"ലോകം ഇങ്ങനെയാകണം'', സ്വർണം നേടിയ പാകിസ്താൻ താരത്തിനും അഭിനന്ദിച്ച നീരജ് ചോപ്രക്കും പ്രശംസയുമായി ആനന്ദ് മഹീന്ദ്ര

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ പാകിസ്താന് ആദ്യമായി സ്വർണം സമ്മാനിച്ച അർഷദ് നദീമിനും അദ്ദേഹത്തെ അഭിനന്ദിച്ച ഇന്ത്യൻ താരം നീരജ് ചോപ്രക്കും പ്രശംസയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

പുരുഷന്മാരുടെ ജാവലിൻ ത്രോയുടെ ഫൈനലിൽ നദീം 91.18 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഇൻസ്റ്റഗ്രാമിൽ തന്റെ പ്രകടനത്തിന്റെ വിഡിയോ നദീം പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് നീരജ് ചോപ്ര അഭിനന്ദന സന്ദേശം കുറിച്ചത്. ശത്രുരാജ്യങ്ങളി​ലെ കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദം സമൂഹ മാധ്യമങ്ങളിൽ ഏറെ പേരു​ടെ അഭിനന്ദനത്തിനിടയാക്കിയിരുന്നു.

''ദൈവ കൃപയാലും നിങ്ങളുടെ പ്രാർഥനകളാലും ഞാൻ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടുകയും 91.18 മീറ്റർ എന്ന പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു'' എന്നാണ് വിഡിയോക്കൊപ്പം നദീം കുറിച്ചത്. അതിന് താഴെ നീരജിന്റെ സന്ദേശം ഇങ്ങനെയായിരുന്നു, "അഭിനന്ദനങ്ങൾ അർഷദ് ഭായ്, സ്വർണ മെഡലിനും പുതിയ ഗെയിം റെക്കോർഡുമായി 90 മീറ്റർ കടന്നതിനും. ഭാവി മത്സരങ്ങൾക്ക് ആശംസകൾ".

ഇത് ശ്രദ്ധയിൽ​പ്പെട്ട ആനന്ദ് മഹീന്ദ്ര ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു. നദീമിനുള്ള നീരജ് ചോപ്രയുടെ സന്ദേശത്തിന്റെ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ട അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, "ലോകം ഇങ്ങനെയായിരിക്കണം... മത്സരശേഷിയും ശത്രുതയും തമ്മിലുള്ള വ്യത്യാസം തെളിയിച്ചതിന് ഇരുവർക്കും ഒരു സ്വർണ മെഡൽ''.

ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിന്മാറിയിരുന്നു.

Tags:    
News Summary - Neeraj Chopra congratulates Pakistan's Arshad Nadeem; Anand Mahindra reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.