ്ങൾ ഹരിയാനയുമായി ഒത്തുകളിച്ചെന്നും അതുവഴി വെള്ളി മെഡൽ സ്വന്തമാക്കിയെന്നുമായിരുന്നു കായികമന്ത്രി വി. അബ്ദുറഹ്മാന്‍റെ ആരോപണം. ഇതേതുടർന്നാണ് ഈ മാസം 17ന് സുധീറിന്‍റെ നേതൃത്വത്തിൽ ഗെയിംസിൽ പങ്കെടുത്ത ഒമ്പത് വനിത ബീച്ച് ഹാൻഡ്ബാൾ താരങ്ങൾ മെഡലുകളുമായി സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയതിലൂടെ കായികമന്ത്രിയുടെയും സർക്കാറിന്‍റെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു സുധീറിന്‍റെ ലക്ഷ്യമെന്നും ഷറഫലി വ്യാഴാഴ്ച കായികവകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പുറമെ ഹാൻഡ്ബാൾ അസോസിയേഷനുമായി ബന്ധപ്പെട്ടുള്ള നിരവധി പരാതികളും നിലവിലെ അച്ചടക്കനടപടിക്ക് കാരണമായിട്ടുണ്ട്. സുധീറിനെ മാറ്റിനിർത്തിയതോടെ പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്‍റിനായിരിക്കുമെന്ന് ഷറഫലി ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Protest against minister; Action against sports council district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.