കൊച്ചി: 28ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് വേദിയാവുമ്പോൾ ട്രാക്കിലും ഫീൽഡിലും തീ പാറിക്കാനെത്തുന്നത് ഒളിമ്പ്യൻമാരുൾപ്പെടെ 580 കായികതാരങ്ങൾ. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്റെ സംഘാടനത്തിൽ ചാമ്പ്യൻഷിപ് നടക്കുക. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നെത്തിയ അത്ലറ്റുകൾ അന്തിമഘട്ട പരിശീലനത്തിലാണ്. ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ തോര്‍, 400 മീറ്ററില്‍ അമോജ് ജേക്കബ്, മനു ടി.എസ്, മുഹമ്മദ് അനസ്, ജാവലിന്‍ ത്രോയില്‍ കിഷോര്‍കുമാര്‍ ജെന, സച്ചിന് യാദവ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി ജാബിര്‍, ലോങ്ജംപില്‍ ജെസ്വിന് ആല്ഡ്രിന്, ട്രിപ്ള്‍ ജംപില്‍ അബ്ദുല്ല അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍ തുടങ്ങിയ താരങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്.
120ലേറെ വരുന്ന ടെക്നിക്കല്‍ ഒഫിഷ്യല്‍സാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. മേയ് 27 മുതല്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള പ്രധാന യോഗ്യത മീറ്റ് കൂടിയായതിനാല്‍ മിക്ക താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 38 ഫൈനലുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ 6.10ന് പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടം മത്സരത്തോടെ ട്രാക്കുണരും. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന്റെ അതേ നിലവാരത്തിലാണ് മത്സരങ്ങള്‍ നടത്തുന്നതെന്ന് കെ.എസ്.എസ്.എ എക്സി. വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, എ.എഫ്.ഐ പ്രതിനിധി ഡോ. വി.പി. സക്കീര്‍ ഹുസൈന്, കോമ്പറ്റീഷന് ഡയറക്ടര്‍ ഹരിദാസ് ഉണ്ണികൃഷ്ണന് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.