ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ്-ലോക ചാമ്പ്യൻ നീരജ് ചോപ്രയുൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനൽ യോഗ്യത നേടി. വ്യാഴാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. നീരജിന് പുറമെ ഇന്ത്യൻ താരങ്ങളായ രോഹിത് യാദവ്, യഷ് വീർ സിങ് എന്നിവരും ഫൈനൽ പോരാട്ടത്തിൽ മാറ്റുരയ്ക്കും.
84 മീറ്റർ ദൂരമായിരുന്നു ഫൈനൽ യോഗ്യതയ്ക്കായി നിശ്ചയിച്ചിരുന്നതെങ്കിലും ഗ്ലാസ്‌ഗോയിലെ പ്രതികൂല കാലാവസ്ഥ കാരണം യോഗ്യതാ റൗണ്ടിൽ ഒരു താരത്തിനും ഈ ദൂരം കണ്ടെത്താൻ സാധിച്ചില്ല. 79.61 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. രോഹിത് യാദവ് (78.37 മീറ്റർ), യഷ് വീർ സിങ് (78.36 മീറ്റർ) എന്നിവരും തങ്ങളുടെ പ്രകടനത്തിലൂടെ ഫൈനൽ ബർത്ത് ഉറപ്പിച്ചു.
82.84 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കൻ താരം റുമേഷ് തരംഗ പതിരഗെ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയപ്പോൾ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് (81.29 മീറ്റർ) രണ്ടാമതെത്തി. പാകിസ്താന്റെ അർഷദ് നദീം 78.63 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനക്കാരായാണ് ഫൈനലിലെത്തിയത്.
ട്രാക്കിലും ഫീൽഡിലും മറ്റ് ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 400 മീറ്റർ പുരുഷ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസും യഷസ് പളക്ഷയും വെള്ളിയാഴ്ച ഫൈനൽ ട്രാക്കിലിറങ്ങും. 400 മീറ്ററിൽ വിശാൽ കെ.ടിയും, പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സെൽവ പ്രഭു, പ്രവീൺ ചിത്രവേൽ എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.