സെവാഗ് ഭാര്യ ആരതിക്കൊപ്പം

വിരേന്ദർ സെവാഗ് വിവാഹ മോചിതനാകുന്നു? ഭാര്യയുമായി അകന്നു കഴിയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ഓപണിങ് ബാറ്ററായ വിരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവതും വിവാഹ മോചിതരാകുന്നതായി റിപ്പോർട്ട്. ഇരുവരും മാസങ്ങളായി അകന്നു കഴിയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതോടെയാണ് രണ്ട് പതിറ്റാണ്ടുനീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി അഭ്യൂഹമുയർന്നത്. 2004ൽ വിവാഹിതരായ സെവാഗിനും ആരതിക്കും രണ്ട് ആൺ മക്കളാണുള്ളത്.

ഇരുവരും അകന്നു കഴിയുന്നുവെന്ന റിപ്പോട്ടുകൾക്കിടെ ഇക്കഴിഞ്ഞ ദീപാവലിക്ക് സെവാഗ് പോസ്റ്റ് ചെയ്ത ഫോട്ടോകളും ചർച്ചയായിരുന്നു. മക്കളോടൊപ്പവും മാതാവിനൊപ്പവുമുള്ള ചിത്രങ്ങളായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആരതിയേക്കുറിച്ച് പോസ്റ്റിൽ യാതൊന്നും പറയുന്നുമില്ല. രണ്ടാഴ്ച മുമ്പ് പാലക്കാട്ടെ വിശ്വനാഗയക്ഷി ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങളും സെവാഗ് പങ്കുവെച്ചിരുന്നു. അതിലും ആരതിയെക്കുറിച്ച് വിവരമൊന്നുമില്ല. ഇതോടെ വിവാഹമോചനമെന്ന അഭ്യൂഹം കൂടുതൽ ശക്തമായി. എന്നാൽ വിവാഹമോചന വാർത്തകളിൽ പ്രതികരിക്കാൻ സെവാഗോ ആരതിയോ ഇതുവരെ തയാറായിട്ടില്ല.

ഡൽഹിക്കാരിയായ ആരതി, ലേഡി ഇർവിൻ സെക്കൻഡറി സ്കൂളിലും മൈത്രേയി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെവാഗ് ദേശീയ ടീമിൽ സജീവമായതിനു പിന്നാലെ ഇരുവരും പ്രണയത്തിലായി. 2004ൽ വിവാഹിതരായി. സെവാഗ് സജീവ ക്രിക്കറ്റ് താരമായിരിക്കേ, വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആരതിയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ചിരുന്നു. 2015ലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. പിന്നീട് ദേശീയ ഉത്തേജക വിരുദ്ധ അപ്പീൽ പാനലിൽ ഉൾപ്പെടെ സജീവമായിരുന്നു. ഇതിനിടെ വ്യക്തിജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉയർന്നതായാണ് സൂചന.

ഇടക്കാലത്ത് ഇന്ത്യൻ ടീമിലെ അവിഭാജ്യ താരമായിരുന്നു വെടിക്കെട്ട് ബാറ്ററായിരുന്ന വിരേന്ദർ സെവാഗ്. ആദ്യ പന്ത് മുതൽ അക്രമണോത്സുക ബാറ്റിങ്ങുമായി കളം നിറയുന്ന താരത്തിന് ആരാധകരുമേറെയാണ്. ഇന്ത്യക്കായി 104 ടെസ്റ്റ്, 251 ഏകദിന, 19 ടി20 മത്സരങ്ങളിൽ പാഡണിഞ്ഞിട്ടുണ്ട്. ടെസ്റ്റിൽ 8586 റൺസും ഏകദിനത്തിൽ 8273 റൺസുമാണ് സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 38 സെഞ്ച്വറികൾ നേടി. ടെസ്റ്റിൽ 319ഉം ഏകദിനത്തിൽ 219ഉം ആണ് ഉയർന്ന സ്കോർ. സചിൻ തെൻഡുൽക്കറിന് ശേഷം ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ താരമാണ്. ഐ.പി.എല്ലിൽ പഞ്ചാബ്, ഡൽഹി ഫ്രാഞ്ചൈസികൾക്കായി 104 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

Tags:    
News Summary - Virender Sehwag, Aarti Ahlawat separate after 20 Years of marriage; sources say couple living apart; divorce soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.