പ്രൈം വോളിബാള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ബംഗളൂരു ടോര്‍പ്പിഡോസും തമ്മിലുള്ള മത്സരത്തില്‍നിന്ന്

പ്രൈം വോളിബാള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മൂന്നാം തോല്‍വി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ബംഗളൂരു ടോര്‍പിഡോസിനോടാണ് തോറ്റത്.

ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി പിണഞ്ഞത്. സ്‌കോര്‍: 15-13, 15-17, 9-15, 12-15. ബംഗളൂരു വിജയക്കുതിപ്പ് തുടര്‍ന്നു. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളാണ് കൊച്ചിക്ക് ഗുണമായത്. എന്നാല്‍ ബംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്.

നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു. ഇതിനിടെ തന്ത്രപരമായ റിവ്യൂവിലൂടെ കൊച്ചി കളി കൈവിടാതെ സൂക്ഷിച്ചു. എറിന്‍ വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ, ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്‌റണ്‍ കെറ്റുറാകിസ് പരിക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. കൊച്ചിയുടെ തളര്‍ച്ച മുതലാക്കി ടോര്‍പ്പിഡോസ് ആഞ്ഞടിച്ചു. പെന്റോസായിരുന്നു ആക്രമണകാരി. മറുവശത്ത് കൊച്ചി പിഴവുകള്‍ നിരന്തം വരുത്തി. ബംഗളൂരു ആക്രമണനിരയില്‍ സേതു കൂടി ചേര്‍ന്നതോടെ കളി ഏകപക്ഷീയമായി മാറുകയായിരുന്നു. അരവിന്ദിനെ കളത്തിലെത്തിച്ച് കൊച്ചി തിരിച്ചടിക്കാന്‍ ശ്രമിച്ചു.

പക്ഷേ, ആ ശ്രമങ്ങള്‍ക്കൊന്നും വലിയ ആയുസുണ്ടായില്ല. ബംഗളൂരു കൊച്ചി പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ജോയെല്‍ ബെഞ്ചമിന്റെ സ്‌പൈക്കില്‍ ബംഗളൂരു സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഞായറാഴ്ച രണ്ട് മത്സരങ്ങളാണ്. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. കഴിഞ്ഞ മൂന്ന് മത്സരത്തിലും കാലിക്കറ്റിന് തോല്‍വിയായിരുന്നു. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും ഏറ്റുമുട്ടും.

Tags:    
News Summary - Prime Volleyball League: Bengaluru Torpedoes defeat Kochi Blue Spikers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.